ഒരിക്കല്‍ ത്യാഗപൂര്‍ണവും ക്ലേശഭരിതവുമായ ഒരു യുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന തന്റെ അനുചരന്മാരോട് (സ്വഹാബി) പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു: ''നിങ്ങള്‍ ഇപ്പോള്‍ ഒരു ചെറിയ യുദ്ധത്തില്‍നിന്ന് ഒരു വലിയ യുദ്ധത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്''. ഏറ്റവും പ്രയാസംനിറഞ്ഞ ഒരു വലിയ പോരാട്ടം കഴിഞ്ഞ് ക്ഷീണിതരായി ഇപ്പോള്‍ മടങ്ങിയെത്തിയതേയുള്ളൂ. ഇനി, അതിനെക്കാള്‍ വലിയ ഒരു യുദ്ധമോ? സ്വഹാബി അദ്ഭുതം പ്രകടിപ്പിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ) വിശദീകരിച്ചു: ''ഞാന്‍ പറഞ്ഞ വലിയ യുദ്ധം സ്വന്തം ശരീരേച്ഛകള്‍ക്കെതിരേയുള്ള പോരാട്ടമാണ്''.

വ്യക്തിതലത്തിലും സമൂഹതലത്തിലും മനുഷ്യന്റെ ജീവിതത്തെ പ്രശ്‌നജടിലവും കലുഷവുമാക്കുന്നത് അവന്റെ ദുര്‍വികാരങ്ങളും ദുഷ്ടചിന്തകളും പാപചോദനകളുമാണ്. ഇസ്ലാമിന്റെ വീക്ഷണത്തില്‍ ഏറ്റവും വലുതും ഏറ്റവും പ്രയാസകരവുമായ ധര്‍മസമരം മനുഷ്യന്റെ ഈ ദേഹേച്ഛകളോടാണ്. അവനവനോടുതന്നെയുള്ള ധര്‍മസമരം വിജയകരമായി നടത്തിയാലേ മനുഷ്യന് ഈ ലോകത്തും ശാശ്വതമായ പരലോകജീവിതത്തിലും വിജയം കൈവരിക്കാനാകൂ. ഈ സമരത്തിന് വിശ്വാസികളെ പ്രാപ്തരാക്കാനുള്ള ഒരു തീവ്രപരിശീലനമായാണ് വ്രതാനുഷ്ഠാനത്തെ അല്ലാഹു നിര്‍ബന്ധമാക്കിയത്.

അത് മുസ്ലിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടത് അവര്‍ 'തഖ്വ'യുള്ളവരാകാന്‍ വേണ്ടിയാണെന്ന് അല്ലാഹു പറയുന്നു (വിശുദ്ധ ഖുര്‍ ആന്‍ 2:183). നിയന്ത്രണമില്ലാത്ത ദേഹേച്ഛകളെയും ചോദനകളെയും നിയന്ത്രിച്ചൊതുക്കി, അങ്ങനെ മനസ്സിനെയും ആത്മാവിനെയും ജീവിതത്തെയും സംസ്‌കരിച്ച് ദൈവഭയത്തോടും ധര്‍മനിഷ്ഠയോടുംകൂടി ജീവിക്കുകയെന്നതാണ് തഖ്വ. ഈ തഖ്വ അഥവാ ആത്മസംസ്‌കരണവും നിയന്ത്രണവുമാണ് റംസാന്‍ നോമ്പിന്റെ ചൈതന്യവും ലക്ഷ്യവും സന്ദേശവും.

ഈ സന്ദേശം എല്ലാ മനുഷ്യര്‍ക്കും ആവശ്യമുള്ളതും സ്വീകാര്യവുമാണ്. ശാന്തവും പ്രശ്‌നകലുഷിതവുമായ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ വിശേഷിച്ചും.