കോവിഡ് കാലത്ത് സ്ഥിരമായി കേള്‍ക്കുന്ന പദമാണിത്. ഈ മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ സമൂഹത്തില്‍നിന്ന് മാറിനില്‍ക്കണമെന്നാണ് പറയുന്നത്. പക്ഷേ, മനുഷ്യന് അതിന് കഴിയുമോ? ശാരീരികാകലമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കുമറിയാം. മഹാമാരിക്കാലത്ത് നാം വീട്ടിലൊതുങ്ങണം; സമൂഹത്തിലേക്കിറങ്ങരുത്. ശരിയാണ്. പക്ഷേ, ഈ ഡിജിറ്റല്‍ യുഗത്തില്‍ സാമൂഹികമായി അകലംപാലിക്കേണ്ട കാര്യമുണ്ടോ? ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നമ്മുടെ മുമ്പിലുള്ളപ്പോള്‍ എന്തിന് നമ്മുടെ മനസ്സുകളെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തണം? നമ്മുടെ അച്ഛനമ്മമാരോട്, അധ്യാപകരോട്, കൂട്ടുകാരോട്, സഹോദരന്‍മാരോട് നമുക്ക് ശാരീരികമായി അകലം പാലിക്കാം. പക്ഷേ, മനസ്സുകളില്‍നിന്ന് മാറ്റിനിര്‍ത്താനാവുമോ? നമുക്ക് വ്യത്യസ്ത മാധ്യമങ്ങളിലൂടെ വാക്കിലൂടെയും എഴുത്തിലൂടെയും വീഡിയോയിലൂടെയും സമൂഹവുമായി സംവദിക്കാം. അക്കാര്യത്തില്‍ പിശുക്ക് വേണ്ടാ.

നമ്മുടെ കുട്ടികള്‍ അകലത്തുള്ള മുത്തച്ഛനെയും ഉപ്പയെയും കോണ്‍ഫറന്‍സിങ്ങിലൂടെ കാണട്ടെ. ആവോളം സംസാരിക്കട്ടെ. സ്‌നേഹിതന്മാരുമായി കുശലംപറയട്ടെ. സാമൂഹികബന്ധങ്ങളെ അങ്ങനെ പരസ്പരം ബോധ്യപ്പെടുത്തണം. ഓണ്‍ലൈന്‍ സഹവര്‍ത്തിത്വങ്ങള്‍ ശാരീരികാകലംപാലിച്ചുള്ള സാമൂഹികബന്ധങ്ങളെ നിലനിര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. സമൂഹത്തിനുമധ്യേയാണ് നാം ജീവിക്കുന്നതെന്നും സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമെന്നും സ്മരിച്ചുകൊണ്ടിരിക്കണം. സമൂഹത്തോടുള്ള കടമകള്‍ക്കും കടപ്പാടുകള്‍ക്കും വിഘ്നംവന്നുകൂടാ. സാമൂഹികമായി അകന്നാല്‍ നമ്മെ സ്വീകരിക്കാന്‍ സമൂഹമുണ്ടാവില്ല.

മനുഷ്യന്‍ എന്ന ജീവി മനുഷ്യനാവുന്നത് സമൂഹവുമായി അവന്‍ ചേരുമ്പോഴാണ്. ഈ സമൂഹത്തില്‍ അച്ഛനും അമ്മയും കുടുംബവും സ്‌നേഹിതരും അയല്‍വാസികളും മനുഷ്യകുലം ഒന്നടങ്കവും പെടും. മനുഷ്യരെ തമ്മില്‍ തിരിച്ചറിയാന്‍വേണ്ടിയാണ് അവരില്‍ വര്‍ഗവും വര്‍ണവും സൃഷ്ടിച്ചിരിക്കുന്നതെന്നും ഒരാള്‍ ഉത്തമനാവുന്നത് ഭക്തിയെ ആശ്രയിച്ചാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (49/13). ഭക്തി എന്നത് വ്യക്തിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. ശരീരംകൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുക എന്നതാണ് ഭക്തി (49/15). പോരാട്ടം എന്നാല്‍ യുദ്ധമല്ല; സമര്‍പ്പണമാണ്. ധര്‍മയുദ്ധവും അതില്‍ പെടുമെന്നുമാത്രം. വിശ്വാസങ്ങള്‍ ഭിന്നങ്ങളാണെങ്കിലും മനുഷ്യകുലത്തെ മുഴുവന്‍ ഒന്നായാണ് ഖുര്‍ആന്‍ കാണുന്നത് (4/1). നന്മയിലും ഭക്തിയിലും പരസ്പരം സഹകരിക്കുകയും തിന്മയിലും ശത്രുതയിലും നിസ്സഹകരിക്കാനും ഖുര്‍ആന്‍ ആഹ്വാനംചെയ്യുന്നു. നന്മകൊണ്ട് തീര്‍പ്പുകല്പിക്കുകയും തിന്മ വിരോധിക്കുകയുംചെയ്യുന്ന ഒരു ഉത്തമ സമുദായമാവണം മനുഷ്യന്‍ (5/2). പരസ്പരം ആശ്രയിക്കാതെ മനുഷ്യന് നിലനില്‍പ്പില്ല. അതാണ് സമൂഹത്തില്‍നിന്ന് അകലം പാലിക്കാന്‍ മനുഷ്യന് കഴിയില്ല എന്നുപറഞ്ഞത്.

മനുഷ്യന്‍ സാമൂഹികജീവിയാവുന്നില്ലെങ്കില്‍ അവന്‍ ഒന്നുകില്‍ ദൈവമാവണം, അല്ലെങ്കില്‍ മൃഗമാവണം എന്ന് സോക്രട്ടീസ് പറയുന്നു. മനുഷ്യന് ഒരിക്കലും ദൈവമാവാന്‍ കഴിയില്ല. പിന്നെ മൃഗംതന്നെ. സാമൂഹികജീവിയാവുക എന്നതാണ് മൃഗമെന്ന ജൈവികതയില്‍നിന്ന് മനുഷ്യനെ ഉത്കൃഷ്ടനാക്കുന്നത്.