മുഹമ്മദ് നബിയുടെ അനുയായിയായ അനസ് (റ) ഒരു ദിവസം പ്രവാചകനോട് പറഞ്ഞു ''നബിയേ, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു''. അപ്പോള്‍ നബി പറഞ്ഞു: ''എങ്കില്‍, താങ്കള്‍ രാവിലും പകലിലും ഒരു മനുഷ്യനോടും വെറുപ്പില്ലാത്തവനായി ജീവിക്കുക. അതാണ് എന്റെ രീതി''. ഹൃദയശുദ്ധീകരണത്തിന്റെ ശക്തമായ ഒരു സന്ദേശമാണ് മുകളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവം പകര്‍ന്നുനല്‍കുന്നത്. ഹൃദയങ്ങളുടെ സംസ്‌കരണത്തിന് അതിയായ പ്രാധാന്യംനല്‍കുന്ന ഈ റംസാന്‍മാസം ലക്ഷ്യംവെക്കുന്നതും അത്തരമൊരു സംസ്‌കരണമാണ്.

ഭക്ഷണപാനീയങ്ങളാല്‍ നിറഞ്ഞ വയറുകളില്‍നിന്നും മാലിന്യങ്ങളാല്‍ നിറഞ്ഞ മനസ്സുകളില്‍നിന്നും ഒഴിഞ്ഞ വയറിലേക്കും ഒഴിഞ്ഞ മനസ്സുകളിലേക്കും ഉള്ള പ്രയാണമാണ് റംസാന്‍. അന്നപാനീയങ്ങളില്‍നിന്നും വയറിനെ സ്വതന്ത്രമാക്കുന്നതോടുകൂടത്തന്നെ, നല്ലതല്ലാത്ത ചിന്തകളില്‍നിന്നുപോലും മനസ്സിനെ സ്വതന്ത്രമാക്കുമ്പോള്‍മാത്രമാണ് ഒരു വിശ്വാസി യഥാര്‍ഥ നോമ്പുകാരനാകുന്നത്. ഭക്ഷണവും വെള്ളവും വെടിഞ്ഞ്, തിന്മകളില്‍ വ്യാപൃതനായാല്‍ യഥാര്‍ഥ നോമ്പ് സുസാധ്യമാകുന്നില്ല എന്ന് സാരം. അതുകൊണ്ടുതന്നെയാണ് നോമ്പ് നഷ്ടമാകുന്ന കാര്യങ്ങളില്‍ കളവുപറയലിനെയും ഏഷണി, പരദൂഷണം തുടങ്ങിയ പ്രവൃത്തികളെയും നബിതിരുമേനി എണ്ണിയത്.

നോമ്പ് ഒരു ശാരീരിക പ്രക്രിയയെക്കാള്‍ ഒരു മാനസിക പ്രക്രിയയാണ്. ഇതിലൂന്നിയ ഒരു ആത്മസംസ്‌കരണത്തിന്റെ ആവശ്യകതയിലേക്കാണ് ഇസ്ലാം ഇടയ്ക്കിടെ വിരല്‍ച്ചൂണ്ടുന്നത്. ഒരു വ്യക്തി യഥാര്‍ഥ വിശ്വാസിയാകണമെങ്കില്‍ അവന്‍ മറ്റൊരാളെ തന്റെ കൈകള്‍കൊണ്ടും നാവുകൊണ്ടും ഉപദ്രവിക്കരുത് എന്നാണ് നബി പഠിപ്പിച്ചത്. ഇത് ഒരു സമര്‍പ്പണമാണ്. സ്വന്തം താത്പര്യങ്ങളെക്കാള്‍ മറ്റുള്ളവരുടെ സന്തോഷവും നന്മയും ആഗ്രഹിക്കുന്ന അത്യുന്നതമായ ഒരു മനോനില പ്രാപിക്കലാണ്. അത്തരക്കാര്‍ക്കുള്ളതാണ് സ്വര്‍ഗം എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

സ്വര്‍ഗാവകാശിയെന്ന് നബിതിരുമേനി വിശേഷിപ്പിച്ച ഒരു അനുചരന്റെ ജീവിതത്തില്‍ വളരെ പ്രകടമായതോ അസാധാരണമായതോ ആയ വ്യത്യാസങ്ങള്‍ ഒന്നും കാണാതായപ്പോള്‍, പ്രവാചകാനുയായികള്‍ ആ അനുചരനോടുതന്നെ കാര്യം തിരക്കി. അവര്‍ പറഞ്ഞു: ''ഞാന്‍ എന്റെ മനസ്സില്‍ ഒരാളോടുപോലും വെറുപ്പ് സൂക്ഷിക്കാറില്ല''. നിത്യവും ഉറങ്ങുന്നതിനുമുമ്പ് തന്റെ മനസ്സിനെ എല്ലാതരം വെറുപ്പുകളില്‍നിന്നും മോചിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. ആ ശൈലിയാണ് അദ്ദേഹത്തെ സ്വര്‍ഗസ്ഥനാക്കിയത്.

ഇങ്ങനെയുള്ള മാനസികഗുണങ്ങളെ പരിശീലിപ്പിച്ചെടുക്കാനുള്ളതാണ് നോമ്പുകാലം. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പ്രവൃത്തി മറ്റുള്ളവര്‍ക്ക് ഉപകാരംചെയ്യലും അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കലുമാണെന്ന ബോധ്യം നാം ഉള്‍ക്കൊള്ളുക. അപ്പോള്‍, നമുക്ക് നമ്മളെക്കാള്‍ വലിയ ഒരു ലോകത്തെ കാണാന്‍കഴിയും. അവിടെ വെറുപ്പില്ല, സ്‌നേഹംമാത്രം. പകയില്ല, പകരം കാരുണ്യംമാത്രം.