മലപ്പുറം: വയസ്സ് പതിനൊന്നേ ആയിട്ടുള്ളൂവെങ്കിലും ഓര്‍മശക്തികൊണ്ട് അമ്പരിപ്പിക്കുകയാണ് ഈ പെണ്‍കുട്ടി. ഖുര്‍ആന്‍ മനഃപാഠമാക്കിക്കൊണ്ടാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഫാത്തിമ റൈഹാന ശ്രദ്ധേയയായത്. മലപ്പുറം മഅദിന്‍ അക്കാദമി കാമ്പസിലാണ് ഈ മിടുക്കി പഠിക്കുന്നത്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് റൈഹാന ഖുര്‍ആന്‍ മനഃപാഠമാക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്.

ഉമ്മ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് അതിനോടുള്ള ഇഷ്ടം വര്‍ധിച്ചത്. ഏഴുവയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ഖുര്‍ആനില്‍നിന്ന് ഒരുഭാഗം മനഃപാഠമാക്കി. അതിനുള്ള പ്രോത്സാഹനസമ്മാനം സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങളില്‍നിന്ന് കൈപ്പറ്റിയപ്പോള്‍ റൈഹാനയ്ക്ക് ഖുര്‍ആന്‍ കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹമായി.

എട്ടാംവയസ്സില്‍ 10 ഭാഗങ്ങള്‍ മനഃപാഠമാക്കി. പെന്‍ ഖുര്‍ആന്‍ ഉപയോഗപ്പെടുത്തി നിരന്തരം കേട്ടാണ് കാണാതെ പഠിച്ചത്. ലോക്ഡൗണ്‍ കാലം അതിനു സൗകര്യമായി.

മഅദിനിലെ പെണ്‍കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പഠനകേന്ദ്രമായ ക്യൂലാന്‍ഡില്‍ സ്‌കൂള്‍ നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ചേര്‍ത്തിയത്. രണ്ടുവര്‍ഷം മുമ്പ് ദുബായില്‍ നടന്ന ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മൂന്നാമത് എഡിഷനില്‍ 14 ദിവസം നീണ്ടുനിന്ന പരിപാടി നേരിട്ടുകാണാന്‍ റൈഹാനയ്ക്ക് അവസരം ലഭിച്ചു.

അതുകൂടിയായപ്പോള്‍ ആവേശമായി. നന്നായി ചിത്രം വരയ്ക്കും. ഡോക്ടറാകാനാണ് ഫാത്തിമ റൈഹാനയുടെ ആഗ്രഹം. മഅദിന്‍ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിനികൂടിയാണ് ഫാത്തിമ റൈഹാന.

മഅദിന്‍ ക്യൂലാന്‍ഡ് ഡയറക്ടര്‍ സൈനുദ്ദീന്‍ നിസാമിയുടെയും ഖുര്‍ആന്‍ അധ്യാപികയായ വി.പി. ഹാജറയുടെയും മൂത്ത മകളാണ് ഫാത്തിമ റൈഹാന. മുഹമ്മദ് തമീം, ആയിശ എന്നിവര്‍ സഹോദരങ്ങളാണ്.