കോഴിക്കോട്: ഈദ്ഗാഹുകളോ പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരങ്ങളോ ഒത്തുചേരലുകളോ ഇല്ലാത്ത കോവിഡ് കാലത്തെ രണ്ടാമത്തെ ചെറിയ പെരുന്നാളാണ് വന്നെത്തിയിരിക്കുന്നത്. കഴിഞ്ഞതവണ രാജ്യം ആദ്യമായി കോവിഡിനെ നേരിടേണ്ടിവന്നപ്പോള്‍ അത് നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിലായിരുന്നു ചെറിയപെരുന്നാള്‍ ആഘോഷം. ഇത്തവണ കോവിഡ് പേടിപ്പെടുത്തുംവിധം വ്യാപിച്ചപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിലും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കലും പരസ്പരം സ്നേഹം പുതുക്കുന്ന ഒത്തുചേരലുകളുമൊക്കെയാണ് പെരുന്നാളിന്റെ പ്രത്യേകത. കോവിഡ് കേസുകള്‍ കുറവായതിനാല്‍ കഴിഞ്ഞതവണ അയല്‍വീടുകളിലൊക്കെ ആളുകള്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും ഇത്തവണ പെരുന്നാള്‍ ദിനത്തില്‍ സ്വന്തം വീടുകളില്‍തന്നെ കഴിച്ചുകൂടേണ്ടവിധം അപകടകരമാണ് അവസ്ഥ.

പള്ളികള്‍ അടച്ചിട്ടതിനാല്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരവും വീടുകളില്‍നിന്നുതന്നെ നിര്‍വഹിക്കാനാണ് മതനേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. റംസാനിലെ അവസാന പത്തുദിവസങ്ങളില്‍ പള്ളികളില്‍ ഭജനമിരിക്കലും കഴിഞ്ഞവര്‍ഷത്തേതുപോലെ ഇത്തവണയും സാധ്യമായിട്ടില്ല. ഇരുപത്തേഴാം രാവിലും വീടുകളില്‍ തന്നെ പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടുകയായിരുന്നു.

കഴിഞ്ഞവര്‍ഷത്തെപ്പോലെ മൊത്തത്തില്‍ ലോക്കായിപ്പോയില്ലല്ലോ, തുടക്കത്തിലെങ്കിലും ആരാധനാലയങ്ങളിലെല്ലാം പ്രാര്‍ഥന നടത്താന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് വിശ്വാസികള്‍.

കോവിഡ് പെരുന്നാള്‍വിപണിക്കും തിരിച്ചടിയായിരിക്കുകയാണ്. പെരുന്നാള്‍ രാവിലൊക്കെ ഉറങ്ങാത്ത നഗരമായിരുന്നു കോഴിക്കോട്. പക്ഷേ, മിഠായിത്തെരുവ് ഉള്‍പ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങളെല്ലാം നിശ്ചലമായിപ്പോയി.

പുതുവസ്ത്രങ്ങളില്ലെങ്കിലും പ്രാര്‍ഥനപോലെ ആഘോഷവും വീടുകളില്‍ ഒതുങ്ങിയുള്ളതാക്കിമാറ്റാനാണ് മതപണ്ഡിതന്മാരും വിശ്വാസികളോട് ആവശ്യപ്പെടുന്നത്.

Content Highlights: eid ul fitr 2021 in kerala amid lockdown and covid pandemic