മരുഭൂവില്‍ വീണ്ടുമൊരു ചുടുകാലമെത്തി. കുഴഞ്ഞുമറിയുന്ന ചൂടുള്ള ആകാശത്തിനു കീഴില്‍ ശരീരം ഓരോരോ ഭാഗങ്ങളായി മുറിഞ്ഞടരുന്ന ഉഷ്ണകാലമായിരിക്കും ഇനിയുള്ള അഞ്ചാറുമാസങ്ങള്‍. ബാല്യകാല അനുഭവങ്ങളിലെ കാഴ്ചയും കേള്‍വിയും രുചിയും ഗന്ധവും ഓരോന്നായി അകന്നകന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു കടല്‍ത്തുരുത്താണീ പ്രവാസം. നാലുഭാഗവും തിരമാലകള്‍. ബന്ധങ്ങള്‍. ബദ്ധപ്പാടുകള്‍. മാനസികസംഘര്‍ഷങ്ങള്‍. ശാരീരികമാം അസ്വാസ്ഥ്യങ്ങള്‍. കടങ്ങള്‍. കടപ്പാടുകള്‍.. മറുകരയില്ലാത്ത ലാവാസമുദ്രമായി അതിങ്ങനെ മനുഷ്യനെ ഉരുക്കിക്കൊണ്ടേയിരിക്കുന്നു.

ഇപ്രാവശ്യവും ഗള്‍ഫ് നാടുകളിലും കേരളത്തിലും നോമ്പുണരുന്നത് വെയില്‍ച്ചൂടിലേക്കാണ്. കത്തുന്ന തീയില്‍ വെന്തുരുകാന്‍ വിധിക്കപ്പെട്ട പ്രവാസികളില്‍ വിശ്വാസത്തിന്റെ നിഴലനക്കം സൃഷ്ടിക്കുന്ന തണുപ്പേകാനാണ് നോമ്പെത്തുന്നത്. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി നോമ്പ് വന്നതും പോയതും ഇതേ ഉഷ്ണകാലത്തുതന്നെയായിരുന്നു. പരാതിയും പരിഭവവുമില്ലാതെ നോമ്പിനെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്തു, മണല്‍ക്കാട്ടിലെ വിശ്വാസികള്‍.

നോമ്പ് അനുഗ്രഹത്തിന്റെ മാസമാണ്. അല്ലാഹു ഔദാര്യം ചൊരിയുമ്പോള്‍ വിശ്വാസികള്‍ അതേറ്റെടുക്കുന്നു. ഭൂമിയിലുള്ളവരോടുള്ള കരുണയാണ് നോമ്പിന്റെ കാതല്‍. അന്നംകൊടുക്കാനുള്ള മനഃസ്ഥിതി. ആലസ്യമോചനം. അല്ലാഹുവിനെ വാഴ്ത്തല്‍. തെറ്റിപ്പിണങ്ങിനില്‍ക്കുന്ന ബന്ധങ്ങളില്‍ ഇഴയടുപ്പം തുന്നിക്കെട്ടാനുള്ള ദിനങ്ങള്‍. സഹജീവിസ്‌നേഹം. ചൂടുള്ള മനസ്സുകളില്‍ പെയ്യുന്ന പേമാരിയാം നോമ്പുകാലം പേപിടിച്ച പിശാചുക്കളെ കെട്ടിയിടുകയും മനുഷ്യരെ പൂര്‍വാധികം വിശുദ്ധരാക്കുകയും ചെയ്യുന്നു.

അറബുനാടുകളിലെ ജയിലില്‍ കഴിയുന്ന കുറ്റവാളികളോട് ക്ഷമിക്കാന്‍ അതതു ഭരണകൂടം തിരഞ്ഞെടുക്കുന്നത് ഈ മാസമാണ്. അല്ലാഹു അടിയാറുകള്‍ക്ക് പാപമോചനം നല്‍കുമ്പോള്‍ അറേബ്യന്‍ അമീറുമാര്‍ പാപത്തിന്റെ കറപറ്റിയ മനുഷ്യരെ നന്മയിലേക്ക് തുറന്നുവിടുന്നു. ഇസ്ലാമിന്റെ ഔദാര്യം. ഉടയോന്റെ കല്പന. നീ ഭൂമിയിലുള്ളവരോട് കരുണകാണിക്കുമ്പോള്‍ ആകാശത്തുള്ളവന്‍ നിന്നോട് കരുണകാണിക്കുമെന്ന വിശുദ്ധവാക്യം അന്വര്‍ഥമാക്കുന്ന കാഴ്ചകള്‍.

ഗള്‍ഫുനാടുകളില്‍ റംസാനെ വരവേല്‍ക്കുന്നവരില്‍ പ്രധാനികള്‍ ചെറുതും വലുതുമായ ഷോപ്പിങ് സെന്ററുകളാണ്. നോമ്പുകാലമെന്നാല്‍ 'ബിസിനസ് കൂട്ടാനുള്ള ഒരെളുപ്പവഴി'യെന്നുകൂടി അര്‍ഥമുണ്ടെന്നു തോന്നിപ്പോകും ഈ മാസത്തെ ഓഫറുകള്‍ കണ്ടാല്‍! കടുകിനും കാറിനും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍. കടുത്ത മാത്സര്യം. പരമാവധി ആളെക്കൂട്ടാനുള്ള തന്ത്രങ്ങള്‍. ഒന്നിനൊന്ന് ഫ്രീ. ലാഭം, സര്‍വത്ര ലാഭം. കസ്റ്റമര്‍ക്ക് സന്തോഷം. അവര്‍ക്കിത് ഏതാനും മാസത്തേക്കുള്ളതും നാട്ടില്‍ കൊണ്ടുപോകാനുള്ളതും സ്വരുക്കൂട്ടിവെക്കാനുള്ള ഓഫര്‍കാലം കൂടിയാണ്. പക്ഷേ, ഇവിടങ്ങളില്‍ നോമ്പെത്തുമ്പോള്‍ ഊര്‍ജസ്വലരായി രംഗത്തെത്തുന്ന വേറൊരു കൂട്ടരുണ്ട്.

വിശ്വാസികള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യമൊരുക്കുന്ന തദ്ദേശീയരായ അറബികളും റെഡ്ക്രസന്റ് സൊസൈറ്റിയും ചാരിറ്റി സംഘടനകളും അനുബന്ധ നേതൃത്വവും! റംസാന് മാസങ്ങള്‍ക്കുമുമ്പേ അവര്‍ ജനവാസകേന്ദ്രങ്ങളിലും മറ്റും ടെന്റുകളുടെ പണിതുടങ്ങും. അതത് ഏരിയകളില്‍ ഏകദേശം വന്നെത്തുന്ന നോമ്പുകാരുടെ കണക്കെടുപ്പിലാണ് തമ്പുകള്‍ ഒരുക്കുക. ആളുകള്‍ കുറവുള്ളിടത്ത് പള്ളികളുടെ മുറ്റം മതിയാകും. ജനങ്ങള്‍ കൂടുതലുള്ള ഭാഗങ്ങളില്‍ നൂറിലേറെപ്പേര്‍ക്ക് ഒന്നിച്ചിരുന്ന് ഇഫ്താര്‍ നിര്‍വഹിക്കാനുള്ള ഒന്നിലേറെ ടെന്റുകളുണ്ടാവും. ഈ ടെന്റുകളില്‍ ഇഫ്താറിനുള്ള വിഭവങ്ങള്‍ എത്തിക്കുന്നത് ദേശവാസികളായ അറബികളാണ്. പബ്ലിക് കിച്ചനുകളില്‍ അവര്‍ ഒരുമാസത്തേക്ക് ഇത്രപേര്‍ക്കുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. ജ്യൂസ്, വെള്ളം, കാരക്ക, ഈത്തപ്പഴം, ഫ്രൂട്സ്, അരീസ, ബിരിയാണി തുടങ്ങി ഇഷ്ടമുള്ള അറബ് വിഭവങ്ങള്‍കൊണ്ടായിരിക്കും തദ്ദേശീയര്‍ വിദേശികളെ നോമ്പ് തുറപ്പിക്കുന്നത്.

ഈജിപ്ഷ്യരും ഇന്ത്യന്‍സും പാകിസ്താനിയും പലസ്തീനിയും അഫ്ഗാനിയും ശ്രീലങ്കരും ബംഗ്ലാദേശിയും ഫിലിപ്പീനിയും യമനിയും സിറിയനും മുതലാളിയും തൊഴിലാളിയും ചേര്‍ന്ന് മൂന്നോ നാലോ പേരടങ്ങുന്ന സംഘമായി ഒരു തളിക പങ്കിട്ടെടുക്കുന്ന കാഴ്ചയ്ക്ക് അവാച്യമായൊരു അനുഭൂതിയുണ്ട്. സ്‌നേഹവാത്സല്യങ്ങളുടെ ആത്മീയാന്തരീക്ഷമാണ് ഓരോ ഇഫ്താര്‍ കൂടാരവും. കൂടാതെ അറബികളുടെ വീടിനുമുമ്പിലും ഇഫ്താര്‍ വിതരണമുണ്ടാകും. നോമ്പുതുറയുടെ നന്മകളേറ്റുവാങ്ങാന്‍ അറബികള്‍ക്കിടയില്‍ മത്സരമാണ്. നോമ്പെടുത്ത മുസ്ലിമിന് മാത്രമല്ല; നോമ്പറിയാത്ത അമുസ്ലിമിനും ഭക്ഷണമുണ്ട്. വൈവിധ്യങ്ങളുടെ വസന്തഭൂമികയില്‍ പേരും ഊരും മതവും ജാതിയും എന്നുമെന്നും പടിക്കുപുറത്താണ്.

വാങ്കിനുള്ള സമയമാകുമ്പോള്‍ റോഡില്‍ ഇഫ്താര്‍കിറ്റ് നല്‍കുന്ന തിരക്കിലാവും പോലീസുകാര്‍. കഠിനമായ ചൂടിലും ജോലിയിലും തളര്‍ന്നുവരുന്നവര്‍ക്ക് ലഭ്യമാകുന്ന സമാശ്വാസം. ഒരാള്‍പോലും ഒഴിഞ്ഞുപോകരുതെന്ന കണിശത. ഭരണകൂടം ഉറപ്പുവരുത്തുന്ന സുരക്ഷിതത്വം. എല്ലാവരും മനുഷ്യരാണെന്ന അറബുശീലം. തനിക്കു ലഭിച്ചത് അപരനുകൂടി അവകാശപ്പെട്ടതാണെന്ന ഇസ്ലാമികാധ്യാപനം. അത്രയേറെ മനോഹരമാണ് നോമ്പുകാലം പറഞ്ഞുതരുന്ന ദൃശ്യാവിഷ്‌കാരം.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം മണല്‍ഭൂമിയിലെ നോമ്പുകാലം അതികഠിന തപസ്സാണ്. സൂര്യന്‍ ഉച്ചിയില്‍ തലോടുന്ന ചൂടിന് അളവും അറ്റവുമില്ല. കനല്‍വീണ കണ്ണുകളുമായി പ്രവാസി നോമ്പെടുത്ത് ജോലിചെയ്യുന്നു. ഓരോ വക്തിയും (പ്രാര്‍ഥനാ സമയം) പള്ളിയിലെത്തുന്നു. പ്രാര്‍ഥിക്കുന്നു; തന്റെയും കുടുംബത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി, നല്ലൊരു ജീവിതത്തിനുവേണ്ടി, പരലോകവിജയത്തിനുവേണ്ടി.