കൊച്ചി: പോക്കുവെയില്‍പ്പൊന്നുരുകി വീഴുന്ന സന്ധ്യാനേരത്താണ് ആ ഫ്രെയിം തെളിയുന്നത്... റംസാന്‍ എന്ന ചന്ദ്രികയുടെ പ്രകാശത്തിലേക്ക് വിശ്വാസികള്‍ കൂടണയുന്ന നേരം. സന്ധ്യാനേരത്ത് ഉദിച്ച്, രാത്രി മുഴുവന്‍ നിലാവില്‍ കുളിച്ച്, പുലര്‍കാലത്ത് സുബ്ഹി നമസ്‌കാരത്തിനു ശേഷം ഉറക്കത്തിലേക്ക് വഴുതിവീഴുന്ന മനോഹാരിതയായിരുന്നു പണ്ടൊക്കെ കൊച്ചിയിലെ റംസാനിലെ മറക്കാനാവാത്ത ഫ്രെയിമുകള്‍.

ഫോര്‍ട്ട്കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും നിറങ്ങളും ഗന്ധങ്ങളുമൊക്കെ റംസാന്‍ എന്ന മൂന്നക്ഷരത്തില്‍ അടയാളപ്പെടുത്തുന്ന കാലം. പകല്‍ നമസ്‌കാരത്തിന്റേയും സക്കാത്തിന്റേയും നോമ്പു തുറക്കാനുള്ള ഒരുക്കങ്ങളുടെയും ഫ്രെയിമുകള്‍. രാത്രി ഇമചിമ്മാതെ ഉണര്‍ന്നിരുന്ന് ഇഫ്താര്‍ വിരുന്നിലേക്കും തറാവീഹ് നമസ്‌കാരത്തിലേക്കും മറ്റു കൂട്ടായ്മകളിലേക്കും കൂടുമാറുന്ന ഫ്രെയിമുകള്‍.

കഴിഞ്ഞ വര്‍ഷം കോവിഡ് പടര്‍ന്നതോടെ ഓര്‍മകളുടെ ഈ ഫ്രെയിമുകളെല്ലാം മാഞ്ഞുപോയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റംസാന്റെ ഓര്‍മകള്‍ മായ്ച്ചാണ് ഇത്തവണത്തെ റംസാനെ വിശ്വാസികള്‍ കാത്തിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ എന്ന കടമ്പയ്ക്ക് കട്ടി കൂടിയെങ്കിലും അതെല്ലാം പാലിച്ചുകൊണ്ട് അനുഭവിക്കാന്‍ കഴിയുന്ന ഒരു റംസാന്‍ കാലത്തെയാണ് കൊച്ചി ഇത്തവണ ആഗ്രഹിക്കുന്നത്.

പുതുവസ്ത്രമണിഞ്ഞ് തലനോമ്പില്‍

റംസാനിന്റെ തുടക്കമായ തലനോമ്പുകളാണ് കൊച്ചിയുടെ റംസാന്‍ ഫ്രെയിമുകളിലെ വ്യത്യസ്ത കാഴ്ചകള്‍.

''കൊച്ചിക്കാര്‍ തലനോമ്പില്‍ കേരളത്തില്‍ മറ്റിടങ്ങളിലില്ലാത്ത ചില രീതികള്‍ ഇപ്പോഴും പിന്തുടരുന്നവരാണ്. പുതുവസ്ത്രങ്ങളണിഞ്ഞല്ലാതെ തലനോമ്പിനെ വരവേല്‍ക്കുന്ന കാര്യം ഞങ്ങള്‍ക്ക് ചിന്തിക്കാനാകില്ല. റംസാന്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന കാലമാണ്. അല്ലാഹു തരുന്നതിനെ സ്വീകരിക്കാന്‍ മനസ്സ് പാകപ്പെടുന്നതു പോലെ ശരീരവും പാകപ്പെടുത്തണം. പുതുവസ്ത്രമണിയുമ്പോള്‍ ശരീരവും അത്തരമൊരു തയ്യാറെടുപ്പിലേക്ക് കടക്കുന്നുണ്ട്.

കൊച്ചിക്കാരുടെ പുതുവസ്ത്രങ്ങളണിഞ്ഞ തലനോമ്പിനെപ്പറ്റി കാരണവന്‍മാര്‍ പറഞ്ഞുകൊടുത്ത രീതി പുതുതലമുറക്കാരും പിന്തുടരുന്നുണ്ട്.

നോമ്പുകാലമായാല്‍ നമ്മുടെ കുട്ടികളെല്ലാം പുതുവസ്ത്രം വേണമെന്നു പറയുന്നത് അതിന്റെ തുടര്‍ച്ചയാണ്. കൊച്ചിയുടെ നാഗരിക സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് നോമ്പുകാലത്തെ പുതുവസ്ത്രമെന്നും പറയുന്നുണ്ട്. വാദങ്ങള്‍ ഏതായാലും ശരി, കൊച്ചിക്കാരായ ഞങ്ങളെല്ലാം പുതുവസ്ത്രമണിഞ്ഞാണ് ഇത്തവണയും നോമ്പിനെ സ്വീകരിച്ചത്'' - പനയപ്പള്ളിയിലെ അബ്ദുല്‍ ഷുക്കൂറിന്റെ വാക്കുകളില്‍ കൊച്ചിയിലെ നോമ്പുകാലം തെളിയുന്നു.

ചക്കരപ്പാലും ഇടയത്താഴവും

പള്ളുരുത്തി നമ്പ്യാപുരം വേലിക്കകത്ത് വീട്ടിലേക്ക് കടന്നുചെല്ലുമ്പോള്‍ ളുഹര്‍ നമസ്‌കാരത്തിനു മുമ്പുള്ള നേരത്ത് ഖുര്‍ ആന്‍ പാരായണം ചെയ്യുകയായിരുന്നു ഫാത്തിമ ഹംസ എന്ന 86-കാരി. ഫാത്തിമയുടെ സഹോദരിയുടെ മകള്‍ ഷാഹിദയും അവരുടെ മകള്‍ സറീനയും അവരുടെ മകള്‍ ലാമിയയും ഒക്കെ അരികിലുണ്ട്.

''കൊച്ചിയിലെ പനയപ്പള്ളിയിലായിരുന്നു ഞാന്‍ ജനിച്ചുവളര്‍ന്നത്. എന്റെ കുട്ടിക്കാലത്തെ നോമ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇടയത്താഴത്തിന് തരുന്ന ചക്കരപ്പാലാണ് മനസ്സില്‍ വരുന്നത്. പുലര്‍ച്ചെ അത്താഴത്തിന് ഞങ്ങള്‍ കുട്ടികളെ വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ ഇത്തിരി മടിയാണ്. പക്ഷേ, ചക്കരപ്പാല്‍ വലിയ ഇഷ്ടമുള്ള കാര്യമാണ്. പാലും പഴവും ചേര്‍ത്തുണ്ടാക്കുന്ന ചക്കരപ്പാല്‍ ഇടയത്താഴത്തിലെ സ്‌പെഷ്യല്‍ വിഭവമാണ്. നോമ്പു തുറക്കുന്ന സമയത്ത് നാരങ്ങാ വെള്ളവും ജീരകക്കഞ്ഞിയുമാണ് അന്നൊക്കെ. അതുകഴിഞ്ഞ് പത്തിരിയും ഇറച്ചിക്കറിയുമുണ്ടാകും. ഇന്നത്തെപ്പോലെ ഒരുപാട് വറവു പലഹാരങ്ങളൊന്നും അന്നു ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ല'' - ഫാത്തിമ പറയുമ്പോള്‍ അരികിലിരുന്ന കുട്ടികള്‍ ചിരിച്ചു.

വീടുകളും ശുദ്ധിയാകണം

റംസാന്‍ എത്തുന്നതിന് ഒരാഴ്ച മുമ്പേ വീടും പരിസരവും ശുദ്ധിയാക്കിത്തുടങ്ങുന്നതും കൊച്ചിയിലെ റംസാനിന്റെ സവിശേഷതയാണ്. ''റംസാനില്‍ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ വലിയൊരു സന്ദേശമാണ് നല്‍കുന്നത്, അവനവന്റെ വീടും പരിസരവും നന്നായാല്‍ നാടും സമൂഹവും നന്നായി. വ്രതശുദ്ധിയിലേക്ക് വരുമ്പോള്‍ നമ്മുടെ മനസ്സു പോലെ പരിസരങ്ങളും ശുദ്ധിയാകേണ്ടതുണ്ട്. പള്ളിയും വീടും പരിസരങ്ങളുമെല്ലാം ശുദ്ധിയാക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് ശ്രമിക്കുന്ന കാലമാണ് റംസാന്‍. റംസാനിനു മുമ്പുള്ള മുഹറം മുതല്‍ ചിലയിടങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാറുണ്ട്. റംസാന്‍ ആകുമ്പോഴേക്കും എല്ലായിടത്തേയും ശുദ്ധിയാക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടാകും'' - മട്ടാഞ്ചേരിയിലെ ഖദീജ മുഹമ്മദിന്റെ വാക്കുകളില്‍ നോമ്പുകാലത്തിന്റെ വിശുദ്ധി തെളിഞ്ഞു.

രുചിയുടെ വീട്ടുകാര്യങ്ങള്‍

ആദ്യ നോമ്പ് ദിവസം പള്ളുരുത്തിയിലെ വീട്ടില്‍ രാവിലെ മുതല്‍ പാചകത്തിന്റെ തിരക്കിലായിരുന്നു സറീന. ''സറീന്‍സ് ഫുഡ് എന്ന പേരില്‍ കാറ്ററിങ് നടത്തുന്നുണ്ട്. റംസാന്‍ കാലത്ത് സമൂസ, കട്ലറ്റ്, ചട്ടിപ്പത്തിരി, കല്‍മാസ്, ചിക്കന്‍ റോള്‍, കായ്പ്പോള, ഇറാനിപ്പോള തുടങ്ങി ഒരുപാടു വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. രാവിലെ തന്നെ ജോലി തുടങ്ങിയാലേ വൈകുന്നേരം ആവശ്യക്കാര്‍ക്ക് വിഭവങ്ങള്‍ എത്തിച്ചുനല്‍കാനാകൂ. ഇതിനിടയില്‍ വീട്ടില്‍ നോമ്പുതുറക്കാനുള്ള വിഭവങ്ങളും ഉണ്ടാക്കണം. വല്യുമ്മ പറഞ്ഞതുപോലെ പണ്ടത്തെ നോമ്പുതുറയൊന്നും ഇന്നത്തെ കുട്ടികള്‍ക്ക് പറ്റില്ലല്ലോ. അവര്‍ക്ക് ഇഷ്ടമുള്ള ജ്യൂസുകളും വറവു പലഹാരങ്ങളുമെല്ലാം നോമ്പു തുറക്കുമ്പോള്‍ ഉണ്ടാക്കിക്കൊടുക്കേണ്ടേ...'' - സറീനയുടെ ചോദ്യത്തിന് ഉത്തരം പോലെ അരികിലിരുന്ന കുട്ടികള്‍ ചിരിച്ചു.