കൊച്ചി: നിലത്ത് വിരിച്ച നീലപ്പരവതാനിയില്‍ ആ കൂട്ടുകാരികള്‍ രുചിയുടെ അടയാളങ്ങള്‍ ഓരോന്നായി വിളമ്പി. പ്രോണ്‍സ് ഇഡ്ഡലി, ചിയാ മാംഗോ കസ്റ്റാര്‍ഡ്, ബേക്ക്ഡ് ചൈനീസ് സ്പ്രിങ് ചിക്കന്‍ റോള്‍, ചിക്കന്‍ ചട്ണി സമൂസ, മില്‍ക്ക് പുഡ്ഡിങ് തുടങ്ങി വിഭവങ്ങളേറെ. മഗ്രിബ് ബാങ്കൊലി കാതുകളിലേക്കെത്തുന്ന നേരത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പമിരുന്ന് നോമ്പ് തുറക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ ആ കൂട്ടുകാരികള്‍ പറഞ്ഞു: അല്‍ഹം ദുലില്ലാ! (സര്‍വ സ്തുതിയും അല്ലാഹുവിന്).

കോവിഡ് കാലത്തെത്തിയ റംസാനില്‍ ഫ്‌ളാറ്റിലെ 'ലോക്ഡൗണ്‍' ജീവിതത്തിനിടയിലും രുചിയുടെ സന്തോഷം പങ്കിടുകയാണ് റസീന നൂറുദ്ദീനും സിന്‍ജു സഫീറും.

ഇടപ്പള്ളിയിലെ ട്രിനിറ്റി ഫ്‌ളാറ്റില്‍ താമസിക്കുന്ന ഇവര്‍ ഇഫ്താറിനായി രുചിയുടെ 'റെസി'ക്കൂട്ടില്‍ ഒരുമിക്കുന്നു.വ്യത്യസ്തങ്ങളായ അറേബ്യന്‍ വിഭവങ്ങളും മലബാര്‍ വിഭവങ്ങളും തനി നാടന്‍ വിഭവങ്ങളും റെസിക്കൂട്ടിലുണ്ട്.

വ്യത്യസ്തമാം റെസി കിച്ചണ്‍

കണ്ണൂര്‍ സ്വദേശി റെസീന എട്ടു വര്‍ഷം മുമ്പാണ് കൊച്ചിയിലെത്തിയത്. ബിസിനസുകാരനായ ഭര്‍ത്താവ് നൂറുദ്ദീനും മക്കളായ നാസിലും നുഫൈസും ഫാത്തിമ സ്വാഫിയും അടങ്ങുന്ന കുടുംബവുമായി ഫ്‌ളാറ്റില്‍ താമസിക്കുമ്പോഴാണ് റെസീന പാചകലോകത്തേക്ക് സഞ്ചാരം തുടങ്ങിയത്.

''ജോലിക്കും പഠനത്തിനുമായി ഭര്‍ത്താവും മക്കളും പോയിക്കഴിഞ്ഞാല്‍ പകല്‍നേരം ഞാന്‍ ഫ്രീയാണ്. ആ സമയത്ത് വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ചു തുടങ്ങി. എല്ലാം രുചിയുള്ള വിഭവങ്ങളാണെന്ന് ഭര്‍ത്താവും മക്കളും പറഞ്ഞപ്പോള്‍, അതൊക്കെ ഫോണില്‍ പകര്‍ത്തി യു ട്യൂബില്‍ അപ്ലോഡ് ചെയ്തു. 'റെസി കിച്ചണ്‍' എന്ന യു ട്യൂബ് പരിപാടി ഹിറ്റായതോടെ ആത്മവിശ്വാസം കൂടി. ബ്ലൂബെറി ചീസ് കേക്കും ബ്രൗണിയും ഫ്രൂട്്സ് സാന്‍ഡ്വിച്ചും അടക്കമുള്ള സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ ആളുകള്‍ ഏറ്റെടുത്തതോടെ പുതിയ വിഭവങ്ങളും പരീക്ഷിച്ചു തുടങ്ങി'' - റെസീന പറഞ്ഞു.

ലസാനയും കുനാഫയും

ആലപ്പുഴ സ്വദേശി സിന്‍ജു കൊച്ചിയിലെത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. ഭര്‍ത്താവ് ടി.എം. സഫീറും മക്കളായ മുഹമ്മദ് നവീദും നേഹ സഫീറും അടങ്ങിയ കുടുംബത്തിന്റെ പിന്തുണയാണ് തന്റെ പാചക പരീക്ഷണങ്ങളുടെ ഊര്‍ജമെന്ന് സിന്‍ജു പറയുന്നു. ''റംസാന്‍ കാലമാണ് എന്റെ പാചക പരീക്ഷണങ്ങളുടെ സൂപ്പര്‍ഹിറ്റ് സമയം. ലസാനയും കുനാഫയും റംസാന്‍ കാലത്ത് ഹിറ്റാണ്. ചീസും വെജിറ്റബിള്‍സും ചിക്കനും ചേര്‍ത്ത് ബേക്ക് ചെയ്‌തെടുക്കുന്ന ഇറ്റാലിയന്‍ രീതിയിലുള്ള വിഭവമാണ് 'ലസാന'. ബട്ടറും ക്രീം ചീസും കുനാഫ ഡോയും ചേര്‍ത്തുണ്ടാക്കുന്ന മധുരവിഭവമാണ് 'കുനാഫ'. നോമ്പു തുറക്കാന്‍ മെയിന്‍ കോഴ്സില്‍ മജ്ബൂസും കഫ്സയുമൊക്കെ സ്വാദുള്ള വിഭവങ്ങളാണ്. ബ്രക്കോളിയും ലുക്കിനിയും മഷ്റൂമും കാരറ്റുമൊക്കെ പുഴുങ്ങിയെടുത്ത് ഒലീവ് ഓയിലില്‍ ചിക്കനും ചേര്‍ത്താണ് ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കുന്നത്'' - സിന്‍ജു പറഞ്ഞു.

ഹെല്‍ത്തി പുട്ടും ടിക്കിടിയും

ആരോഗ്യ സംരക്ഷണത്തിനുള്ള പരീക്ഷണങ്ങളാണ് റസീനയുടെ സ്‌പെഷ്യാലിറ്റി. ''ചിയാ സീഡും ഗോതമ്പും ചെറിയ ജീരകവും ഓട്സും റാഗിയും ഫ്‌ളാക് സീഡും ചോളവും ചേര്‍ത്ത് പൊടിച്ചുണ്ടാക്കുന്ന പൊടി കൊണ്ടുള്ള പുട്ടാണ് എന്റെ പുതിയ പരീക്ഷണം. വളരെ ഹെല്‍ത്തിയായ വിഭവമാണിത്. പൊടിയില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് ചപ്പാത്തിയും കുറച്ചുകൂടി വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കിയാല്‍ ദോശയും ഈ പൊടികൊണ്ട് ഉണ്ടാക്കാം'' - റസീന പറഞ്ഞു.

മറ്റൊരു വിഭവത്തിന്റെ കാര്യമാണ് സിന്‍ജു പറഞ്ഞത്. ''ടിക്കിടിയും മട്ടണുമാണ് എന്റെ സ്‌പെഷ്യല്‍ വിഭവം. അരിപ്പൊടി കുഴച്ച് ചെറിയ ഉണ്ടകളാക്കിയാണ് 'ടിക്കിടി' ഉണ്ടാക്കുന്നത്.

ആവിയില്‍ വേവിക്കുന്നതായതിനാല്‍ എണ്ണയുടെ പ്രശ്‌നമുണ്ടാകില്ല. മട്ടണും ചേര്‍ത്തുള്ള ടിക്കിടിയുടെ രുചി പറഞ്ഞറിയിക്കാനാകില്ല'' - സിന്‍ജു പറഞ്ഞു.