'വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: രോഗം, പട്ടിണി, പ്രയാസങ്ങള്‍ അങ്ങനെ പലതും നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കും, നിങ്ങള്‍ ക്ഷമയുള്ളവരാണോ എന്നറിയാന്‍വേണ്ടി.

നിശ്ചയം, ക്ഷമയുടെ പ്രതിഫലം സ്വര്‍ഗംതന്നെയാണ്.

മനുഷ്യന്റെ ഉത്കൃഷ്ടമായ ഗുണമാണ് ക്ഷമ'.

ദൈവം തന്റെ ദാസന്‍മാരില്‍ എടുത്തുപറഞ്ഞ സ്വഭാവഗുണങ്ങളില്‍ ഒന്നാണത്. പ്രതിസന്ധികളും പ്രയാസങ്ങളും മനുഷ്യജീവിതത്തിലെ ദൈവിക പരീക്ഷണങ്ങളാണെന്ന ബോധ്യത്തില്‍നിന്ന് ഉണ്ടാവേണ്ടതാണ് ക്ഷമ. ക്ഷമ വിശ്വാസത്തിന്റെ പകുതിയാണെന്ന നബി (സ) വചനത്തിന്റെ പൊരുളതാണ്.

സാമൂഹികജീവിതത്തില്‍ പരസ്പരബന്ധങ്ങള്‍ ദൃഢമാക്കുന്നതില്‍ മനുഷ്യര്‍ക്കിടയിലെ ക്ഷമയെന്ന സ്വഭാവം അനിവാര്യമാണ്. ആ അനിവാര്യതയില്‍നിന്നാണ് സാമൂഹികനിര്‍മിതിയിലെ പുരോഗതിയും സമാധാനജീവിതവും സാധ്യമാകുന്നത്.

സമൂഹത്തിന്റെ ഉന്നതസ്ഥാനീയരായവരിലെ, പ്രത്യേകിച്ച് ഭരണാധികാരികളുടെ ക്ഷമയില്ലായ്മ വന്‍ദുരന്തത്തിലേക്കും ദൂരവ്യാപകമായ വന്‍ പ്രത്യാഘാതങ്ങളിലേക്കും നയിച്ചത് ലോകത്ത് ചരിത്രമാണ്. ശാസ്ത്രമുന്നേറ്റങ്ങളിലും വ്യക്തികളിലെ സര്‍ഗാത്മക തിളക്കത്തിനുപിന്നിലും ക്ഷമയോടെയുള്ള കിനാവും കാത്തിരിപ്പുമുണ്ട്. പുതിയകാലത്ത് കൗമാരക്കാരില്‍പ്പോലും ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്നത് ദുഃഖകരമാണ്.

പകയും വിദ്വേഷവും വര്‍ധിച്ച കാലമാണിത്. പകയും വിദ്വേഷവും വെറുപ്പും ഹൃദയത്തില്‍ സൂക്ഷിക്കുന്നവന്‍ വ്യക്തി എന്നനിലയില്‍ മാത്രമല്ല, കുടുംബത്തിലും സമൂഹത്തിലും ദുരന്തംമാത്രമേ സമ്മാനിക്കൂ. ക്ഷമയുള്ളവന്‍ കുടുംബത്തെയും സമൂഹത്തെയും നേര്‍വഴിയിലാക്കും. ക്ഷമയുടെ സുഗന്ധവും സ്‌നേഹബന്ധങ്ങളുടെ മധുരവുമാണ് സമൂഹത്തിന്റെ കെട്ടുറപ്പ്. ക്ഷമയും ആത്മസംയമനവും ഒരു കുറവായിട്ടാണ് ചിലരെങ്കിലും കരുതുന്നത്. യഥാര്‍ഥത്തില്‍ ക്ഷമ ശക്തരുടെ ആയുധമാണ്. ദുര്‍ബലര്‍ക്ക് ക്ഷമിക്കാന്‍ കഴിയില്ല.

ദുര്‍ബലനിമിഷത്തില്‍ ക്ഷമകൈവിട്ടവരുടെ ദുരന്തങ്ങള്‍ വലിയ സാമൂഹികപാഠമാണ്. നബി (സ) അരുളി: 'മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍; കോപംവരുമ്പോള്‍ അത് അടക്കിനിര്‍ത്തുന്നവനാണ്'. അല്ലാഹു ക്ഷമാശീലര്‍ക്കൊപ്പമാണെന്ന ഖുര്‍ആന്‍ വചനം നമ്മെ ഉണര്‍ത്തുന്ന ചിലതുണ്ട്. പക, വെറുപ്പ്, കോപം തുടങ്ങിയ വൈകാരികതകള്‍ക്കപ്പുറം ക്ഷമയെന്ന വൈചാരികതയ്‌ക്കൊപ്പമാണ് ദൈവമെന്ന പാഠമാണത്. ചരിത്രത്തിലെ ഉത്ഥാനപതനങ്ങളുടെ ചരിത്രം വിശദീകരിച്ചശേഷം ഖുര്‍ആന്‍ ഉണര്‍ത്തുന്നു, ചിന്തിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ പാഠമുണ്ട് എന്ന്. ചരിത്രത്തിലെ പാഠങ്ങളൊക്കെ പറയുന്നത് ക്ഷമയുടെ വിജയത്തിന്റെ കഥകളും അക്ഷമയുടെ പരാജയത്തിന്റെ കഥകളുമാണ്.