ആചാരാനുഷ്ഠാനങ്ങള്‍ക്കൊപ്പം ധാര്‍മികമൂല്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇസ്ലാം വിശ്വാസികളോട് കല്പിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പൂര്‍ണതയിലെത്താന്‍ അനിവാര്യമാണത്. ജഗംനിയന്താവ് മനുഷ്യനില്‍ ഉള്‍ച്ചേര്‍ത്ത ഒട്ടേറെ ഗുണ വിശേഷണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സഹനം. ഭൗതികവും ആത്മീയവുമായ ജീവിതത്തിന്റെ ഇരുപുറവും സഹനമുണ്ടാവുമ്പോഴാണ് മനുഷ്യജീവിതം അര്‍ഥപൂര്‍ണമാവുക. സഹനസംതൃപ്തി അല്ലാഹുവിങ്കല്‍ വലിയ പ്രതിഫലത്തിന് കാരണമാവും.

സഹനം സ്‌നേഹമാണ്. പ്രപഞ്ചനാഥനോടുള്ള സ്‌നേഹത്തില്‍നിന്നാണ് മനുഷ്യനില്‍ സഹനമെന്ന ഉന്നതഗുണമുണ്ടാകുന്നത്. യഥാര്‍ഥത്തില്‍ സഹനം സ്‌നേഹമെന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണ്. അവനവനില്‍ത്തന്നെ കേന്ദ്രീകരിക്കുന്ന വ്യക്തികള്‍ക്ക് അപരനുവേണ്ടി സഹിക്കാനോ ത്യജിക്കാനോ കഴിയണമെന്നില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ചിരിക്കാനും കരയാനും കഴിയണം.

'ഒരു കണ്ണീര്‍ കണം ഞാന്‍

മറ്റുള്ളവര്‍ക്കായി പൊഴിക്കവേ

ഉദിക്കയാണെന്‍ ആത്മാവിലായിരം

സൗരമണ്ഡലം'

അക്കിത്തത്തിന്റെ വരികള്‍ ഓര്‍മപ്പെടുത്തുന്നു.

പ്രവാചകന്മാരുടെ ഗുണസവിശേഷതകളില്‍ പ്രധാനമായും പരാമര്‍ശിക്കപ്പെട്ടത് ക്ഷമയും സഹനവും തന്നെയാണ്. നബി (സ) പ്രബോധനമാരംഭിച്ച കാലഘട്ടംമുതല്‍ മക്കം ഫത്ഹിന്റെ വിജയകാലംവരെ സഹനത്തിന്റെ തുല്യതയില്ലാത്ത ചരിത്രമാണ്.

ബഹിഷ്‌കരണത്തിന്റെയും പലായനത്തിന്റെയും കാലം. മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഹിജ്‌റ (പലായനം) ത്യാഗത്തിന്റെയും സഹനത്തിന്റെയും നബി (സ)യുടെ മാതൃകയാണ്. ഉമര്‍(റ)ന്റെ ഖിലാഫത്ത് കാലത്ത് വിവിധ പ്രദേശങ്ങളിലേക്ക് ഇസ്ലാം വ്യാപിച്ചപ്പോള്‍ ലോകമുസ്ലിങ്ങള്‍ക്ക് പൊതുവായി ഒരു കാലഗണനാസമ്പ്രദായം വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു.

തിരുനബി (സ)യുടെ ജനനം, പ്രവാചകത്വം, മരണം തുടങ്ങിയവമുതല്‍ വര്‍ഷം എണ്ണിത്തുടങ്ങാന്‍ പലവിധ നിര്‍ദേശങ്ങളുമുണ്ടായെങ്കിലും ഒടുവില്‍ ഹിജ്‌റ (നബി മക്കയില്‍നിന്ന് മദീനയിലേക്ക് പലായനംചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടര്‍ ആരംഭിക്കണമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഹിജ്‌റ കലണ്ടര്‍ എന്നര്‍ഥം. മാതാക്കളുടെ സഹനത്തിന്റെ ബാക്കിപത്രമാണ് ഓരോ മക്കളും. സഹനത്തിന്റെ പര്യായമായി മാതൃത്വത്തെ വിശേഷിപ്പിക്കാത്ത സാഹിത്യങ്ങളില്ല. അതുകൊണ്ടാണ് മനുഷ്യന്റെ എല്ലാവിധ അതിക്രമങ്ങളും പരിസ്ഥിതിവിരുദ്ധതയും ഏറ്റുവാങ്ങുന്ന ഭൂമിയെ അമ്മ എന്നു വിശേഷിപ്പിക്കുന്നത്. തിരു നബി (സ) അരുളി ഭൂമി നിങ്ങളുടെ ഉമ്മയാണെന്ന്. മലയാളത്തിലെ മധുരമായൊരു പാട്ടിലെ ഒരു വരി ഇങ്ങനെയാണ്

അമ്മേ സര്‍വം സഹേ..

ഞങ്ങള്‍ക്കനുഗ്രഹമരുളൂ നീ..

സഹനാനുഭവത്തിലൂടെ കൂടുതല്‍ കരുത്തരാവാന്‍ റംസാനിലൂടെ നമുക്ക് സാധ്യമാവട്ടെ.