ലഹരി, സമ്പത്തിനോടുള്ള ആര്‍ത്തി, വഴിവിട്ട ജീവിതം തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവര്‍ അവസാനം എത്തിച്ചേരുന്നത് വലിയ അപകടക്കെണികളിലാണ്. അങ്ങനെയുള്ളവര്‍ സ്വന്തക്കാരെയും അയല്‍വാസികളെയുംവരെ ക്രൂരമായി കൊലചെയ്യുന്ന ഒട്ടേറെ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞദിനങ്ങളില്‍ നാം സാക്ഷികളായത്.

മോശമായ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ചുറ്റും അശുഭകരമായ കാഴ്ചകളും സംഭവങ്ങളുമാണ് പലപ്പോഴുമുണ്ടാവുന്നത്. ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള അജ്ഞതയും ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ദുശ്ശീലങ്ങളുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. എല്ലാവിധ അധര്‍മങ്ങളെയും അതിജീവിക്കാനുള്ള മനക്കരുത്ത് പ്രദാനംചെയ്യുന്ന മാസമാണ് വിശുദ്ധ റംസാന്‍. തിന്മകള്‍ക്ക് നേരെയുള്ള പരിചയാണ് വ്രതം. പെട്ടെന്ന് കൊഴിഞ്ഞുപോകുന്ന പുണ്യദിനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ എത്രമാത്രം വിജയിക്കാന്‍ സാധിച്ചുവെന്ന ആത്മപരിശോധന വരുംദിനങ്ങളില്‍ കുറവുകള്‍ നികത്താന്‍ സഹായകമാകും.

റംസാനിന്റെ അതിഥിയാണ് വിശുദ്ധ ഖുര്‍ആന്‍. ഒരക്ഷരം അതില്‍നിന്ന് പാരായണം ചെയ്താല്‍ പത്ത് മടങ്ങ് പ്രതിഫലം ലഭിക്കുമെന്നാണ് പ്രവാചകാധ്യാപനം. കാറ്റടിക്കുന്ന വേഗത്തില്‍ നബിതിരുമേനി റംസാനില്‍ ദാനം ചെയ്തിരുന്നുവെന്ന അധ്യാപനം ഉള്‍ക്കൊണ്ട് സമ്പത്ത് ദാനം നല്‍കാന്‍ ഓരോരുത്തര്‍ക്കും സാധിച്ചുവോ എന്ന് വിശ്വാസികള്‍ സ്വയം വിലയിരുത്തണം. കേവലം പട്ടിണികിടക്കുന്നത് അല്ലാഹുവിന് ആവശ്യമില്ല. പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ്. ''ആരെങ്കിലും തന്റെ ചീത്ത പ്രവൃത്തിയോ സംസാരമോ ഉപേക്ഷിച്ചില്ലെങ്കില്‍ അയാള്‍ അയാളുടെ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താത്പര്യവുമില്ല''.