ഹാമാരിയുടെ കാലത്താണ് ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ മുന്നിലേക്കെത്തുന്നത്. കോവിഡ് പ്രോട്ടോക്കോളുള്ളതിനാല്‍ പള്ളിയില്‍ ഒത്തുകൂടി പെരുന്നാള്‍ നമസ്‌കാരം നടത്താനാകില്ല. വീടുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്താനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.

 

കോവിഡ് വൈറസില്‍നിന്നുള്ള അതിജീവനത്തിന്റെ ഭാഗമായി നാമെല്ലാവരും ലോക്ഡൗണിലാണ്. ഈ മഹാമാരിയില്‍നിന്നുള്ള അതിജീവനത്തിന്റെ വഴിയില്‍ സര്‍ക്കാരിന്റേയും ആരോഗ്യപ്രവര്‍ത്തരുടേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍ അനിവാര്യമാണ്.

വിശുദ്ധ റംസാനിലെ ദിനരാത്രങ്ങളില്‍ വ്രതത്തിലൂടെയും തറാവീഹ് നമസ്‌കാരങ്ങളിലൂടെയും സക്കാത്തിലൂടെയും മറ്റും ആര്‍ജിച്ച ആത്മവിശുദ്ധിയുടെ സമാപനത്തിനു ചെറിയ പെരുന്നാളില്‍ പള്ളികളില്‍ ഒത്തുകൂടി നമസ്‌കരിക്കണമെന്നാണ് വിശ്വാസവും ആഗ്രഹവും. എന്നാല്‍ അള്ളാഹുവിന്റെ ഭവനങ്ങളായ പള്ളികളില്‍ അടച്ചിടല്‍ മൂലം ഇത്തവണ അതു സാധ്യമാകില്ല. അതുകൊണ്ടു വീടുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി അല്ലാഹുവിനു നമുക്കു സുജൂദ് (സാഷ്ടാംഗം) നിര്‍വഹിക്കാം

പെരുന്നാള്‍ ദിനത്തില്‍ സൂര്യോദയം മുതല്‍ ഉച്ചവരെയാണ് നമസ്‌കാര സമയം. എന്നാല്‍ അന്നത്തെ സൂര്യന്‍ ഉദിച്ച് ഏഴുമുഴം ഉയരുന്നതുവരെ കാത്തിരിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പെരുന്നാള്‍ നമസ്‌കാരം രണ്ടുരൂപത്തില്‍ നിര്‍വ്വഹിക്കാം. കുറഞ്ഞ രൂപവും പരിപൂര്‍ണ രൂപവും. നിയ്യത്തോടു കൂടി സാധാരണ നിര്‍വ്വഹിക്കുന്ന രൂപത്തില്‍ രണ്ട് റക്അത്ത് നിസ്‌കരിക്കാം. എന്നാല്‍ നിയ്യത്തോടുകൂടി 'ഈദുല്‍ ഫിത്വര്‍ സുന്നത്ത് നിസ്‌ക്കാരം രണ്ടു റക്അത്ത് അള്ളാഹു തആലാക്ക് വേണ്ടി ഖിബ്ലക്ക് തിരിഞ്ഞു ഞാന്‍ നമസ്‌കരിക്കുന്നു' എന്നാകുന്നു നിയ്യത്തിന്റെ പൂര്‍ണ്ണരൂപം. ഇമാമിന്റെ കൂടെ ജമാഅത്തായിട്ടാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ 'ഇമാമോടുകൂടി' എന്നു കരുതല്‍ അനിവാര്യമാണ്.

നിയ്യത്തോടൊപ്പം തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി നമസ്‌കാരത്തില്‍ പ്രവേശിക്കുക. ശേഷം പ്രാരംഭ പ്രാര്‍ഥനയായ വജ്ജഹ്തു ഓതുന്നത് സുന്നത്തുണ്ട്. അനന്തരം ഫാതിഹാക്കുമുമ്പ് ഒന്നാം റക്അത്തില്‍ ഏഴു പ്രാവശ്യവും രണ്ടാം റക്അത്തില്‍ അഞ്ചു പ്രാവശ്യവും തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. തക്ബീറുകള്‍ക്കിടയില്‍ 'സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലള്ളാഹു വള്ളാഹു അക്ബര്‍' എന്നു ചൊല്ലലും സുന്നത്താണ്. ഓരോ തക്ബീര്‍ ചൊല്ലുമ്പോഴും ഇമാമും മഅമൂമും ഉറക്കെപ്പറയലും രണ്ടുകൈകള്‍ ചുമലിനു നേരെ ഉയര്‍ത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ വെക്കലും സുന്നത്താകുന്നു. ശേഷം ഫാതിഹ ഓതുക. ഫാത്തിഹയ്ക്കുശേഷം ഒന്നാം റക്അത്തില്‍ 'ഖാഫ്' സൂറത്തും രണ്ടാം റക്അത്തില്‍ 'ഇഖ്തറബ'യും ഓതുക. ഇതറിയില്ലെങ്കില്‍ അറിയാവുന്ന സൂറത്തുകള്‍ ഓതുക. ശേഷം സാധാരണ നമസ്‌ക്കാരങ്ങളിലെ കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് സലാം വീട്ടുക. ഇതാകുന്നു പെരുന്നാള്‍ നമസ്‌കാരത്തിന്റെ പൂര്‍ണരൂപം.

നമസ്‌കാരശേഷം രണ്ട് ഖുതുബ ഓതല്‍ സുന്നത്തുണ്ട്. ഒന്നാം ഖുതുബ ഒമ്പതു തക്ബീറുകള്‍ കൊണ്ടു തുടങ്ങലും രണ്ടാം ഖുതുബ ഏഴ് തക്ബീറുകള്‍ കൊണ്ടു തുടങ്ങലും ഖുതുബയുടെ അനിവാര്യ ഘടകങ്ങളെ തക്ബീറുകള്‍ കൊണ്ടു പിരിക്കലും നല്ലതാണ്. പെരുന്നാള്‍ നമസ്‌ക്കാരം പുരുഷനും സ്ത്രീയ്ക്കും സുന്നത്തുണ്ട്.

തനിച്ചും ജമാഅത്തായും നിര്‍വ്വഹിക്കാവുന്നതാണ്. വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ ഗൃഹനാഥന്‍ ഇമാമും മറ്റുള്ളവര്‍ പിറകില്‍നിന്നും ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച് നമുക്കൊരു പുതിയ അധ്യായം രചിക്കാം.