ചേര്‍ത്തല: ഇക്കുറിയും പതിവുതെറ്റിയില്ല. 27-ാം രാവായ ലൈലത്തുല്‍ ഖദറുംകടന്ന് നിയുക്ത എം.എല്‍.എ പി. പ്രസാദിന്റെ റംസാന്‍ നോമ്പ്. പ്രകൃതിസംരക്ഷണത്തിനും പൊതുജനസേവനത്തിനും ഒരേയളവില്‍ പ്രാധാന്യം നല്‍കുന്ന പി. പ്രസാദ് ആദ്യമായാണ് നിയമസഭാംഗമാകുന്നത്. ഇക്കുറി തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞാണ് നോമ്പാചരണം തുടങ്ങിയത്.

കുടുംബം അടുത്തില്ലെങ്കിലും 25 വര്‍ഷമായി തുടരുന്ന രീതി ഇക്കുറിയും മാറ്റാന്‍ തയ്യാറായില്ല. എ.ഐ.വൈ.എഫ്. പ്രവര്‍ത്തകനായിരിക്കുമ്പോള്‍ നൂറനാട്ടെ കൂട്ടുകാരോടൊപ്പമാണ് പി. പ്രസാദ് റംസാന്‍ നോമ്പെടുത്തു തുടങ്ങിയത്. ആദ്യം കൗതുകത്തിനായാണ് തുടങ്ങിയതെങ്കിലും രീതി പിന്തുടര്‍ന്നു. പുലര്‍ച്ചേ കൃത്യമായി ആഹാരം കഴിക്കാന്‍ സാധിച്ചില്ലെങ്കിലും മുടക്കം വരുത്തിയില്ല. മുതലാളിത്ത സംസ്‌കാരം നമ്മളില്‍ വളര്‍ത്തുന്ന പലതിനോടുമുള്ള ആര്‍ത്തിയെ അടക്കിനിര്‍ത്താനുള്ള നിയന്ത്രണങ്ങള്‍ ഇതിലൂടെ ആര്‍ജിക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചില അപൂര്‍വഘട്ടങ്ങളില്‍ ചെറിയവ്യതിയാനങ്ങള്‍ (തിരഞ്ഞെടുപ്പു ഫലമെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ നല്‍കിയ ലഡു കഴിച്ചതുപോലെ) ഉണ്ടാകാറുണ്ടെങ്കിലും കൃത്യമായി ഇതു പാലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ഭാഗത്തുനിന്നു ഇതിന് പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.