ക്ഷമാശീലര്‍ക്ക് വലിയ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. ക്ഷമാശീലരേ, നിങ്ങള്‍ സന്തോഷിച്ചുകൊള്ളുവിന്‍ എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ''ഒരു ദുര്യോഗം നിങ്ങള്‍ക്ക് വന്നുചേര്‍ന്നാല്‍, പറയുവിന്‍, ഞങ്ങള്‍ അല്ലാഹുവിലേക്കാണ്, ഞങ്ങളുടെ മടക്കം അല്ലാഹുവിലേക്കാണ്. അത്തരം വിശ്വാസികളുടെ മേല്‍ അല്ലാഹുവിന്റെ പ്രശംസയും കാരുണ്യവുമുണ്ടാകും. അവര്‍ സന്മാര്‍ഗവഴിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമാണ്''.

മനസ്സ് മനുഷ്യന്റെ സ്വഭാവത്തെയും ജീവിത വ്യവസ്ഥയെയും എല്ലാം നിര്‍ണയിക്കുന്ന മുഖ്യഘടകമാണല്ലോ. ജീവിതത്തില്‍ പ്രയാസങ്ങള്‍ വരാത്ത മനുഷ്യരുണ്ടാകില്ല. ഒരുപാട് സമ്പത്തുണ്ടായിട്ടും മക്കളില്ലാതെ വിഷമിക്കുന്നവരെ അറിയാം. രോഗപീഡകള്‍ ബുദ്ധിമുട്ടിക്കുന്നവരെ അറിയാം. മക്കളാല്‍ പ്രയാസപ്പെടുന്നവരെ പരിചയമുണ്ട്. അവരുടെയെല്ലാം വലിയ ആശ, ആ പ്രതിസന്ധികളൊന്നു തീര്‍ന്നുകിട്ടാനാകും. ''നിങ്ങള്‍ ക്ഷമിക്കുവിന്‍. അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്'' എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

ഏത് പ്രതിസന്ധികള്‍ വരുമ്പോഴും ക്ഷമ മുറുകെപ്പിടിക്കുന്ന ജീവിതമാണ് വിശ്വാസിക്ക് വേണ്ടത്. ഇസ്ലാമിക നിര്‍വചന പ്രകാരം, അല്ലാഹു വിരോധിച്ചതിനെ വെടിയല്‍, നിര്‍ബന്ധമായ മതകര്‍മങ്ങള്‍ ചെയ്യല്‍, ദേഷ്യമടക്കല്‍, ദുരിതങ്ങള്‍ വരുമ്പോള്‍ പഴിക്കാതെ അല്ലാഹുവിനോട് പ്രാര്‍ഥിക്കല്‍ എന്നിവയെല്ലാം ക്ഷമയുടെ രീതിയാണ്. നബി (സ) പഠിപ്പിച്ചല്ലോ.' വിശ്വാസിയുടെ കാര്യം അദ്ഭുതം തന്നെ. എല്ലാ വിഷയങ്ങളെയും അവര്‍ കാണുക നന്മയുടെ ഭാവത്തിലാണ്. സന്തോഷകരമായ ഒരു കാര്യം വന്നാല്‍ അവര്‍ അല്ലാഹുവിനെ സ്തുതിക്കും. സങ്കടകരമായത് വന്നാലോ, അവര്‍ ക്ഷമിക്കും. ആ രണ്ടുഭാവവും അവര്‍ക്ക് ഗുണകരമായി ഭവിക്കും.

അല്ലാഹുവിന് വഴിപ്പെട്ടുകൊണ്ടുള്ള ക്ഷമ നമുക്ക് പ്രകടിപ്പിക്കാം. ഉദാഹരണം, നോമ്പ് ശാരീരികാഗ്രഹമായ ഭക്ഷണത്തെ നിരസിക്കലാണ്. അത് നിര്‍വഹിക്കുന്നതിലൂടെ ത്യാഗഭരിതമായി നാം അല്ലാഹുവിലേക്ക് അടുക്കാന്‍ യത്‌നിക്കുന്നു. എല്ലാ കര്‍മങ്ങളിലും നമ്മുടെ വിചാരം, അല്ലാഹുവിന്റെ തൃപ്തിയാകണം. ഉദ്ദേശ്യം നന്നാകണം. ജീവിതത്തിന്റെ എല്ലാ പാഥേയങ്ങളും വിശ്വാസിക്ക് ആരാധനയും കൂലി കൂട്ടാനുള്ള വഴിയുമാണ്. പക്ഷേ, നമ്മുടെ ഉദ്ദേശ്യവും ലക്ഷ്യവും നന്നാവണം.

അക്രമിയായ ഒരാളോട് വിട്ടുവീഴ്ചയില്‍ അധിഷ്ഠിതമായ സമീപനം വേണം. നമ്മളും അതേമാതിരി തിരിച്ചടിച്ചാല്‍ സംഘര്‍ഷം കൂടിയേക്കും. നാം മാപ്പ് കൊടുത്താലോ, ആ പ്രശ്‌നം അവിടെ പരിഹരിക്കപ്പെടുകയും അല്ലാഹുവിന്റെ തൃപ്തി നമ്മുടെ മേല്‍ വര്‍ഷിക്കുകയും ചെയ്‌തേക്കാം.

അല്ലാഹുവിന്റെ പരീക്ഷണം രോഗമായോ, മറ്റ് ആപത്തുകളായോ നമ്മുടെ മേല്‍ നിപതിച്ചാല്‍ അവിടെയും ക്ഷമമുറുകെപ്പിടിക്കുക. പ്രാര്‍ഥനകളില്‍ ധന്യരാവുക.

ലോകത്തെ മിക്ക പ്രശ്‌നങ്ങളുടെയും കാരണം ക്ഷമയില്ലായ്മയാണ്. ഒരുഭാഗത്ത് അരുതായ്മകള്‍ സംഭവിച്ചാല്‍ അതിന്റെ ഇരട്ടി പ്രഹരത്തില്‍ തിരിച്ചടിക്കാനുള്ള വെമ്പലുകളാണ്. ഒരുകൂട്ടര്‍ അല്പം താഴ്ന്നുകൊടുത്താല്‍ പരിഹാരമാകുന്നതേയുള്ളൂ. തല കുനിഞ്ഞാലും അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു നാം ചെറുതാവുന്നത് കൊണ്ട്, അതിന്റെ പര്യവസാനം ശുഭകരമാകും.