എത്ര സാക്ഷരരായിട്ടെന്താ, നിത്യവും വരുന്ന ദുര്‍ഗന്ധംവമിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ നാണംകെടുത്തുകയാണ്. ബന്ധങ്ങള്‍ക്കൊരു വിലയുമില്ലാതാവുന്നു. ലൈംഗികമായ അരാജകത്വം വേറെ. രക്തബന്ധങ്ങള്‍വരെ പൊട്ടിച്ചെറിയുകയാണ് മനുഷ്യര്‍. ഇത് ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവംമൂലമാണ് വരുന്നത്. ഭാഷയും ശാസ്ത്രവും മാത്രമാണ് വിദ്യ എന്നാണ് പലര്‍ക്കും ധാരണ. നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള വിവേകം വിദ്യാഭ്യാസത്തിലൂടെ ലഭിക്കണം. ആത്മാവിനെ പുഷ്ഠിപ്പെടുത്തി മാനസിക മോഹങ്ങളെ മാനുഷികമാക്കി തീര്‍ക്കുന്ന സംരംഭത്തെയാണ് വിദ്യാഭ്യാസമായി ഋഷി പ്രോക്തന്മാര്‍ കാണുന്നത്. വിദ്യാഭ്യാസത്തിലൂടെ സ്വഭാവസംസ്‌കരണം നേടണം. അല്ലെങ്കില്‍ എത്ര പഠിച്ചവനായാലും കാര്യമില്ല. കുറെ പഠിച്ചിട്ടും നല്ല സ്വഭാവവും മൂല്യബോധവും ഉണ്ടാവുന്നി?െല്ലങ്കില്‍ യഥാര്‍ഥ വിദ്യാഭ്യാസം ഇനിയും ലഭിച്ചിട്ടില്ലെന്ന് സിദ്ധം.

ഖുര്‍ആന്‍ ചോദിക്കുന്നു: 'ദേഹേച്ഛകള്‍ക്ക് ദൈവതുല്യമായ സ്ഥാനം കൊടുക്കുന്നവരെ നിങ്ങള്‍ കാണുന്നില്ലേ? അറിവുണ്ടായിരിക്കേ അവര്‍ വഴിതെറ്റിപ്പോയി. അവരുടെ കാതും ഖല്‍ബും മുദ്രവെക്കപ്പെട്ടിരിക്കുന്നു. കണ്ണിനു തിമിരം ബാധിച്ചിരിക്കുന്നു. ആരാണ് അവര്‍ക്ക് നേര്‍വഴി കാണിക്കുക? നിങ്ങള്‍ ചിന്തിക്കുന്നില്ലേ?' (47/16). വിശ്വാസിക്ക് വിദ്യാഭ്യാസം ആരാധനയാണ്. വിദ്യ തേടുന്നത് ദൈവ പ്രീതിക്ക് വേണ്ടിയാണ്. അതുവഴി തന്നിലെ മാനുഷിക ഭാവം സമ്പന്നമാക്കലാണ് ലക്ഷ്യം. ഇതിനുവേണ്ടിയാണ് സ്ത്രീക്കും പുരുഷനും നബി വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയത്. യുദ്ധ രംഗത്ത് പിടിക്കപ്പെട്ട ശത്രു വിദ്യാഭ്യാസമുള്ളവനാണെന്നറിഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് മാപ്പുനല്‍കുകയും സമൂഹത്തിന്റെ വിദ്യാഭ്യാസ ചുമതല അയാളെ ഏല്‍പ്പിക്കുകയും ചെയ്തു. 

വിവേകത്തിലേക്ക് നയിക്കുന്നില്ലെങ്കില്‍ ഒരു വിദ്യാഭ്യാസവും മനുഷ്യന് ഗുണംചെയ്യാന്‍ പോവുന്നില്ല. ഒരു ദൈവത്തെ തേടുക (7/22), മാതാപിതാക്കളോട് കരുണയുള്ളവരാവുക (17/24), ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കുക (17/29), പട്ടിണി പേടിച്ച് മക്കളെ കൊല്ലാതിരിക്കുക (17/31), വ്യഭിചാരം ഉപേക്ഷിക്കുക (17/32), ലഹരി ഉപേക്ഷിക്കുക (5/90), അന്യായമായ വധം ഉപേക്ഷിക്കുക (17/33), അനാഥകളെ സംരക്ഷിക്കുക (17/34), വാഗ്ദാനംപാലിക്കുക (17/34), ഇടപാടുകളില്‍ കൃത്യനിഷ്ഠ പാലിക്കുക (17/35), മറ്റുള്ളവരുടെ അവകാശങ്ങളുടെ കാര്യത്തിലോ വിശ്വാസത്തിലോ അക്രമപരമായി പ്രവര്‍ത്തിക്കാതിരിക്കുക (17/37). ഇങ്ങനെ സദാചാരപരമായ ജീവിതം അനുഷ്ഠിക്കാന്‍ ഖുര്‍ആനും ഇതര വേദങ്ങളും നിരന്തരം വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. ഇത് ആരും വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. വ്യത്യസ്ത ദേശക്കാരോട്, മതക്കാരോട്, ദുര്‍ബലരോട്, മര്‍ദിതരോട്, മര്‍ദകരോട് എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവരോട് എങ്ങനെയാണ് വര്‍ത്തിക്കേണ്ടതെന്നും വേദങ്ങള്‍ വിശദമാക്കുന്നു. എന്നാല്‍, പഠിപ്പിക്കേണ്ടവരും പഠിക്കുന്നവരും അതുള്‍ക്കൊള്ളുന്നില്ല എന്നതാണ് ഇന്നത്തെ വലിയ ദുരന്തം. ലൈംഗികമായ സദാചാരവും മതങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, നമ്മുടെ പാഠ്യപദ്ധതികളില്‍ ഇതൊന്നും ഇല്ല. വിദ്യാഭ്യാസത്തെ ശരിയാം വിധം പാകപ്പെടുത്തണം. മാനവികമായ അടിത്തറയില്‍ പണിയാത്ത ഇന്നത്തെ വിദ്യാഭ്യാസ രീതി വ്യക്തിക്കും സമൂഹത്തിനും ദോഷമേ ചെയ്യൂ. ഇന്നത്തെ കലാലയങ്ങള്‍ കലാപ കേന്ദ്രങ്ങളാവുന്നത് ഇതുകൊണ്ടാണ്. അതിനാല്‍ വിദ്യാഭ്യാസത്തെ നേരായ മാര്‍ഗത്തില്‍ നയിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.