ലോകത്തിനാകമാനം ഒരു ജ്ഞാനാദ്ഭുതംതീര്‍ത്ത ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. നാഗരികതയും മാനവികതയും തുടങ്ങി ശാസ്ത്രവും ചരിത്രവും പരിസ്ഥിതിയുമെല്ലാം ഖുര്‍ആനിന്റെ പ്രതിപാദ്യ വിഷയങ്ങളാണ്. ഖുര്‍ആനില്‍ പലയിടങ്ങളിലായി അറിവ് നുകരുന്നതിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. മനുഷ്യനെ നിരന്തരം ചിന്തിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന ഖുര്‍ആനിലെ ആദ്യ വചനംതന്നെ 'വായിക്കുക' എന്നതായിരുന്നു. ആ ആഹ്വാനം തുടക്കമിട്ടത് സമാനതകളില്ലാത്ത ഒരു ജ്ഞാനവിപ്ലവത്തിനായിരുന്നു.

വായിക്കുക എന്ന കല്പനയില്‍ത്തുടങ്ങി 114 അധ്യായങ്ങളിലൂടെ, ഒട്ടേറെ സൂക്തങ്ങളിലായി അവതരിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം എന്ന ഖ്യാതികൂടിയുണ്ട് റംസാന്‍ മാസത്തിന്. അറിവ് നുകരുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ബന്ധ കര്‍മമായാണ് പരിഗണിക്കപ്പെടുന്നത്. കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം നല്‍കപ്പെടുന്ന ഈമാസം വിശ്വാസികള്‍ ആരാധനാ കര്‍മങ്ങളോടൊപ്പംതന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ് അറിവ് നേടലും. അത് അവന് സമ്മാനിക്കാന്‍ പോകുന്നത് അനന്യമായ അനുഗ്രഹങ്ങളാണ്. വല്ലവനും അറിവുനേടാന്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അതുമൂലം അവന് സ്വര്‍ഗത്തിലേക്കുള്ള പാത സരളമാക്കപ്പെടും എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തില്‍, റംസാനെ പഠിക്കാനും പഠിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഒരു സംസ്‌കൃതിയുടെ ചരിത്രമുണ്ട് നമുക്ക്. പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ അറിവിന്റെ സദസ്സുകള്‍ റംസാനില്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടാറുണ്ടായിരുന്നു. സൂര്യന്‍ ഉദിച്ചദിവസം, പുതുതായി ഒരറിവെങ്കിലും നേടിയില്ലെങ്കില്‍, ആ ദിവസം എനിക്ക് പുണ്യകരമല്ലാത്തത് പോലെയാണെന്ന് ആശങ്കപ്പെട്ട മുഹമ്മദ് നബിയാണ് മാതൃക. അറിവിന്റെ സദസ്സ് ആയിരം നമസ്‌കാരങ്ങളെക്കാള്‍ പുണ്യകരമാണെന്ന പ്രവാചകാധ്യാപനമാണ് ഊര്‍ജം പകരേണ്ടത്.

അറിവും സമ്പത്തും അധികാരവും നല്‍കപ്പെട്ടപ്പോള്‍, അതില്‍ അറിവിനെ തിരഞ്ഞെടുത്ത ദാവൂദ് നബിക്ക്, അറിവിലൂടെ സമ്പത്തും അധികാരവും നല്‍കപ്പെട്ടു എന്നതാണ് ചരിത്രം. അതിനാല്‍, ഈമാസം, ആരാധനാകര്‍മങ്ങളില്‍ കാണിക്കുന്ന താത്പര്യവും ആവേശവും അറിവ് നേടുന്നതിലും കാണിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.