കൊരട്ടി: ബാങ്കുവിളി കേള്‍ക്കുമ്പോഴേയ്ക്കും കരുതിവെച്ച ഈന്തപ്പഴമോ നാരങ്ങവെള്ളമോ എടുത്ത് നോമ്പ് തുറക്കാനാരംഭിക്കും ഈ പഞ്ചായത്തംഗം. അപ്പോഴേയ്ക്കും കൂട്ടുകാരി ഫൗസിയയുടെ വിളിയുമെത്തും- നോമ്പു തുറക്കാറായി എന്ന് ഓര്‍മിപ്പിച്ചുകൊണ്ട്. തൊഴില്‍സ്ഥലത്തുവെച്ച് 18 വര്‍ഷം മുമ്പാണ് ചൂണ്ടയില്‍ ശിവന്റെ ഭാര്യ ജോബി നോമ്പെടുക്കാന്‍ തുടങ്ങിയത്.

കൂട്ടുകാരി ഫൗസിയ കരീമും മറ്റും നോമ്പെടുക്കുമ്പോള്‍ അവര്‍ക്കു മുന്നിലിരുന്ന് ഉച്ചഭക്ഷണം കഴിക്കാനുള്ള മടിയില്‍നിന്നായിരുന്നു തുടക്കം. രണ്ടുപേരും ഇടയ്ക്ക് മറ്റ് സ്ഥലങ്ങളില്‍ ജോലിക്ക് പോയെങ്കിലും നോമ്പുമുടക്കാറില്ല. അടുത്തില്ലെങ്കില്‍ കൃത്യസമയത്ത് നോമ്പുതുറക്കാറായി എന്നോര്‍മിപ്പിച്ച് ഫൗസിയ വിളിക്കും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടുകാര്‍ക്ക് ഭക്ഷണമൊരുക്കിക്കഴിഞ്ഞാല്‍ ലഘുഭക്ഷണം കഴിച്ച് ജോബി നോമ്പിലേയ്ക്ക് കടക്കും.

ഇപ്പോള്‍ ജനപ്രതിനിധിയായപ്പോഴുള്ള തിരക്കൊന്നും നോമ്പിനെ ബാധിച്ചിട്ടില്ല. നോമ്പുതുറയ്ക്ക് വീട്ടിലാരെങ്കിലും ഉണ്ടെങ്കിലും ഫൗസിയയുടെ വിളിയെത്തും. അന്നത്തെ നോമ്പുതുറക്കല്‍ വീട്ടിലാകാമെന്ന് പറഞ്ഞ്. റംസാന്‍പോലെ ഓണം, വിഷു അടക്കമുള്ള ആഘോഷങ്ങള്‍ക്ക് വിശേഷമായി എന്തുണ്ടാക്കിയാലും ഫൗസിയക്കുകൂടി നല്‍കിയാലേ ജോബിക്കും സന്തോഷമാകൂ. ഫൗസിയയുടെ വീട്ടിലെ ചപ്പാത്തിനിര്‍മ്മാണ യൂണിറ്റിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വനിതാ സംവരണമായതോടെ ജോബി ശിവനെ എല്‍.ഡി.എഫ്. മത്സരത്തിനിറക്കുകയായിരുന്നു.

നോമ്പുവിശേഷം കേട്ടതോടെ ജോബിയുടെ മകന്‍ ഏഴാം ക്ലാസുകാരന്‍ യദുകൃഷ്ണയും നോമ്പ് നോക്കിയിരുന്നു. സുകന്യയാണ് ജോബിയുടെ മകള്‍.