ശാന്തവും സ്വസ്ഥവുമായ മനസ്സ്, സമാധാനപൂര്‍ണമായ ജീവിതം -ഇതാണ് എല്ലാ കാലത്തെയും എല്ലായിടത്തെയും എല്ലാമനുഷ്യരും ആഗ്രഹിക്കുന്നതും തേടുന്നതും. കലുഷവും അസ്വസ്ഥവുമായ ആധുനിക കാലഘട്ടത്തില്‍ പ്രത്യേകിച്ചും. മനുഷ്യന് ഭൗതികമായ എത്രവിഭവങ്ങളും സൗകര്യങ്ങളുമുണ്ടായാല്‍പ്പോലും ശാന്തിയും സ്വസ്ഥതയുമില്ലെങ്കില്‍ അവന്റെ ജീവിതം ദുരിതപൂര്‍ണമായിത്തീരും. മനഃശാന്തിയും സമാധാനവും ലഭിക്കാന്‍ മനുഷ്യര്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ലഹരിസേവ ഉള്‍പ്പെടെയുള്ള വൈകൃതങ്ങളെ ശാന്തിമാര്‍ഗങ്ങളായി അവതരിപ്പിക്കുന്ന ചില സംഘങ്ങളുമുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും മനുഷ്യന് അവന്‍ കൊതിക്കുന്ന മനഃശാന്തിയും സ്വസ്ഥതയും ലഭ്യമാകുന്നില്ല എന്നതാണ് സത്യം.

അപ്പോള്‍ സമാധാനലബ്ധിക്കുള്ള മാര്‍ഗമെന്താണ്? പ്രപഞ്ചനാഥനായ ദൈവംതന്നെ വിശുദ്ധ ഖുര്‍ആനിലൂടെ അതിങ്ങനെ അറിയിച്ചുതരുന്നു:

'... ശ്രദ്ധിക്കുക, അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടത്രേ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.' (13:28). 'നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. എങ്കില്‍ നിങ്ങള്‍ വിജയം പ്രാപിക്കും.' 'നിശ്ചയം, ദൈവസ്മരണയാണ് ഏറ്റവും മഹത്തായത്.' തുടങ്ങിയ ഖുര്‍ആന്‍ വചനങ്ങളും ശ്രദ്ധിക്കുക.

ഈ പറഞ്ഞ ദൈവചിന്തയുടെയും ദൈവസ്മരണയുടെയും തീവ്രപരിശീലന പരിപാടിയാണ് റംസാനിലെ വ്രതാനുഷ്ഠാനം. പ്രഭാതംമുതല്‍ പ്രദോഷംവരെയുള്ള ആഹാരനീഹാരാദി ശാരീരികാവശ്യങ്ങളുടെ പൂര്‍ണത്യാഗം, സത്കര്‍മങ്ങളും സത്ചിന്തകളും, ദുഷ്‌കര്‍മങ്ങളുടെയും ദുഷ്ചിന്തകളുടെയും വര്‍ജനം, ശക്തമായ ആത്മനിയന്ത്രണം, നിരന്തരമായ പ്രാര്‍ഥനകള്‍, ആരാധനകള്‍, ദാനധര്‍മങ്ങളടക്കമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍... ഇവയിലൂടെയെല്ലാം നോമ്പുകാരന്‍ ദൈവത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. ഈ ദൈവസാമീപ്യത്തിലൂടെ അവന് കൈവരുന്ന ആധ്യാത്മികാനുഭവവും അനുഭൂതിയും അവര്‍ണനീയമാണ്. അതിലൂടെ അവന് ലഭിക്കുന്ന മനഃശാന്തിയും സ്വസ്ഥതയും അവന്റെ ജീവിതത്തെ സമാധാനപൂര്‍ണവും സംഘര്‍ഷരഹിതവുമാക്കി മാറ്റുന്നു. അതിന്റെ സ്വാധീനവും സത്ഫലങ്ങളും റംസാന്‍ മാസത്തില്‍ മാത്രമല്ല, മറ്റു കാലങ്ങളിലും അവന്റെ ജീവിതത്തെ ദൈവാഭിമുഖവും ശാന്തസുന്ദരവുമായി നിലനിര്‍ത്തിക്കൊണ്ടിരിക്കും. എന്നാല്‍, ഒരു കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്: ദൈവചിന്താഭരിതവും സത്കര്‍മനിരതവും പാപവിമുക്തവുമായ നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമേ ഈ സൗഭാഗ്യം കരഗതമാകൂ.