പുണ്യങ്ങളുടെ പൂക്കാലമായ മറ്റൊരു റംസാന്‍ മാസംകൂടി ആഗതമായി. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി യു.എ.ഇ.യില്‍ താമസിക്കുന്നതുകൊണ്ട് ഓരോ നോമ്പുകാലവും വിവിധതരം ഓര്‍മകളാണ് സമ്മാനിച്ചത്. ആദ്യകാലങ്ങളില്‍ നോമ്പ് സമയത്ത്, അറിവില്ലായ്മകൊണ്ട് പ്രാര്‍ഥനകളെക്കാള്‍ കൂടുതല്‍ പാചക പരീക്ഷണങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം കൊടുത്തിരുന്നത്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് മോശമാണെന്ന് അറിഞ്ഞതോടെ റംസാനില്‍ അങ്ങനെയുള്ള ഭക്ഷണങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി. കൂടുതല്‍ പഴവര്‍ഗങ്ങളും സൂപ്പും സലാഡുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി.

റംസാനിലെ ആദ്യ ദിവസംതന്നെ അടുത്തുള്ള പാകിസ്താനി കുടുംബം അയല്‍പക്കസ്‌നേഹത്തിന്റെ പ്രതീകമായി സമൂസയും പക്കോടയും കടലയും ഉരുളക്കിഴങ്ങുമൊക്കെയുള്ള ഒരു വിഭവവും എല്ലാം ഒരു ട്രേയില്‍വെച്ച് നോമ്പുതുറനേരത്ത് കൊണ്ടുതരും. അങ്ങനെ റംസാനില്‍ ഇടയ്ക്കിടെ ഞങ്ങള്‍ തനതായ പാരമ്പര്യ വിഭവങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറും.

നോമ്പുതുറ കഴിഞ്ഞാല്‍ സമയം പോകുന്നതറിയില്ല. ഇഷാ നമസ്‌കാരവും അതിനോടനുബന്ധിച്ചുള്ള തറാവീഹ് നമസ്‌കാരത്തിന് എത്താനായുള്ള തിരക്കും ബഹളവും സുഖമുള്ള ഓര്‍മതന്നെയാണ്. പള്ളിയില്‍ സ്ഥിരമായി നിസ്‌കാരത്തിനുവരുന്ന പലരുമായും ഒരു വര്‍ഷത്തിനുശേഷം പരിചയം പുതുക്കുന്നത് മനസ്സിന് പ്രത്യേക സന്തോഷംതരുന്ന കാര്യമാണ്.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി ക്യാമ്പുകളില്‍ റംസാന്‍ കിറ്റ് വിതരണത്തിനായി വിവിധ സംഘടനകള്‍ക്കൊപ്പം കൂടാറുണ്ട്. കിറ്റുകള്‍ സന്തോഷത്തോടെയും ആശ്വാസത്തോടെയും വാങ്ങിപ്പോകുന്ന വിവിധ മതസ്ഥരായ ആളുകളെ കാണുമ്പോള്‍ നമുക്ക് കൂടുതല്‍ക്കൂടുതല്‍ ദാനധര്‍മങ്ങള്‍ ചെയ്യാന്‍ തോന്നിപ്പോകും.

അടുത്തകാലത്തായി തുടങ്ങിയ 'റംസാന്‍ ഫ്രിഡ്ജ്' എന്നൊരു സംരംഭത്തിലും പങ്കെടുക്കാറുണ്ട്. ദുബായ് നഗരത്തിലെ പലഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രിഡ്ജുകളില്‍ നമുക്ക് നമ്മുടെ കഴിവിനനുസരിച്ച് ഭക്ഷണങ്ങള്‍ കൊണ്ടുവെക്കാം. ആര്‍ക്കുവേണമെങ്കിലും അതില്‍ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവെക്കാം. ആര്‍ക്കുവേണമെങ്കിലും അതില്‍നിന്നും സാധനങ്ങള്‍ എടുക്കുകയുമാവാം. കൊടുക്കുന്നവനും എടുക്കുന്നവനും ആരെന്ന് അറിയാതെയുള്ള ഒരു പുണ്യപ്രവൃത്തി.

പലപ്പോഴും പേരക്കുട്ടികളെയും കൂടെക്കൂട്ടിയാണ് റംസാന്‍ ഫ്രിഡ്ജില്‍ സാധനങ്ങള്‍ വെക്കാന്‍പോയിരുന്നത്. അതിലൂടെ വളര്‍ന്നുവരുന്ന തലമുറയ്ക്കും നന്മയുടെയും ദാനധര്‍മങ്ങളുടെയും വലിയൊരു സന്ദേശം നല്‍കാന്‍ നമുക്ക് സാധിക്കും. സമൂഹനോമ്പുതുറകളും ഏറെ ആസ്വദിക്കുന്ന ഒരു കാര്യമാണ്. പഴയ കൂട്ടുകാരെ പലരെയും കാണാനും പുതിയ കൂട്ടുകാരെ പരിചയപ്പെടാനും. അവരോടൊപ്പമിരുന്ന് നോമ്പ് തുറക്കാനും കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല.

റംസാനിലെ അവസാനത്തെ പത്ത് ആയാല്‍ കൂടുതല്‍ സമയവും പ്രാര്‍ഥനകളില്‍ മുഴുകും. രാത്രി 12 മണിക്കുള്ള പള്ളികളിലെ ഖിയാമംലൈയില്‍ നമസ്‌കാരം മനസ്സിനും ശരീരത്തിനും നല്‍കുന്ന സുഖം ഒന്നു വേറെത്തന്നെയാണ്.

ആ സമയം പള്ളികളില്‍ ആരാധകരുടെ തിരക്ക് കൂടുന്നതുകൊണ്ട്, ചിലപ്പോള്‍ നമുക്ക് സ്ഥലം ലഭിക്കാറില്ല. അതുകൊണ്ട് രാത്രി 10 മണിക്കുതന്നെ പള്ളിയില്‍പ്പോയി നമസ്‌കാരങ്ങളും പ്രാര്‍ഥനകളുമായി കഴിച്ചുകൂട്ടും. ഞങ്ങളെപ്പോലെതന്നെ അവിടെ നേരത്തേ വന്നിരിക്കുന്ന അറബികളടക്കമുള്ള വിവിധ ദേശക്കാരായ പലരുമുണ്ടാകും. അവര്‍ സ്‌നേഹത്തോടെ തരുന്ന ഈത്തപ്പഴവും കാവയുമൊക്കെ സന്തോഷത്തോടെ ഞങ്ങള്‍ സ്വീകരിക്കും. ആ കൊടുക്കല്‍വാങ്ങലുകളൊക്കെ മനസ്സില്‍ നിധിപോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അങ്ങനെയൊരു ഖിയാമംലൈയില്‍ രാത്രിയില്‍ പള്ളിയില്‍ ഒരു അറബിസ്ത്രീ, കാലില്ലാത്ത കസേരപോലൊരു ഇരിപ്പിടത്തിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കണ്ടു. ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഇരിപ്പിടം കാണുന്നത്. ഇങ്ങനെ ഒരു ഇരിപ്പിടം കിട്ടിയാല്‍, നാട്ടിലുള്ള എന്റെ ഉമ്മയ്ക്ക് കട്ടിലില്‍ സുഖമായിരുന്നു ഖുര്‍ആന്‍ ഓതാമല്ലോ... എന്ന ചിന്തയാല്‍ ഞാനവരോട് എവിടെനിന്നാണത് വാങ്ങിയത് എന്നെല്ലാം അന്വേഷിച്ചു. അല്പസമയത്തെ കുശലസംഭാഷണത്തിനുശേഷം ഞാന്‍ എഴുന്നേറ്റു. ഉടന്‍ അവര്‍ ആ ഇരിപ്പിടം മടക്കി കൈയില്‍ത്തന്നിട്ട് പറഞ്ഞു. ഇത് നിന്റെ ഉമ്മയ്ക്ക് എന്റെ വകയായി കൊടുക്കണമെന്ന്. എത്ര വേണ്ടെന്നു പറഞ്ഞിട്ടും അവരത് നിര്‍ബന്ധപൂര്‍വം ഏല്‍പ്പിച്ചു. നമ്മള്‍ സഹോദരിമാരാണ്... നീ ഇത് നിരസിക്കാന്‍ പാടില്ല... എന്ന് സ്‌നേഹമസൃണമായ നിര്‍ബന്ധത്തോടെ ആ ഇരിപ്പിടം ഏല്‍പ്പിച്ചു. സ്‌നേഹത്തിന് ദേശമോ ഭാഷയോ പ്രശ്‌നമല്ലെന്ന് തെളിയിച്ച ആ അറബി സഹോദരിയുടെ മുഖം ഇന്നും മനസ്സില്‍ മായാതെകിടക്കുന്നു. സാധാരണ നോമ്പുകാലം പോലെയല്ലെങ്കിലും പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിച്ച്, പുണ്യങ്ങളുടെ പൂക്കാലമാക്കികൊണ്ട് തന്നെ നമുക്ക് ഈ കോവിഡ് പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്.