ആഗ്രഹങ്ങള്‍ വര്‍ധിക്കുന്നു. ചൂഷണങ്ങളും മോഷണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വോപരി പെരുകുകയാണ്. മനുഷ്യന്‍ വിദ്യാഭ്യാസപരമായി ഉയരുമ്പോഴും സംസ്‌കാരരഹിതമായ ശീലങ്ങളില്‍ കൂടുതല്‍ അഭിരമിക്കുന്നത് എന്തുകൊണ്ടാണ്? കൂടുതല്‍ പണം കിട്ടണം. മറ്റുള്ളവരെക്കാള്‍ വലുതാകണം. ഈ ചിന്തകള്‍ക്ക് ചികിത്സയുണ്ടെങ്കില്‍ വിഷയം പരിഹരിക്കാം.

മതങ്ങളും ആത്മീയദര്‍ശനങ്ങളും, മിതത്വവും ലാളിത്യവുമാണ് ഉപദേശിക്കുന്നത്. എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനും സൃഷ്ടികള്‍ക്ക് വേണ്ടത് അപ്പപ്പോള്‍ അനുവദിച്ചുനല്‍കുന്നവനുമായ സ്രഷ്ടാവിനെ അനുസരിക്കാനും അനീതി പ്രവര്‍ത്തിക്കാതെ അച്ചടക്കത്തോടെ ജീവിക്കാനും തയ്യാറുണ്ടെങ്കില്‍ മറ്റുള്ളവരുടെ സ്വത്തും അഭിമാനവും കളങ്കപ്പെടുത്താന്‍ ധൈര്യം വരില്ല. സ്വന്തത്തെയും മറ്റുള്ളവരെയും കുറിച്ച് ചിന്തിക്കാനും എല്ലാവരെയും ഒരുപോലെ കാണാനും സാധിക്കുന്നതിന് മനുഷ്യനെ പ്രാപ്തമാക്കുകയാണ് റംസാന്‍ ചെയ്യുന്നത്.

വിശപ്പും ദാഹവും എനിക്കുമാത്രമല്ല, അയല്‍ക്കാരനും എന്റെ മാനസികാവസ്ഥയിലാണ്. എല്ലാവര്‍ക്കും വേണ്ടത് ലഭ്യമാക്കണം. അതിനുവേണ്ടി യത്‌നിക്കണം. വ്രതവും സകാത്തും ദാനധര്‍മങ്ങളും മനസ്സിന്റെ ശുദ്ധീകരണത്തിനുള്ള ഏറ്റവുംനല്ല വഴിയാണ്. ആഗ്രഹങ്ങള്‍ കുറയ്ക്കുക. അത് തന്റെ സുഹൃത്തിനും കിട്ടുന്നുണ്ടോ എന്നുകൂടി അന്വേഷിക്കുക. അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുക.

മതാചാര തത്ത്വശാസ്ത്രങ്ങള്‍ നമ്മെ നയിക്കേണ്ടത്, നമ്മുടെ സൗഖ്യത്തിനോടൊപ്പം അപരന്റെയും ഗുണത്തിനാകണം. മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു; 'നിങ്ങളെക്കാള്‍ താഴ്ന്നവരിലേക്കു നോക്കൂ, നിങ്ങളെക്കാള്‍ -സമ്പത്തു കൊണ്ടോ സൃഷ്ടിപ്പു കൊണ്ടോ ഉന്നതനായവനിലേക്കല്ല'. അപ്പോള്‍ നമുക്ക് അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ വലുപ്പം ബോധ്യപ്പെടും. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനും നമുക്കുള്ളതില്‍നിന്ന് മറ്റുള്ളവന് പങ്കുവെക്കാനും റംസാന്‍ നിദാനമാകണം.

ഇസ്ലാമികവിശ്വാസത്തിലെ പ്രധാനപ്പെട്ട സങ്കല്പമാണ് ഖനാഅത്, അഥവാ അല്ലാഹു നമുക്ക് നല്‍കിയതില്‍ പൂര്‍ണതൃപ്തരാവുക. ആ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറയുക. അങ്ങനെയുള്ള വിശ്വാസികള്‍ക്ക് നിശ്ചയമായും അല്ലാഹുവിന്റെ തുണയുണ്ടാകും. പ്രയാസകരമായ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ വന്നേക്കാം. എളുപ്പവും ബുദ്ധിമുട്ടും കലര്‍ന്നതാണ് ജീവിതമെന്നു നബി (സ്വ) പഠിപ്പിക്കുന്നു. നമുക്ക് അല്ലാഹു സമൃദ്ധി തന്നാലും അതിനു ഹൃദയം തുറന്ന് നന്ദിപ്രകടിപ്പിക്കണം. അപ്പോഴേ വിശ്വാസം കാപട്യമുക്തമാകൂ.

കൂടുതല്‍ ധനമുള്ള ആളല്ല സമ്പന്നന്‍. മറിച്ച്, സമ്പന്നമായ ഹൃദയമുള്ളവനാണ്. സമ്പന്നമായ ഹൃദയം കൈവരാന്‍ വേണ്ടത് ഭക്തിയാലുള്ള ജീവിതമാണ്. ഈ ലോകത്തെ സമ്പത്തിന്റെ നൈമിഷികതയെപ്പറ്റിയുള്ള ബോധ്യമാണ്. പരമമായ സമ്പത്തും ഗുണവും ലഭിക്കുക, അല്ലാഹു ഇഷ്ടപ്പെട്ട പ്രകാരം മാത്രമായി നമ്മുടെ ജീവിതവ്യവഹാരം മാറുമ്പോഴാണ്. ധാരാളം സമ്പത്തുണ്ടാകുമ്പോഴും ഉദാരമായി പാവങ്ങളെ സഹായിക്കുന്നവരെ കണ്ടിട്ടില്ലേ. പലരും അദൃശ്യമായിട്ടാകും അതുചെയ്യുക. അങ്ങനെയാണ് ഉത്തമവും.