'വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവില്‍ ഭക്തിയുള്ളവരാവുക. സത്യം മാത്രം പറയുകയും ചെയ്യുക. എന്നാല്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുകയും പാപങ്ങള്‍ അല്ലാഹു പൊറുത്തുതരുകയും ചെയ്യും. അല്ലാഹുവിനും മുഹമ്മദ് നബിക്കും ആര് വഴിപ്പെടുന്നുവോ, അവര്‍ക്ക് ഉന്നതമായ വിജയം സുനിശ്ചിതമാണ്' സൂറതുല്‍ അഹ്സാബിലെ ഈ വാക്യം വിശ്വാസത്തിന്റെ പ്രധാനമായ രണ്ടു ആധാരശിലകളെ കാണിക്കുന്നു; ഭക്തിയും, സത്യസന്ധതയും.

ഒരാളുടെ വിശ്വാസ്യതയെ ഉറപ്പിക്കുന്നതില്‍ പ്രധാനമാണ്, സത്യം മാത്രം പറയുകയെന്നത്. നബി(സ)യുടെ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നുവല്ലോ, സത്യം മാത്രം പറയുന്നവരായിരുന്നുവെന്നത്. അല്‍ അമീന്‍, വിശ്വസ്തന്‍ എന്നായിരുന്നു ചെറുപ്പം മുതലേ മക്കയില്‍ മുഴുവന്‍ നബി അറിയപ്പെട്ടിരുന്നത്.

നബി ഒരിക്കല്‍ പറഞ്ഞു: ''സത്യം മാത്രം പറയുന്നവരാകണം നിങ്ങള്‍. സത്യം നീതിയിലേക്ക് എത്തിക്കും. നീതിയുക്തവും നന്മയും നിറഞ്ഞ ജീവിതം സ്വര്‍ഗത്തിലേക്കും എത്തിക്കും. കളവ് പറയല്‍ ധര്‍മനിഷേധമാണ്. അത് നരകത്തിലേക്ക് എത്തിക്കും.'' അബൂബക്കര്‍ സിദ്ധീഖ്(റ) പറഞ്ഞു: ''വിശ്വാസ്യതയുടെ അടയാളം സത്യംപറയലാണ്. വിശ്വാസ്യതയില്ലായ്മയുടേത് കളവുപറയലും.'' വിശുദ്ധ ഖുര്‍ആനില്‍ മുന്‍കാല പ്രവാചകരുടെ ഓരോരുത്തരുടെയും വിശേഷണം പറയുമ്പോഴും അവരെല്ലാം സാദിഖ് - സത്യസന്ധര്‍ ആയിരുന്നുവെന്നു വ്യക്തമാക്കുന്നുണ്ട്. ഭക്തിയുടെ പൂര്‍ണത ഒരാളില്‍ കൈവരുന്നത്, രഹസ്യത്തിലും പരസ്യത്തിലും എല്ലാം സത്യസന്ധതയെ മുറുകെപ്പിടിക്കുമ്പോഴാണ്.

സത്യസന്ധത വാക്കുകളില്‍ മാത്രം പോരാ. പ്രവര്‍ത്തനങ്ങളിലും വേണം. വിശ്വാസികള്‍ നിസ്‌കരിക്കുകയും വ്രതം എടുക്കുകയും ചെയ്യുന്നത്, സ്രഷ്ടാവ് കല്പിച്ചതു കൊണ്ടാണ്. നാഥന്റെ പ്രീതി കൈപ്പറ്റാനാണ്. എന്നാല്‍, ഒരാള്‍ ആ പ്രവര്‍ത്തനംകൊണ്ട് ഉദ്ദേശിച്ചത്, മറ്റൊരു മനുഷ്യന്റെ മുമ്പില്‍ താനൊരു മികച്ച ആരാധനാനിരതനാണ് എന്നു ബോധിപ്പിക്കാനാണ് എങ്കിലോ, കര്‍മഫലം വിപരീതമായി ഭവിച്ചേക്കും. മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളിലും സത്യമായ വാക്കുകളും പ്രവൃത്തികളും ജാഗ്രതയോടെ സൂക്ഷിക്കാന്‍ ശ്രദ്ധകാണിക്കണം.

നബിയോട് ഒരു അനുചരന്‍ ചോദിച്ചു: ''ആരാണ് ജനങ്ങളില്‍ ഉത്തമര്‍''. നബി പ്രതിവചിച്ചു: ''ഹൃദയം വിശുദ്ധമായവരും സത്യം പറയുന്നവരുമാണ്. അത്തരം വിശ്വാസികള്‍ക്ക് അല്ലാഹു ഉയര്‍ന്ന പദവി നല്‍കും. അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ പെട്ടെന്ന് ഉത്തരം ലഭിച്ചേക്കും.

അവരുടെ ഹൃദയം നിത്യശാന്തതയുള്ളതാണ്. കാരണം, അല്ലാഹുവിന്റെ ആജ്ഞ പിന്‍പറ്റി എപ്പോഴും സത്യംപറയുന്നുവെന്ന സന്തോഷം ഉള്ളില്‍ നിറഞ്ഞുനില്‍ക്കും. അവരുടെമേല്‍ അല്ലാഹുവിന്റെ തൃപ്തിയും തദ്ഫലമായി പരമമായ സ്വര്‍ഗജീവിതവും അവര്‍ക്ക് നല്‍കപ്പെടും.''