'ശവ്വാലിന്‍ പൊന്‍ പിറ കണ്ടു ഇതാഘോഷ രാവ് ഷറഫേറും പുലരി പിറന്നു ഇതാഘോഷ നാള് റമദാനിന്‍ പുണ്യങ്ങളേറി തക്ബീറിന്‍ ധ്വനികളുമായ് റഹ്മത്തിന്‍ വാതില്‍ തുറന്നു അഹദോന്റെ ഖുദ്റത്താലേ...''

പൂനിലാവഴകില്‍ ഇശല്‍ തേന്‍കണമായി അല്‍ക്കയുടെ സ്വരമാധുരി ഒഴുകിയെത്തുമ്പോള്‍ മൊഞ്ചേറും പെരുന്നാളിന്റെ നിറമാര്‍ന്ന ചിത്രങ്ങള്‍ മനസ്സില്‍ തെളിയും. പള്ളിമിനാരങ്ങളെ തഴുകിയെത്തുന്ന തക്ബീര്‍ ധ്വനികളും അത്തറിന്റെ പരിമളം വീശുന്ന പുത്തന്‍കുപ്പായങ്ങളുമൊക്കെ നിറഞ്ഞ പെരുന്നാള്‍.

പാട്ടിന്റെ വിരുന്നൊരുക്കി പെരുന്നാളിനെ വരവേല്‍ക്കുമ്പോള്‍ ആഹ്ലാദത്തിന്റെ പൂക്കളാണ് അല്‍ക്കയ്ക്കു ചുറ്റും വിടരുന്നത്. ഫോര്‍ട്ടുകൊച്ചി സ്വദേശിയും എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അല്‍ക്ക അസ്‌കര്‍ ഇതിനകം 25-ഓളം ആല്‍ബങ്ങളും ഒട്ടേറെ ഗസലുകളും പാടി. ആദ്യമായി പിന്നണി പാടിയ സിനിമ പെരുന്നാള്‍ ദിനത്തില്‍ റിലീസാകുന്നതിന്റെ സന്തോഷത്തിലാണ് അല്‍ക്ക ഇപ്പോള്‍. ആല്‍ബങ്ങളും ഗസലുകളും പിന്നിട്ടു സിനിമാ ഗാനങ്ങളുടെ ലോകത്തെത്തുമ്പോഴും അല്‍ക്കക്കു പ്രിയപ്പെട്ടത് പെരുന്നാളിന്റെ മൊഞ്ചുനിറയുന്ന പാട്ടുകള്‍ തന്നെ.

പാട്ടിന്റെ അമ്പിളിച്ചന്തം

ഫോര്‍ട്ടുകൊച്ചി പ്രിന്‍സസ് സ്ട്രീറ്റ് കുന്നത്തുപറമ്പില്‍ അസ്‌കറിന്റേയും സിമിയയുടേയും മൂന്നു മക്കളില്‍ ഇളയവളായ അല്‍ക്കയ്ക്കു സംഗീതവഴികളില്‍ പാരമ്പര്യത്തിന്റെ പിന്തുണയൊന്നുമില്ല. ''ഗള്‍ഫില്‍നിന്നു ബാപ്പ ഒരിക്കല്‍ കൊണ്ടുവന്ന മൈക്കും കരോക്കെ സെറ്റും കണ്ടപ്പോള്‍ ഞാന്‍ ചുമ്മാ ഒന്നു രണ്ടു പാട്ടുകള്‍ പാടി. 'ഏനുണ്ടോടി അമ്പിളി ചന്തം' എന്ന പാട്ടു നന്നായെന്നു എല്ലാവരും പറഞ്ഞു. പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ ഫോര്‍ട്ടുകൊച്ചിയിലെ എന്‍.പി. രാമസ്വാമിയുടെ അടുക്കല്‍ പാട്ടു പഠിക്കാന്‍ പോയി. അതിനുശേഷം ബെംഗളുരുവിലെ ഫയാസ് ഖാന്‍ തൃപ്പൂണിത്തുറയിലെ കോളേജില്‍ നടത്തിയ ഹിന്ദുസ്ഥാനി സംഗീത ക്ലാസിലും ചേര്‍ന്നു. ഇപ്പോള്‍ കോവിഡ്കാലമായതിനാല്‍ ഓണ്‍ലൈനായാണ് ഹിന്ദുസ്ഥാനി പഠിക്കുന്നത്.'' അല്‍ക്ക പറഞ്ഞു.

മൈലാഞ്ചി മൊഞ്ചുള്ള പാട്ടുകള്‍

പത്താം ക്ലാസ് കഴിഞ്ഞു നില്‍ക്കുന്ന കാലത്ത് 'മൈലാഞ്ചിക്കൈ ഒപ്പന' എന്ന ആല്‍ബത്തില്‍ പാടിയാണ് അല്‍ക്ക യാത്ര തുടങ്ങുന്നത്. ''അന്നു ചെറിയ പെരുന്നാളിനിറക്കിയ ആല്‍ബത്തില്‍ പാടാന്‍ അവസരം ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. 'മൈലാഞ്ചിക്കൈ ഒപ്പന കൊട്ടി, മൊഞ്ചത്തിക്കൈ മക്കന ചുറ്റി' എന്ന പാട്ടാണ് ഞാന്‍ ആദ്യം പാടിയത്. പിന്നീട് കുറേ പെരുന്നാള്‍ പാട്ടുകള്‍ പാടാന്‍ അവസരം കിട്ടി.

കഴിഞ്ഞ കോവിഡ് കാലത്ത് നഷ്ടമായ പെരുന്നാളിനെപ്പറ്റി എഴുതിയ ആല്‍ബത്തിലും നല്ലൊരു പാട്ടു പാടാന്‍ പറ്റി. 'പത്തരമാറ്റിന്‍ പെരുന്നാളില്ല, പൂത്തിരി മത്താപ്പൂ കത്തിച്ചില്ല, പള്ളി മിനാരത്തില്‍ തക്ബീറില്ല പരിമളം വീശുന്നോരാ അത്തറുമില്ല' എന്ന പാട്ട് ഏറെ ഹിറ്റായി. ഇത്തവണ പെരുന്നാളിനു ഈദിന്‍ നിലാവ് എന്ന പാട്ടാണ് പാടുന്നത്. 'ശവ്വാലിന്‍ പൊന്‍പിറ കണ്ടു ഇതാഘോഷ രാവ്' എന്ന പാട്ടു എനിക്കു ഏറെ പ്രിയപ്പെട്ടതാണ്.'' അല്‍ക്ക പറഞ്ഞു.