ഷാര്‍ജ: റംസാനെത്തിയതോടെ സുരക്ഷിതവും മനോഹരവുമായ ഇഫ്താര്‍ ആസ്വദിക്കാനുള്ള അവസരങ്ങളാണ് യു.എ.ഇ.യിലെ റെസ്റ്റോറന്റുകളും വിനോദകേന്ദ്രങ്ങളുമൊരുക്കുന്നത്. അക്കൂട്ടത്തില്‍ മികച്ച അനുഭവങ്ങളാണ് ഷാര്‍ജ മെലീഹയിലെ 'റമദാന്‍ സ്റ്റാര്‍ ലോഞ്ചും' അല്‍ നൂര്‍ ദ്വീപിലെ 'ബൈ ദി ബേ ഇഫ്താറും' നല്‍കുന്നത്. ആകാശത്തിന് കീഴെ നക്ഷത്രങ്ങളെയും കണ്ട് രുചിയേറിയ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള വേറിട്ട അനുഭവമാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്.

മരുഭൂമിയിലെ കാഴ്ചകള്‍ ആസ്വദിച്ച് പരമ്പരാഗത മജ്ലിസില്‍ നോമ്പുതുറക്കാന്‍ പാകത്തിലാണ് മെലീഹ ആര്‍ക്കിയോളജി സെന്ററിലെ റമദാന്‍ സ്റ്റാര്‍ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. ആഡംബര ടെന്റില്‍ ഓരോ കുടുംബത്തിനും പ്രത്യേകം മജ്ലിസ് ഇരിപ്പിടങ്ങളുണ്ടാവും. നോമ്പുതുറ നേരത്ത് തുടങ്ങി രാത്രി പന്ത്രണ്ടു വരെ നീണ്ടുനില്‍ക്കുന്ന ഇഫ്താര്‍ അനുഭവത്തില്‍ പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് വിളമ്പുക.

ക്യാമ്പ് ഫയറും പരമ്പരാഗത പാനീയങ്ങളുമെല്ലാമാസ്വദിച്ച് രാവേറുവോളം കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കഥ പറഞ്ഞിരിക്കാം. നോമ്പുതുറയ്‌ക്കെത്തുന്ന അതിഥികള്‍ക്ക് മെലീഹ മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മുതിര്‍ന്നവര്‍ക്ക് 175 ദിര്‍ഹവും കുട്ടികള്‍ക്ക് 140 ദിര്‍ഹവുമാണ് നിരക്ക്.

ഷാര്‍ജ നഗരക്കാഴ്ചകള്‍ ആസ്വദിച്ച് ദ്വീപിന്റെ തീരത്തൊരു ഇഫ്താര്‍ വിരുന്നാണ് അല്‍നൂര്‍ ദ്വീപ് ഒരുക്കിയിട്ടുള്ളത്. നഗരത്തിന്റെ ബഹളങ്ങളില്ലാതെ തന്നെ നഗരക്കാഴ്ചകള്‍ ആസ്വദിച്ച് ഖാലിദ് തടാകത്തിന്റെ കാറ്റുംകൊണ്ട് പ്രത്യേകം തയ്യാറാക്കിയ ഇഫ്താര്‍ വിഭവങ്ങള്‍ രുചിച്ചിരിക്കാം. പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളും വെളിച്ച സംവിധാനവുമെല്ലാം പ്രത്യേക അനുഭൂതി പകരും. നോമ്പുതുറയ്ക്കായെത്തുന്നവര്‍ക്ക് അല്‍ നൂര്‍ ദ്വീപിന്റെ കാഴ്ചകളെല്ലാം ചുറ്റിയടിക്കാനുള്ള അവസരമുണ്ടാവും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സൗജന്യമായി ടെലസ്‌കോപ്പിലൂടെ വാനനിരീക്ഷണവും നടത്താം. പരമ്പരാഗത വിഭവങ്ങളാണ് ഇവിടെയൊരുക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 125 ദിര്‍ഹവും കുട്ടികള്‍ക്ക് 65 ദിര്‍ഹവുമാണ് നിരക്ക്.