കൊച്ചി: ഒ.ജി.ക. അഥവാ ഒരു ജിന്നിന്റെ കഥ... പേരുപോലെ വ്യത്യസ്തമായ രുചിയുടെ അനുഭവങ്ങളാണ് കറുകപ്പള്ളിയിലെ അയ്യൂബിന്റേയും മകന്‍ അല്‍ഫാനിന്റേയും കടയുടെ മുന്നില്‍ നിറഞ്ഞത്. സമൂസയും കട്ലറ്റും ഇറച്ചിപ്പത്തലും ചിക്കന്റോളും കായ്പ്പോളയും കാരറ്റ്പോളയും ഏലാഞ്ചിയും ഉന്നക്കായയും തേങ്ങാമുറിയും കിളിക്കൂടും ചിക്കന്‍കിഴിയും ഒക്കെയായി ഒരുപാടൊരുപാട് വിഭവങ്ങള്‍.

റംസാന്‍ കാലത്ത് കലൂര്‍ കറുകപ്പള്ളിയിലെ തെരുവ് രുചിയുടെ സ്വന്തം തെരുവാണ്. അല്‍ഫാനിന്റെ കട പോലെ ഒട്ടേറെ കടകളില്‍ റംസാന്‍ കാലത്ത് ഇത്തരം വിഭവങ്ങള്‍ നിറയും. വഴിയോരക്കച്ചവടക്കാരായും ഒട്ടേറെപ്പേര്‍ വിഭവങ്ങളുമായി എത്തുന്ന കാലം കൂടിയാണ് കറുകപ്പള്ളിയിലെ റംസാന്‍.

പള്ളയും ഖല്‍ബും നിറയാന്‍

'ഒ.ജി.ക.' എന്ന കടയുടെ മുന്നില്‍ എഴുതിവെച്ചിരിക്കുന്ന വാചകം തന്നെയാണ് റംസാന്‍ കാലത്ത് കറുകപ്പള്ളിയിലെ കച്ചവടത്തിന്റെ സവിശേഷതയും.

''സാധാരണക്കാരായ ആളുകള്‍ക്ക് ന്യായമായ വിലയില്‍ മികച്ച വിഭവങ്ങള്‍ നല്‍കാനാണ് ഇവിടത്തെ കച്ചവടക്കാരെല്ലാം ശ്രമിക്കുന്നത്. വിഭവങ്ങള്‍ വാങ്ങിപ്പോകുന്നവരുടെ പള്ളയും ഖല്‍ബും നിറയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. തലശ്ശേരിയിലേയും മലബാറിലേയും റംസാന്‍ വിഭവങ്ങളെല്ലാം ഇവിടെ ഞങ്ങള്‍ ഒരുക്കുന്നുണ്ട്. തലശ്ശേരിക്കാരനായ അലിയാരും പാലക്കാട്ടുകാരനായ ബിനോയിയുമാണ് കടയിലെ വിഭവങ്ങളുടെ മസാലക്കൂട്ടുകളെല്ലാം തയ്യാറാക്കുന്നത്. ആറ് പണിക്കാര്‍ വേറെയുമുണ്ട്. റംസാന്‍ കാലത്ത് ദിവസവും ആയിരത്തിലേറെ സമൂസയും കട്ലറ്റും വില്‍ക്കാറുണ്ട്. മറ്റു വിഭവങ്ങളും നല്ല രീതിയില്‍ത്തന്നെ വിറ്റുപോകും. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പാചകം വൈകുന്നേരം വരെ തുടരും. ഉച്ച മുതല്‍ ആളുകള്‍ സാധനം വാങ്ങാന്‍ എത്താറുണ്ട്. അഞ്ചു മണിയോടെ കച്ചവടം അതിന്റെ പാരമ്യത്തിലെത്തും'' - അയ്യൂബ് കറുകപ്പള്ളിയിലെ റംസാന്‍ കച്ചവടത്തെപ്പറ്റി പറഞ്ഞു.

സുലൈമാനിയും ഭ്രാന്തന്‍ചായയും

കറുകപ്പള്ളിയിലെ തെരുവില്‍ വ്യത്യസ്തങ്ങളായ ചായയുടെ രുചികള്‍ നിറയുന്ന കാലം കൂടിയാണ് റംസാന്‍.

''നോമ്പുതുറക്കുന്ന സമയത്തും അത്താഴത്തിനുമൊക്കെ ചായ കുടിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. സുലൈമാനി, മൊഹബ്ബത്ത്, ഭ്രാന്തന്‍ചായ, ലെമണ്‍ ടീ, നാടന്‍കട്ടന്‍ തുടങ്ങി പല തരത്തിലുള്ള ചായകള്‍ തേടി ആളുകളെത്താറുണ്ട്. വറവു പലഹാരങ്ങളും പത്തിരിയും ഇറച്ചിയുമൊക്കെ കഴിച്ച ശേഷം 'സുലൈമാനി' കുടിക്കാനാണ് കൂടുതല്‍ പേര്‍ക്കുമിഷ്ടം. 'ഭ്രാന്തന്‍ചായ'യാണ് മറ്റൊരു പ്രധാന ഇനം. വെള്ളം തിളപ്പിച്ച് അതില്‍ ചെമ്പരത്തിപ്പൂവ് ഇട്ടാണ് ഭ്രാന്തന്‍ചായ ഉണ്ടാക്കുന്നത്. സൗദി അറേബ്യയില്‍നിന്ന് കൊണ്ടുവരുന്ന ചെമ്പരത്തിപ്പൂവാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഔഷധഗുണമുള്ളതാണ് ഈ ചായ. പ്രത്യേക തരം മസാല ചേര്‍ത്താണ് 'മൊഹബ്ബത്ത് ചായ' ഉണ്ടാക്കുന്നത്'' - അല്‍ഫാന്‍ ചായയുടെ വിശേഷങ്ങള്‍ പറഞ്ഞു.

അത്താഴം മുടങ്ങാതിരിക്കാന്‍

കോവിഡ് കാലമായതിനാല്‍ ഇത്തവണ പതിവുള്ള അത്താഴം കഴിക്കല്‍ കറുകപ്പള്ളിയിലെ തെരുവുകളില്‍ ഉണ്ടാകില്ല.

''സാധാരണഗതിയില്‍ പുലര്‍ച്ചെ അത്താഴം കഴിക്കാന്‍ നൂറുകണക്കിന് ആളുകളാണ് കറുകപ്പള്ളിയിലെ തെരുവുകളില്‍ എത്താറുള്ളത്. പുലര്‍ച്ചെ മൂന്നുമണി മുതല്‍ സുബ്ഹി ബാങ്ക് കൊടുക്കുന്നതുവരെ ഇവിടെ നല്ല തിരക്കുണ്ടാകും. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളും ബാച്ചിലേഴ്സുമാണ് കൂടുതല്‍ എത്താറുള്ളത്.

ചോറും കറികളും അടങ്ങിയ അത്താഴവും ചായയും കഴിച്ചാണ് അവര്‍ മടങ്ങുക. ഇത്തവണ കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ ആ സമയത്ത് കട തുറക്കാനാകില്ല. അതുകൊണ്ട് അത്താഴം പാര്‍സലായി തയ്യാറാക്കാനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്. പല ആവശ്യക്കാരും ഇതിനകം പാര്‍സല്‍ അത്താഴം വേണമെന്ന് പറഞ്ഞിട്ടുണ്ട്'' - അല്‍ഫാന്‍ പറഞ്ഞു.