പുണ്യമാസത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമെന്തെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാനാവും ദാനധര്‍മംതന്നെയെന്ന്. അര്‍ഹതപ്പെട്ടവരെ അന്വേഷിച്ചു കണ്ടെത്തി അവരിലേക്ക് ആഹാരം എത്തിച്ചു നല്‍കുന്നതാണ് ജീവിതത്തിലേറ്റവും സന്തോഷം നല്‍കിയിരുന്ന കാര്യം. അതിനുള്ള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ തുടങ്ങും. ലേബര്‍ ക്യമ്പുകളിലൂടെ, മരുഭൂമിയിലെ ഉസ്ബകളും അവിടെയുള്ള ആട്ടിടയന്‍മാര്‍ക്കും അരികിലേക്ക് നിരവധി യാത്രകള്‍ ചെയ്യും. അവരുമായി സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും. അതില്‍നിന്ന് അര്‍ഹരായവരെ വേര്‍തിരിച്ചു കഴിഞ്ഞാല്‍ ആദ്യപടി കഴിഞ്ഞു. പിന്നീട് അവ ലിസ്റ്റാക്കി റംസാന്‍ നോമ്പ് ഒന്ന് മുതല്‍ മുപ്പത് നോമ്പും മുടങ്ങാതെ അവര്‍ക്ക് ആഹാരം നല്‍കിപ്പോരുന്നു. ഭര്‍ത്താവ് ഫാസില്‍ മുസ്തഫയും സഹായികളായി കുറെയേറെ സുഹൃത്തുക്കളും കുടുംബങ്ങളും ചേര്‍ന്നുള്ള പുണ്യകര്‍മം ഈ നോമ്പുകാലത്തോടെ തുടര്‍ച്ചയായി എട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

കഴിഞ്ഞ കോവിഡ് കാലത്തെ റംസാന്‍ തികച്ചും വ്യത്യസ്തമായിരുന്നു. പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്ന കാലം. എല്ലാവരും വീട്ടില്‍മാത്രം ഒതുങ്ങിപ്പോയ ഒരു റംസാന്‍ കാലം. സാധനങ്ങള്‍ വാങ്ങി ബാക്കി കിട്ടുന്ന നാണയത്തുട്ടുകളില്‍ പോലും കോവിഡിനെ ഭയന്നും സാനിറ്റൈസ് ചെയ്തും ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രം കണ്ടിരുന്ന കൈയുറകളും മുഖാവരണവും അണിഞ്ഞാല്‍ പോലും സുരക്ഷിതത്വം തോന്നാത്ത സമയം. വര്‍ഷങ്ങളായി ചെയ്തുപോരുന്ന കാരുണ്യ പ്രവര്‍ത്തനത്തില്‍നിന്ന് തത്കാലം മാറിനില്‍ക്കാന്‍ അടുത്തറിയുന്ന നിരവധി സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് നാട്ടില്‍ നിന്നും ഉമ്മയും വാപ്പയും നിര്‍ബന്ധിച്ചു. പക്ഷേ, ഏതോ അദൃശ്യശക്തി ചെവിയില്‍ പറയുന്നുണ്ടായിരുന്നു 'മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നീ ചെയ്തുപോരുന്ന സേവനം ഈ കോവിഡ് കാലത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആവശ്യവും ഉപകരിക്കുകയും ചെയ്യുക'. പിന്നീടൊന്നും ആലോചിക്കാതെ ധൈര്യം സംഭരിച്ച് 30 ദിവസവും അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിച്ചു. പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് പടര്‍ന്നുപിടിച്ചിരുന്ന ലേബര്‍ ക്യാമ്പുകളിലേക്കും തൊഴില്‍ നഷ്ടപ്പെട്ടവരിലേക്കും ശബളമില്ലാതിരുന്നവരിലേക്കും ഞങ്ങളെത്തി. ഓരോ ദിവസം കഴിയുന്തോറും എടുത്ത തീരുമാനം വളരെ ശരിയാണെന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. അത്രയും ദയനീയമായിരുന്നു ലേബര്‍ ക്യാമ്പുകളില്‍ കോവിഡ് ബാധിച്ചവരുടെ അവസ്ഥ.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായതിനാല്‍ മാര്‍ക്കറ്റില്‍ പോയി പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നത് മുതല്‍ , സവാള അരിയാനും പഴവര്‍ഗങ്ങള്‍ വെവ്വേറെ പൊതികളാക്കാനും പാചകം ചെയ്ത ബിരിയാണി പൊതിഞ്ഞുവെക്കാനുമെല്ലാം ഫാസിലും മക്കളായ ഫറയും ഫര്‍ഹാസും കൂടിച്ചേര്‍ന്നു. ഞങ്ങളൊരുമിച്ച് ദിവസവും നൂറും ഇരുനൂറും മുന്നൂറും പേര്‍ക്കുള്ള ഇഫ്താര്‍ വിരുന്നൊരുക്കിയിരുന്ന അനുഭവം മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.

ഇത്തവണയും കഴിഞ്ഞ വര്‍ഷത്തേതുപോലെ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെങ്കിലും അതിനുള്ള ആരോഗ്യവും മനസ്സും ഊര്‍ജവുമുണ്ട്.

കുഞ്ഞുമക്കളുടെ കൈകള്‍കൊണ്ട് ഭക്ഷണപ്പൊതികള്‍ നല്‍കിയിരുന്നൊരു കാലം ഇനി മടങ്ങിവരുമോയെന്ന് അറിയില്ല. ഈ കോവിഡ് കാലം അത്രയേറെയാണ് പ്രയാസപ്പെടുത്തിയത്. നോമ്പ് തുറയ്ക്ക് ലേബര്‍ ക്യാമ്പുകളില്‍ ജാതിമത ഭേദമെന്യേ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ ഒന്നിച്ചിരുത്തി കണ്ണും മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന മനോഹരമായ ആ കാഴ്ച മടങ്ങിവരാന്‍ നമുക്ക് പ്രാര്‍ഥിക്കാം. കോവിഡ് വാക്‌സിനുകള്‍ ഫലം കണ്ടു തുടങ്ങിയത് ആ പഴയ കാലത്തെ തിരിച്ചുതരുമെന്നാണ് പ്രതീക്ഷ.