വിഖ്യാതനായ അറബി കവി ഇമാം ബൂസൂരിയുടെ ബുര്‍ദ എന്ന കാവ്യത്തില്‍ വിശ്വാസിയായ ഒരു മനുഷ്യന്‍ മുഖ്യമായി ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളെ പരാമര്‍ശിക്കുന്നു. ശരീരം ഉത്പാദിപ്പിക്കുന്ന മോശമായ ആഗ്രഹങ്ങളും പിശാചിന്റെ ബോധനങ്ങളുമാണ് അവ. അവ രണ്ടിനോടും പ്രതിരോധം നടത്തിവേണം വിശ്വാസികള്‍ നന്മയിലേക്കുള്ള വഴിയേ മുന്നേറാന്‍.

വിശുദ്ധ റംസാന്റെ പ്രധാനമായ ലക്ഷ്യവും മനുഷ്യനെ ശുദ്ധീകരിക്കുക എന്നതാണ്. ഖുര്‍ആനില്‍ അല്ലാഹു ഉണര്‍ത്തുന്നുണ്ട്; നിങ്ങള്‍ക്കു മാത്രമല്ല, കഴിഞ്ഞുപോയ സമൂഹങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ നിമിത്തം നിങ്ങള്‍ ഭക്തിയുള്ളവരും വിശുദ്ധരും ആവാന്‍വേണ്ടിയാണ് എന്നാണ്. ഈ ഭക്തി എന്നതിന്റെ വിവക്ഷ ഏറ്റവും മനോഹരമായി ദൈവിക വഴിയിലായി ജീവിക്കലാണ്. ഗോത്രപരമോ അധികാരപരമോ ആയ മഹത്ത്വമോ സ്ഥാനമോ അല്ല, ഒരാളുടെ പരമമായ വിജയത്തെ നിശ്ചയിക്കുന്നത്. പകരം അവരുടെ കളങ്കരഹിതമായ ജീവിതമാണ്.

മദീനയിലെ പള്ളിയില്‍ നബി (സ്വ)യും സ്വഹാബതും ഇരിക്കുന്നു. അന്നേരമതാ അപരിചിതനായ ഒരാള്‍ കടന്നുവരുന്നു. എന്നിട്ട് നബിയുടെ മുന്നില്‍ ഇരുന്ന് ചോദിച്ചു: ''എന്താണ് ഇസ്ലാം?''. അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിലും അവന്റെ ദൂതനായ മുഹമ്മദ് നബിയിലും വിശ്വസിക്കലാണ്. നിസ്‌കാരം നിലനിര്‍ത്തലും സക്കാത്ത് നല്‍കലുമാണ്. റംസാനില്‍ നോമ്പ് നോല്‍ക്കലും സാധ്യമായവന്‍ ഹജ്ജ് നിര്‍വഹിക്കലുമാണ്''. ആഗതന്‍ പറഞ്ഞു: ''താങ്കള്‍ പറഞ്ഞത് വാസ്തവമാണ്. ഇനി ഈമാനിനെക്കുറിച്ച് എനിക്ക് വിവരിച്ചുതരൂ.'' നബി പറഞ്ഞു: ''അല്ലാഹുവിലും അവന്റെ മാലാഖമാരിലും വിശുദ്ധഗ്രന്ഥങ്ങളിലും അന്ത്യനാളിലും വിശ്വസിക്കലാണ്. എല്ലാ നന്മയും തിന്മയും അല്ലാഹുവില്‍നിന്ന് വരുന്നതാണ് എന്ന വിശ്വാസമാണ്.'' ''അങ്ങ് പറഞ്ഞത് വാസ്തവമാണ്.'' -ആഗതന്‍ പ്രതിവചിച്ചു. ''ഇനി 'ഇഹ്സാനിനെ'ക്കുറിച്ച് വിവരിച്ചു തരൂ''. ''അല്ലാഹുവിനെ ആരാധിക്കുമ്പോള്‍ അവന്‍ നിന്നെ കാണുന്നുവെന്നപോലെ നിര്‍വഹിക്കുക, നീയവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.'' തുടര്‍ന്ന് ചില കാര്യങ്ങള്‍കൂടി ആരാഞ്ഞശേഷം ആഗതന്‍ തിരികെപ്പോയി. ആരാണാ വന്നത് എന്ന സന്ദേഹത്തില്‍ നില്‍ക്കുന്ന അനുചരരോട് നബി പറഞ്ഞു: ''ആ വന്നത് ജിബ്രീല്‍ മാലാഖയാണ്. നിങ്ങളെ മതം പഠിപ്പിക്കാന്‍ വന്നതാണ്.''

ഒരു വിശ്വാസിയുടെ എല്ലാ ചലനങ്ങളിലും സ്രഷ്ടാവായ അല്ലാഹു നമ്മെ നിരീക്ഷിക്കുന്നു എന്ന വിചാരം വേണം. ഇസ്ലാമിക വിശ്വാസത്തിന്റെ സ്വഭാവം മനുഷ്യജീവിതത്തിലെ എല്ലാം മതവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ കര്‍മങ്ങള്‍ക്കും നല്ലനിശ്ചയം വേണം. മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് നോമ്പെടുക്കുന്നത് എങ്കില്‍, അതിന് ദൈവികമായ മൂല്യംകിട്ടില്ല. എല്ലാ കര്‍മങ്ങളിലും ആധ്യാത്മികമായ ഒരു മാനം കണ്ടെത്താന്‍ കഴിയണം. അപ്പോള്‍ നമ്മുടെ ജീവിതംതന്നെ സഫലമാകും.

മനുഷ്യന്റെ സമ്പൂര്‍ണമായ വിമലീകരണം റംസാനിലൂടെ അല്ലാഹു ലക്ഷ്യംവെക്കുന്നു. മറ്റു മാസങ്ങളില്‍ നിര്‍വഹിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി പ്രതിഫലം, വിശിഷ്ടകാര്യങ്ങള്‍ ഈ മാസത്തില്‍ നിര്‍വഹിക്കുമ്പോള്‍ ലഭിക്കും.

ഇസ്ലാമില്‍ ആരാധനകള്‍ നിര്‍ബന്ധമായവ, ഐച്ഛികമായവ എന്നിങ്ങനെയുണ്ട്. അഞ്ചുനേരത്തെ നിസ്‌കാരങ്ങള്‍, റംസാനിലെ നോമ്പ് എന്നിവയെല്ലാം നിര്‍ബന്ധമുള്ള കാര്യങ്ങളാണ്. എന്നാല്‍, അവ നിര്‍വഹിക്കുന്നതോടൊപ്പം, ശ്രേഷ്ഠകരം എന്ന് പരാമര്‍ശിക്കപ്പെട്ട മറ്റുകര്‍മങ്ങളും ചെയ്താല്‍, അല്ലാഹുവിന്റെ അടുത്ത് ഏറ്റവും പരിഗണന ലഭിക്കുന്ന അവസ്ഥയിലേക്ക് വിശ്വാസിക്ക് മാറാന്‍കഴിയും.

റംസാന്‍ അതിനാല്‍, സാധാരണ കര്‍മങ്ങള്‍ക്കൊപ്പം ശ്രേഷ്ഠകരം എന്ന് വിവക്ഷിക്കപ്പെട്ട കാര്യങ്ങളും ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാകണം. സൂഫികള്‍ എന്ന് നാം വ്യവഹരിക്കുന്ന ഇസ്ലാമിക ആധ്യാത്മിക മഹത്തുക്കള്‍ എല്ലാം, ഇങ്ങനെ ധ്യാനാത്മകമായ, ദൈവിക സ്‌നേഹത്തില്‍ വിലയം പ്രാപിച്ച ജീവിതം നയിച്ചവരാണ്. അത്തരം ജീവിതത്തിന്റെ പരമമായ സൗന്ദര്യത്തെ കണ്ടെത്തുന്നതിനും അനുഭവിക്കാനുള്ള യത്‌നങ്ങള്‍ക്കും റംസാന്‍ തുടക്കമിടണം.

മൂന്നു കഷണം തുണിയില്‍ പൊതിഞ്ഞ ദേഹവുമായി ഖബറിലേക്കു പോകുമ്പോള്‍, നമ്മെ അദൃശ്യമായി അനുഗമിക്കാനുണ്ടാകുക ജീവിതകാലത്ത് ചെയ്ത നന്മകള്‍ ആയിരിക്കും. അതേറ്റവും ഭംഗിയായി റംസാന്‍ മാസത്തില്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ക്ക് പറ്റണം.

കോവിഡിന്റെ കെടുതി ഇപ്പോഴും തീര്‍ന്നിട്ടില്ല. അതില്‍നിന്ന് പൂര്‍ണമായും മോചിതമാകാന്‍ പ്രാര്‍ഥനകള്‍ വേണം. നമ്മെക്കൊണ്ട് ഒരാള്‍ക്കും ബുദ്ധിമുട്ടു വരരുത് എന്ന ബോധം വേണം. ഈ ലോകത്തെ ജീവിതം നമ്മുടെ നന്മകള്‍ അളക്കാനും ആരാധനകളുടെ സൂക്ഷ്മത അറിയാനും ദൈവം നല്‍കിയതാണ് എന്ന ബോധ്യം വിശ്വാസികളില്‍ സദാ സജീവമാകണം. അതിനെല്ലാം റംസാന്‍ നിമിത്തമാകട്ടെ.