മതത്തിന്റെ കട്ടിയുള്ള പുറന്തോടിനകത്ത് ശക്തമായ സാമൂഹികനീതിയുടെ ഇളനീര്‍ മധുരം അറിയിക്കുന്ന അനുഭവമാണ് റംസാന്‍. ജീവിതത്തില്‍ ഒരിക്കലും വിശപ്പ് എന്തെന്ന് അറിയാത്ത, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനും വര്‍ഷത്തില്‍ ഒരിക്കല്‍ വിശപ്പിന്റെ വിളിയറിയിക്കുന്ന മായാജാലം. റംസാന്‍ എന്ന സാമൂഹിക പരിഷ്‌കരണത്തിന്റെ ആഴം കാണുവാന്‍ നമ്മള്‍ ഒരു പിന്‍നടത്തം നടത്തേണ്ടിയിരിക്കുന്നു.

14 നൂറ്റാണ്ട് പിറകിലേക്ക് ഒരു യാത്ര പോയാല്‍ കാണുന്ന അറേബ്യന്‍ കാഴ്ചകള്‍ സുന്ദരമായിരിക്കില്ല, അന്നത്തെ ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥകളെക്കാള്‍ കുറച്ചുകൂടി ശക്തമായ വിവേചനമായിരുന്നു അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്നത്. കറുത്ത വര്‍ഗക്കാരായ മനുഷ്യരെയും സുന്ദരികളെയും അടിമകളായി വില്‍ക്കുന്ന കാലം. കുലം, പ്രതാപം, പണം എന്നിവയുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന സാധാരണക്കാരും ഇവരെയൊക്കെ ചൂഷണംചെയ്ത് തടിച്ചുകൊഴുത്ത പുരോഹിതന്മാരും അടങ്ങിയ സമൂഹം. മദ്യവും യുദ്ധവും ശീലമാക്കിയ വന്യമായ ഒരു സമൂഹത്തെ മെരുക്കിയെടുക്കാന്‍, സംസ്‌കരിക്കുവാന്‍ നിയുക്തനായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വജ്രായുധങ്ങളിലൊന്നായിരുന്നു റംസാന്‍. യുദ്ധം നിഷിദ്ധമായ മാസമായിരുന്നു റംസാന്‍.

ചീത്തവാക്കുകളും പ്രവര്‍ത്തികളും ഉപേക്ഷിക്കാത്ത ഒരാളും അല്ലാഹുവിനുവേണ്ടി ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ല എന്ന പ്രസ്താവന വഴി നബി ഉദ്ദേശ്യം വ്യക്തമാക്കി. മനുഷ്യരുടെ ഹൃദയത്തില്‍ അലിവിന്റെ, പരസ്പര സ്‌നേഹത്തിന്റെ, സമത്വത്തിന്റെ തണുപ്പ് അനുഭവിപ്പിക്കുകയായിരുന്നു നബി. നിങ്ങളുടെ സമ്പാദ്യത്തില്‍ രണ്ടരശതമാനം പാവപ്പെട്ടവന്റെ അവകാശമാണ് എന്ന ഇസ്ലാമിക നിയമം, റംസാനിലെ ഭക്തിനിറഞ്ഞ മനസ്സുകള്‍ നടപ്പാക്കിയപ്പോള്‍, എല്ലാ പണക്കാരുടെയും വര്‍ഷത്തിലെ വരുമാനത്തില്‍നിന്ന് രണ്ടര ശതമാനം പാവങ്ങള്‍ക്ക് ലഭിക്കുവാന്‍ തുടങ്ങിയതോടുകൂടി മക്കയില്‍ സക്കാത്ത് വാങ്ങുവാന്‍ ദരിദ്രനില്ലാതെയായി എന്ന വിസ്മയകരമായ മാറ്റം റംസാന്റെ സാക്ഷ്യം.

വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 'ബിഹെയ്വിയര്‍ തെറാപ്പി' കൂടിയാണ് റംസാന്‍. ജീവിതത്തിന്റെ സ്ഥിരമായ ദിനചര്യകള്‍ക്കൊരു ബ്രേക്ക് നല്കി ജീവിതത്തെ പുനരവലോകനം ചെയ്യുവാനും ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുവാനും റംസാന്‍ പ്രേരിപ്പിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം എന്ന നിലയിലും റംസാന് പ്രാധാന്യമുണ്ട്. നമ്മള്‍ മലയാളികളുടെ റംസാന്‍ കാലം വിവിധങ്ങളായ ഭക്ഷണവിഭവങ്ങളുടെ രുചിയോര്‍മകള്‍ കൂടിയാണ്. കോഴിയടയും തരിക്കഞ്ഞിയുമൊക്കെ റംസാന്‍ മാസത്തില്‍ മാത്രം വിരുന്നുവരുന്ന വിഭവങ്ങളായിരുന്നു. മലപ്പുറത്തുനിന്ന് തലശ്ശേരിയിലെത്തുമ്പോള്‍ വിഭവങ്ങളുടെ എണ്ണം വര്‍ധിക്കും. റംസാന് രാത്രി നടത്തുന്ന മതപ്രസംഗ പരമ്പര ഞങ്ങള്‍ കുട്ടികള്‍ക്ക് അന്നൊക്കെ രാത്രി പുറത്തിറങ്ങാനുള്ള ലൈസന്‍സായിരുന്നു.

പക്ഷേ റംസാന്‍ ശക്തമായ സാന്നിധ്യമായി അനുഭവിക്കുവാന്‍ തുടങ്ങിയത് പ്രവാസത്തിലാണ്. പ്രവാസിയുടെ റംസാന്‍ വളരെ വ്യത്യസ്തമായ ഒന്നാണ്. പള്ളിക്കുമുന്നിലിരുന്ന് മനുഷ്യര്‍ മത, ജാതി ഭേദമെന്യേ ഒരേ പാത്രത്തില്‍നിന്ന് ഭക്ഷിക്കുന്ന കാഴ്ചകണ്ടത് പ്രവാസത്തിലാണ്. കോവിഡ് കാരണം കഴിഞ്ഞവര്‍ഷംമുതല്‍ ഈ കാഴ്ചയും നഷ്ടമായി. 1400 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റംസാന്‍ അതിന്റെ ചൈതന്യവുമായി നമ്മളിലേക്ക് വരുന്നു. ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണീരൊപ്പാനും മനസ്സുകളെ സ്ഫുടം ചെയ്യാനും ഹൃദയപൂര്‍വം റംസാന്‍ വന്നെത്തുന്നു.