അബുദാബി: നോമ്പുതുറ പലഹാരങ്ങളുടെ നീണ്ടനിരയുണ്ടെങ്കിലും നാവില്‍ തേന്‍മധുരം പകരുന്ന ഈന്തപ്പഴത്തിന്റെ തട്ടിന് കനം കൂടും. കാരണം ഈന്തപ്പഴമില്ലാത്ത ഒരു നോമ്പുതുറയില്ലായെന്നതുതന്നെ. വിപണിയില്‍ പലതരത്തിലുള്ള ഈന്തപ്പഴങ്ങള്‍ സുലഭമെങ്കിലും നോമ്പുകാലത്ത് മാത്രമെത്തുന്ന മുന്തിയ ഇനങ്ങളുണ്ട്. സൗദി അറേബ്യ, പലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഈന്തപ്പഴം യു.എ.ഇ.യില്‍ ലഭ്യമാണ്. എങ്കിലും പെറുവില്‍നിന്നെത്തിയ ഒരു വേറിട്ട ഈന്തപ്പഴത്തിനാണ് വിപണിയില്‍ ഇത്തവണ തലയെടുപ്പധികം. മൂപ്പെത്താത്ത മഞ്ഞനിറത്തില്‍ ചെറിയ പേരക്കയോളം വലിപ്പത്തില്‍ ഉരുണ്ടിരിക്കുന്ന ഈ ഇനം ചില്ലറക്കാരനല്ല. അധികമറിയാത്തവര്‍ ചവര്‍ക്കുമെന്നുകരുതി കടിക്കാന്‍ മടിക്കുന്ന ഈ ഇനം ഉള്ളില്‍ തേന്‍മധുരമുള്ള കരിമ്പുപോലെയാണ് കടിക്കുമ്പോള്‍ അനുഭവപ്പെടുക. ചെറിയ ഒരു പെട്ടിക്ക് 300 ദിര്‍ഹം വിലവരുന്ന ഇവന്റെ മഹത്ത്വം മനസ്സിലാക്കി ചോദിച്ചെത്തുന്നവര്‍ ഒട്ടേറെയാണെന്ന് അബുദാബി മിന ഈന്തപ്പഴമാര്‍ക്കറ്റിലെ കച്ചവടക്കാരന്‍ മലപ്പുറം സ്വദേശി റമീസ് പറഞ്ഞു. യു.എ.ഇയില്‍ ഇത്തവണ ഈന്തപ്പഴം പാകമാവാന്‍ സമയമെടുക്കുമെന്നതിനാല്‍ പൂര്‍ണമായും പഴുക്കാത്ത കുലയോടെ വരുന്ന ഈ ഇനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. വിലയല്‍പ്പം കൂടുമെങ്കിലും സ്വദേശികളെപ്പോലെ വിദേശികളും ഇത് വാങ്ങാനെത്താറുണ്ട്.

നാലര ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെ കിലോയ്ക്ക് വിലവരുന്ന ഈന്തപ്പഴം വിപണിയില്‍ ലഭ്യമാണ്. സ്വദേശികളുടെ ഏറ്റവും പ്രിയപ്പെട്ട ഇനമായ അജ്വ തന്നെയാണ് ഇതില്‍ മുന്‍പന്തിയില്‍. കറുത്ത് ഉരുണ്ടിരിക്കുന്ന ഈ പഴത്തിന് മധുരമേറുമെങ്കിലും പ്രമേഹരോഗികള്‍ക്കുപോലും ധൈര്യമായി ഇത് കഴിക്കാമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒട്ടേറെ പ്രത്യേകതകളുള്ള ഇവയ്ക്ക് പുറമെ സൗദിയില്‍നിന്നുമെത്തിക്കുന്ന വി.ഐ.പി. ഈന്തപ്പഴം 'മജ്ദൂല്‍' ചില്ലുഭരണയില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്. മിനയിലെ ഈന്തപ്പഴ വിപണിവര്‍ഷം മുഴുവന്‍ സജീവമാണെങ്കിലും റംസാനിലാണ് കച്ചവടം കൂടുന്നതെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് മൂലമുണ്ടായ ക്ഷീണം ഈ സീസണില്‍ പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവിടെയുള്ള 19 കടകളിലുള്ള മലയാളികളടക്കമുള്ള കച്ചവടക്കാര്‍.

ഈന്തപ്പഴത്തിന്റെ പലതരത്തിലുള്ള വകഭേദങ്ങള്‍ക്കും റംസാന്‍ വലിയ വിപണി സാധ്യതയാണ് തുറന്നിടുന്നത്. സ്വദേശികളുടെ ഇഷ്ട ഭക്ഷ്യപദാര്‍ഥമായ തഹിനിയില്‍ യോജിപ്പിച്ച ഈന്തപ്പഴത്തിന് ഇഷ്ടക്കാരേറെയാണ്. സാധാരണ രണ്ട് ഈന്തപ്പഴം കഴിക്കുന്നവര്‍ ഇത്തരത്തില്‍ തയ്യാര്‍ ചെയ്തത് ഒരുപാട് കഴിച്ചാലും മിടുക്കില്ലെന്നതാണ് പ്രത്യേകത. വെളുത്ത എള്ളും ഒലീവെണ്ണയും അരച്ചുണ്ടാക്കുന്ന ക്രീമാണ് തഹിനി. സ്വദേശികളുടെ തീന്‍മേശയിലെ പ്രധാന വിഭവമായ ഇതിനെ ഈന്തപ്പഴത്തിനൊപ്പം കഴിക്കുന്നത് ആരോഗ്യപ്രദവുമാണ്. പിസ്ത, ചോക്കലേറ്റ്, കശുവണ്ടി, ബദാം, വാള്‍നട്ട് എന്നിവയെല്ലാം ഈന്തപ്പഴവുമായി പലവിധത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ഉത്പന്നങ്ങളും ഈന്തപ്പഴ ഹല്‍വയും ക്രീമും സോസും ജ്യൂസുമെല്ലാം റംസാന്‍ വിപണിയില്‍ കാണാം.

എട്ടും പത്തും കിലോയുടെ ഈന്തപ്പഴക്കൂടകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം സമ്മാനിക്കുന്ന പതിവ് റംസാനില്‍ സ്വദേശികള്‍ക്കുണ്ട്. ഈന്തപ്പനയോലകള്‍കൊണ്ട് മനോഹരമായി മെടഞ്ഞുണ്ടാക്കിയ കൊട്ടകളില്‍ നിരത്തിയ ഈ മധുരസമ്മാനം ബന്ധങ്ങളുടെ ഊഷ്മളതയൂട്ടിയുറപ്പിക്കുന്ന ഒന്നാണ്. അധികവും ഖലാസ് എന്ന ഇനത്തില്‍പ്പെടുന്ന ഈന്തപ്പഴമാണ് ഇത്തരം കൂടകളില്‍ ഇടംപിടിക്കാറുള്ളത്. ഇതിനുപുറമെ ദരിദ്രരാജ്യങ്ങള്‍ക്ക് റംസാനില്‍ സമ്മാനമെന്നോണം ആയിരക്കണക്കിന് കിലോ ഈന്തപ്പഴമയയ്ക്കുന്ന സ്വദേശികളും നിരവധിയാണ്. മിനയിലെ ഒരു കടയില്‍നിന്നുമാത്രം സ്വദേശികള്‍ ആഫ്രിക്ക, തുര്‍ക്കി, ജോര്‍ദാന്‍, യെമെന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ടണ്‍ കണക്കിന് ഈന്തപ്പഴമാണ് കയറ്റിയയച്ചിട്ടുള്ളത്. ഇവിടെനിന്നുള്ള അഞ്ച് കണ്ടെയ്നര്‍ ഈന്തപ്പഴമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലെ കഷ്ടതയനുഭവിക്കുന്നവരുടെ നോമ്പുതുറകള്‍ക്ക് മധുരം പകരുക.