അഭിമുഖീകരിക്കുന്നവരുടെയും സംബോധിതരുടെയും മനസ്സില്‍ സ്വാധീനമുണ്ടാക്കാനും അന്യരെപ്പോലും സഹൃദയരാക്കാനും സാധിക്കുന്ന ഘടകമാണ് പുഞ്ചിരി. ഭൂമിയില്‍ ചിരിക്കാന്‍ കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്‍. ഏതു പ്രക്ഷുബ്ധ സാഹചര്യത്തിലും മറ്റുള്ളവരുടെ മാനസികനിലയില്‍ മാറ്റമുണ്ടാക്കാന്‍ പുഞ്ചിരിയിലൂടെ മനുഷ്യന് സാധിക്കുന്നു.

നിന്റെ സഹോദരനോടുള്ള മന്ദഹാസം ധര്‍മമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. പുഞ്ചിരിയിലൂടെ സ്വശരീരത്തിനും സമൂഹത്തിനും നമുക്ക് ധര്‍മം ചെയ്യാനാകും. മറ്റുള്ളവരുടെ സ്‌നേഹം കൈയിലാക്കാനുള്ള പോംവഴി കൂടിയാണത്. ഒരു നന്മയും നിസ്സാരമായി കാണരുത്; നിന്റെ സഹോദരനെ മന്ദസ്മിതനായി അഭിമുഖീകരിക്കുന്നതുപോലും എന്നാണ് തിരുനബി (സ) പഠിപ്പിച്ചത്.

പരുഷരും കഠിനഹൃദയക്കാരുമായിരുന്ന അറബികള്‍ക്കിടയില്‍ തൂമന്ദഹാസത്തിലൂടെ വിപ്ലവങ്ങളുണ്ടാക്കാനും അവരെ നേരിന്റെ പാതയില്‍ വഴി നടത്താനും മുഹമ്മദ് നബി(സ)യ്ക്ക് സാധിച്ചു. ഏതു സാഹചര്യത്തെയും പ്രസന്നതയോടെ സമീപിക്കുക എന്നതായിരുന്നു നബിയുടെ ശൈലി. അത് അനുചരര്‍ക്ക് ആനന്ദദായകവുമായിരുന്നു. ജരീറുബ്നു അബ്ദില്ല പറയുന്നു: ''ഇസ്ലാം സ്വീകരിച്ചതിനു ശേഷം പ്രവാചകനെ കാണാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്കതിന് അനുവാദം ലഭിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ പ്രവാചകനെ ഞാന്‍ കണ്ടിട്ടില്ല''(മുസ്ലിം).

പ്രവാചകന്റെ സേവകനും സഹസഞ്ചാരിയുമായിരുന്ന അനസ്ബ്നു മാലിക് ഓര്‍ക്കുന്നു: ''ഞാനും തിരുനബിയും ഒരു വഴിയിലൂടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കട്ടിയുള്ളൊരു പുതപ്പ് നബി തോളിലിട്ടിട്ടുണ്ട്. പെട്ടെന്നൊരാള്‍ പിറകിലൂടെ വന്ന് ആ പുതപ്പ് ശക്തിയായി വലിച്ചു. നിരക്ഷരനായൊരു ഗ്രാമീണ അറബിയായിരുന്നു അയാള്‍. വലിയുടെ ആഘാതത്തില്‍ ശരീരത്തില്‍ പാടു വീണു. അയാള്‍ നബിയോടായി പരുഷഭാവത്തോടെ പറഞ്ഞു: 'മുഹമ്മദ്... അല്ലാഹു താങ്കളുടെ പക്കലേല്‍പ്പിച്ച സമ്പത്തില്‍നിന്നു കുറച്ച് എനിക്കു വേണം.' നബി ഒന്നും പ്രതികരിച്ചില്ല. ശരീരം വേദനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി പുഞ്ചിരിക്കുകയും തന്റെ കൈവശമുള്ളതില്‍നിന്ന് അയാള്‍ക്ക് കൊടുക്കുകയും ചെയ്തു.''

ദൈവം വരദാനമായി നല്‍കിയ പുഞ്ചിരിയില്‍പ്പോലും ലുബ്ധത കാണിക്കുന്നവരുണ്ട്. ഒന്നു ചിരിച്ചാല്‍ തന്റെ വ്യക്തിത്വവും ഗൗരവവും ഇല്ലാതായിപ്പോകുമോ എന്ന ആധിയാണ് ഇതിനു കാരണം. എന്നാല്‍, മനമറിഞ്ഞും അകംനിറഞ്ഞും ചിരിക്കണമെന്നും വിനയാന്വിതനായി ജീവിക്കണമെന്നുമാണ് ഇസ്ലാമിക പാഠം. ആത്മാര്‍ഥത ഒട്ടുമില്ലാതെ പുഞ്ചിരിയുടെ ബാഹ്യഭാവങ്ങള്‍ മുഖത്ത് കാണിക്കുന്നവരുമുണ്ട്. തങ്ങളുടെ സ്വാര്‍ഥതാത്പര്യങ്ങളുടെ പൂരണത്തിനുവേണ്ടി മാത്രം അതിനെ ഉപയോഗിക്കുന്നവരാണവര്‍. നിറപുഞ്ചിരിയുമായി നിന്നെ സമീപിക്കുന്നവരെല്ലാം യഥാര്‍ഥ സുഹൃത്തുക്കളാവണമെന്നില്ലെന്നും ആവശ്യഘട്ടത്തില്‍ നിന്നെ ചേര്‍ത്തുനിര്‍ത്തുന്നവര്‍ മാത്രമാണ് ആത്മമിത്രങ്ങളെന്നും അര്‍ഥംവരുന്ന അറബികാവ്യം പ്രസിദ്ധമാണ്.

സ്‌നേഹത്തിന്റെ ശരീരഭാഷയാണ് പുഞ്ചിരി. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്നതിനുമുള്ള ബലിഷ്ഠമായ പാശം കൂടിയാണത്. അതിരുകളില്ലാത്ത സ്‌നേഹപ്രകടനങ്ങള്‍ക്കും നിഷ്‌കളങ്കമായ സംവേദനങ്ങള്‍ക്കും വേണ്ടത് ഹൃദയം നിറഞ്ഞുള്ള മന്ദഹാസങ്ങളാണ്.