വിശുദ്ധിയുടെയും വിജയത്തിന്റെയും സുവര്‍ണാവസരങ്ങളൊരുക്കിയ റംസാന്‍ വിടപറയുകയാണ്. ഒരു മാസക്കാലം വിശ്വാസികളുടെ ജീവിതം സമര്‍പ്പണത്തിനും ത്യാഗത്തിനുമുള്ള പരിശീലനക്കളരിയിലൂടെയാണ് കടന്നുപോയത്. കാരുണ്യത്തിന്റെയും സാഫല്യത്തിന്റെയും ദിനരാത്രങ്ങള്‍.

നൊമ്പരത്തിനുമീതെ നൊമ്പരം എന്ന പോലെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോവിഡ് നിയന്ത്രണങ്ങള്‍ സ്വതന്ത്രവും സുതാര്യവുമായ റംസാന്‍ ആചരണത്തിനു പരിധി വിധിച്ചു. ആബാലവൃദ്ധം വിശ്വാസികള്‍ പള്ളികളിലെത്തി നമസ്‌കാരങ്ങളും മറ്റും നിര്‍വഹിച്ച നല്ലകാല ചിത്രങ്ങള്‍ ഓര്‍മ്മകളാകല്ലേയെന്ന കണ്ഠമിടറിയുള്ള പ്രാര്‍ത്ഥനയോടെയാണ് ഈ റംസാന്‍ കാലത്തെ വിശ്വാസികള്‍ യാത്രയാക്കുന്നത്.

റംസാന്‍ കാലങ്ങളിലെ ബാങ്കൊലികള്‍ക്കു പ്രത്യേക മധുരവും മാസ്മരികതയും മനോഹാരിതയും ഉണ്ട്. അതുകൊണ്ടാണ് മറ്റു കാലങ്ങളെ അപേക്ഷിച്ച് ഏറെ വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്നത്.

സാഹചര്യങ്ങള്‍ മനസ്സിലാക്കി ഔചിത്യ ബോധത്തോടെ ജീവിക്കാനും വ്യവഹരിക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. റംസാന്‍ പകര്‍ന്ന വിശുദ്ധിയുടെ പരിപൂര്‍ണതയും തുടര്‍ച്ചയും ആവശ്യപ്പെടുന്ന ആഘോഷ സുദിനമാണ് പെരുന്നാള്‍. റംസാന്‍ വിശുദ്ധിയില്‍ സുകൃതങ്ങളുടെയും നന്മകളുടെയും വെള്ളി ത്തേരിലേറി പെരുന്നാളിന്റെ പൊന്‍പുലരിയിലെത്തുന്ന വിശ്വാസി മാനസം ആത്മനിര്‍വൃതിയുടെ അനുഭൂതിയാണ് ആസ്വദിക്കുന്നത്. പെരുന്നാള്‍ ആഘോഷം എന്നപോലെ സ്നേഹ കാരുണ്യത്തിന്റെ വിനിമയ, വിതരണ കാലവും കൂടിയാണ്. ആഘോഷത്തെ ആരാധനയും പുണ്യവും ആക്കി വിജയിക്കുവാന്‍ സാധിക്കുന്നു എന്നതാണ് പെരുന്നാളിന്റെ സവിശേഷത.

പുത്തന്‍ ഉടുപ്പിട്ടും സുഗന്ധം പൂശിയും വിശിഷ്ട ഭക്ഷണം കഴിച്ചും സന്തോഷിച്ചും ആശ്ലേഷിച്ചും ആശംസിച്ചും അനുഷ്ഠിക്കുന്ന ഒരു വിശേഷാല്‍ ആരാധന കൂടിയാണ് ഇസ്ലാമിലെ പെരുന്നാളാഘോഷം. പുറംപൊലിമ കുറഞ്ഞാലും പെരുന്നാളിനെ ആത്മീയ ഗുണങ്ങള്‍ പ്രധാനിക്കുന്ന കനകാവസരമാക്കി മാറ്റാന്‍ വിശ്വാസികള്‍ക്കു കഴിയണം. മറ്റുള്ളവരെയും കൂടി സന്തോഷിപ്പിക്കുന്നതിലാണ് സ്വന്തം സന്തോഷത്തിന്റെ പൂര്‍ണത എന്ന വിചാരം പെരുന്നാള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. ഫിത്വര്‍ സകാത്ത് എന്നു പറയുന്ന പെരുന്നാള്‍ ദാനം കേവലമായ അരി ദാനമല്ല. മറിച്ചു ജീവദാനവും സന്തോഷ, സ്നേഹ കൈമാറ്റവും കൂടിയാണ്. ഇല്ലാത്തവനെ ചേര്‍ത്തു പിടിക്കാനുള്ള വിശ്വാസി ബാധ്യതയെ ഉണര്‍ത്തുന്ന അനുഷ്ഠാനം.

പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉഷ്മളത അടയാളപ്പെടുത്തുന്ന സൗഹൃദ കൈമാറ്റത്തിനു കൊറോണക്കാല സൂക്ഷ്മത പരിധി നിശ്ചയിക്കുന്നുണ്ട്.

പക്ഷേ, പരസ്പര സ്നേഹത്തിന്റെയും സാന്ത്വന സഹകരണ വിചാരത്തിന്റെയും ആത്മ സാഫല്യത്തിന്റെയും മധുരവിചാരങ്ങള്‍ എല്ലാ നൊമ്പരങ്ങള്‍ക്കും മീതെ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തണല്‍ ഒരുക്കുന്നുണ്ട് എന്നതാണ് സത്യം. ഈ പെരുന്നാളിന്റെ വലിയ സന്ദേശവും അതു തന്നെയാണ്.