കുറ്റ്യാടി: പുണ്യമാസമായ റംസാനില്‍ ആതുരാലയങ്ങളില്‍ കഴിയുന്നവര്‍ക്ക് മുടങ്ങാതെ സാന്ത്വനത്തിന്റെ ഭക്ഷണപ്പൊതികളുമായെത്തുന്ന ഒരു കൂട്ടരുണ്ട്, ഇങ്ങ് കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോരഗ്രാമമായ കുറ്റ്യാടിയില്‍.

നോമ്പുകാലങ്ങളില്‍ ആശുപത്രികളില്‍ കഴിയുന്ന ഒരാളും നോമ്പുതുറക്കാന്‍ പ്രയാസമനുവഭവിക്കരുത് എന്ന് നിര്‍ബന്ധമുള്ളവര്‍. അതുകൊണ്ടുതന്നെ കൃത്യമായി നോമ്പുതുറ വിഭവങ്ങളും അത്താഴവും ഓരോ ആശുപത്രി വാര്‍ഡിലും ആവശ്യക്കാരുടെ കൈകളില്‍ ഇവര്‍ എത്തിച്ചു നല്‍കും. സമസ്തയുടെ വിദ്യാര്‍ഥികൂട്ടായ്മയായ എസ്.കെ.എസ്.എസ്.എഫിന്റെ കുറ്റ്യാടി മേഖലാ കമ്മിറ്റിയാണ് ഈ സദുദ്യമത്തിന് പിന്നില്‍.

കുറ്റ്യാടിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് റംസാന്‍ മുപ്പത് ദിനവും വിപുലമായ തോതില്‍ നോമ്പുതുറ വിഭവങ്ങളും അത്താഴ ഭക്ഷണവുമൊരുക്കി നല്‍കുന്നത്. വിതരണ പരിപാടിയുടെ വിജയകരമായ ഒന്‍പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണിവര്‍.

ഭക്ഷണവിതരണ പരിപാടിയുടെ സമാപനമെന്നോണം പെരുന്നാള്‍ ദിനത്തില്‍ കുറ്റ്യാടിയിലെ ആശുപത്രികളിലും മറ്റു പൊതുസ്ഥാപനങ്ങളിലടക്കമുള്ളവര്‍ക്കുമായി വിപുലമായ പെരുന്നാള്‍ ഭക്ഷണവും നല്‍കിവരുന്നു. ദിവസവും പതിനഞ്ചായിരം രൂപ കണക്കാക്കി നാലരലക്ഷത്തോളം രൂപ ചെലവിലാണ് റംസാന്‍ മുപ്പതുവരെയുള്ള കാലയളവില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. അതിനായി മേഖലയിലെ മുപ്പത് ശാഖകളില്‍ നിന്നായി മുന്നൂറോളം വിഖായ വൊളന്റിയര്‍മാരുടെ സേവനം ഈ രംഗത്ത് സജീവമാണ്.

2013-ല്‍ എസ്.കെ.എസ്.എസ്.എഫ്. അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതിയുമായി രംഗത്തിറങ്ങിയത്. പിന്നീട് ഈ ഉദ്യമം കുറ്റ്യാടി മേഖലാ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. നോമ്പുതുറയ്ക്ക് നൂറ് മുതല്‍ 120വരെയും രാത്രി ഭക്ഷണത്തിന് 160 മുതല്‍ 200 വരെയും ആവശ്യക്കാരുണ്ടാകും.

വലിയ ആശ്വാസം

റംസാനില്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എസ്.കെ.എസ്.എസ്.എഫിന്റെ ഭക്ഷണ വിതരണം വലിയ ആശ്വാസമാണ്. നോമ്പുകാര്‍ക്ക് മാത്രമല്ല ആ സമയത്തുള്ള മറ്റു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഈ സേവന സന്നദ്ധതയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

-ശ്രീജേഷ് ഊരത്ത്, (പൊതുപ്രവര്‍ത്തകന്‍)