പട്ടിണിയാണ്, വിശക്കുന്നു, ദാഹിക്കുന്നു എന്നെല്ലാം പറഞ്ഞുവരുന്നവരുടെ പ്രയാസങ്ങള്‍ നമുക്കനുഭവപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ പ്രധാനകാരണം നമുക്കൊരിക്കലും വിശക്കാത്തതും ദാഹിക്കാത്തതുമാണ്. ജീവിതത്തിലെപ്പോഴെങ്കിലും വിശക്കാത്തവന് എങ്ങനെയാണ് വിശക്കുന്നവന്റെ പ്രയാസമറിയുക. പട്ടിണിയുടെ കാഠിന്യമറിയുക. അതിനാല്‍ നമുക്ക് വിശക്കണം, ദാഹിക്കണം. നമുക്ക് വിശക്കാനും ദാഹിക്കാനും പട്ടിണി കിടക്കാനുമിതാ ഒരു ആരാധന. അതാണ് റംസാനിലെ നോമ്പ്.

നരകത്തില്‍ ശിക്ഷയേറ്റ് കഴിയുന്നവരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഖുര്‍ആനില്‍. നിങ്ങളെന്തുകൊണ്ടാണ് നരകത്തിലെത്തിപ്പെട്ടത്? നരകവാസികള്‍ പറയും: ''ഞങ്ങള്‍ നമസ്‌കരിച്ചിരുന്നില്ല. പാവങ്ങള്‍ക്ക് ആഹാരം നല്‍കിയിരുന്നില്ല.''

ആരാധനയോടൊപ്പമാണ് അന്നദാനവും ഇസ്ലാം കാണുന്നത്. നമസ്‌കാരത്തെപ്പറ്റി പറയുന്ന ഒട്ടേറെ വചനങ്ങളില്‍ ഖുര്‍ആനില്‍ സക്കാത്തിനെക്കുറിച്ചും പറയുന്നുണ്ട്. പണക്കാരന്റെ സ്വത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള അവകാശമാണ് സക്കാത്ത് എന്ന നിര്‍ബന്ധദാനം. അത് പണക്കാരന്‍ പാവപ്പെട്ടവരോട് കാണിക്കുന്ന ഔദാര്യമല്ല. അതുകൊണ്ടാണ് സക്കാത്ത് നല്‍കാന്‍ വിസമ്മതിച്ചവരോട് ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദിഖ് യുദ്ധം പ്രഖ്യാപിച്ചത്. മനുഷ്യസമൂഹത്തില്‍ സാമ്പത്തികസ്ഥിതി നോക്കാതെ നിലനില്‍ക്കേണ്ട പരസ്പരബോധം വളര്‍ത്തുന്നതാണ് സക്കാത്ത് സംവിധാനം.

മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും പക്ഷികളോടും ഇതരജീവജാലങ്ങളോടും കരുണയോടെ പെരുമാറണമെന്നാണ് ഇസ്ലാമിന്റെ നിയമം. ദാഹിച്ചുവലഞ്ഞ പട്ടിക്ക് വെള്ളം നല്‍കിയ ഒരാള്‍ സ്വര്‍ഗാവകാശിയായെന്നും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട ഒരാള്‍ നരകാവകാശിയായിത്തീര്‍ന്നെന്നും നബി പറഞ്ഞതിന് വലിയ അര്‍ഥതലങ്ങളാണുള്ളത്. വിശന്നുകരയുന്ന ഒരു ഒട്ടകത്തെ കണ്ട നബി അതിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി ശാസിച്ചതും നമുക്ക് പാഠമാണ്.

ജീവജാലങ്ങളോട് മാത്രമല്ല പരിസ്ഥിതിയോടും വേണം നമുക്ക് കാരുണ്യം. വായുവും വെള്ളവും നമ്മുടെ ഭൂമിയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനാല്‍ ഈ പരിസ്ഥിതിയെ വിഷലിപ്തമാക്കാനോ സന്തുലിതാവസ്ഥ നശിപ്പിക്കാനോ പാടില്ലാത്തതാണ്. ഭൂമിയിലെ അദ്ഭുതകരമായ സംവിധാനത്തെക്കുറിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. മഴയും അരുവികളും സമുദ്രവും ചെടികളും മരങ്ങളും കൃഷികളും പഴങ്ങളും പച്ചക്കറികളും ഖുര്‍ആനിലെ പ്രതിപാദ്യവിഷയങ്ങളാണ്. മനുഷ്യജീവിതത്തില്‍ അവയ്ക്കുള്ള സ്ഥാനമാണതിലൂടെ നാം മനസ്സിലാക്കേണ്ടത്.

ഭൂമിയിലെ ആവാസവ്യവസ്ഥ അത്യദ്ഭുതകരമാണ്. നിസ്സാരമായ കൊതുകിനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞു. എട്ടുകാലി, ഈച്ച, കുതിര, ആന, ഒട്ടകം, ആട്, പശു, കഴുത, കാക്ക, മത്സ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം ഖുര്‍ആനിലുണ്ട്. ഉപമകളായും ഗുണപാഠങ്ങളായും ദൃഷ്ടാന്തങ്ങളായും ചരിത്രസംഭവങ്ങളിലെ വിഷയങ്ങളായും ഇവയെക്കുറിച്ച് പരാമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ ഇവരെല്ലാം ഭൂമിയുടെ അവകാശികളാണ്. അവയെയെല്ലാം നശിപ്പിക്കുമ്പോള്‍ ഭൂമിയില്‍ മനുഷ്യജീവിതംതന്നെ അസാധ്യമായിത്തീരും മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം വ്യാപകമായിട്ടുണ്ടെന്ന ഖുര്‍ആനിന്റെ പ്രസ്താവന നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.