ചിക്കന്‍കായ്, മീന്‍പത്തിരി, കല്‍മാസ്, ദോശ പഫ്‌സ്, വേണമെങ്കില്‍ കേക്ക്... എന്തുപലഹാരം വേണമെന്ന് ബുഷ്‌റ അഷ്‌റഫിനോട് പറഞ്ഞാല്‍ മതി. നോമ്പു തുറയ്ക്ക് ചൂടോടെ കഴിക്കാന്‍ മുട്ടില്‍ പാറക്കല്‍ തയ്യില്‍ വീട്ടിലെ അടുക്കളയില്‍ എല്ലാം തയ്യാറായിരിക്കും. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ചാണ് ബുഷ്‌റ റംസാന്‍ വിഭവങ്ങളുണ്ടാക്കി കൊടുക്കുന്നത്. കോവിഡ് കാരണം ബുഷ്‌റയുടെ പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞെങ്കിലും ഇപ്പോഴും ദിവസവും മോശമില്ലാത്ത ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ആദ്യമൊക്കെ കടകളിലേക്ക് മാത്രമാണ് പലഹാരങ്ങളും മറ്റും ഉണ്ടാക്കിക്കൊടുത്തിരുന്നത്. കേക്ക് ആവശ്യപ്പെടുന്നതിനനുസരിച്ചും.

അഞ്ചുവര്‍ഷം മുമ്പ് കേക്ക് നിര്‍മാണവും വിതരണവും തുടങ്ങിയിരുന്നു. ബുഷ്‌റയുടെ കൈപ്പുണ്യം രുചിച്ച വിരുന്നുകാരുടെയും മറ്റും നിര്‍ബന്ധത്തിലാണ് കടകളിലേക്ക് പലഹാരമുണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങിയത്. ദിവസം 100 പലഹാരം വരെ മുമ്പ് ഉണ്ടാക്കിയിരുന്നു. ഇതു കഴിച്ചറിഞ്ഞും കുടുംബാംഗങ്ങള്‍ പറഞ്ഞറിഞ്ഞും വരുന്നവര്‍ നോമ്പ് വിഭവങ്ങള്‍ കൂടി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ രണ്ടുവര്‍ഷം മുമ്പ് നോമ്പുകാലത്ത് വിഭവങ്ങളുണ്ടാക്കി നല്‍കാന്‍ തുടങ്ങി.

റംസാന്‍ തുടങ്ങിയാല്‍ കടകളിലേക്ക് കൊടുക്കുന്നത് നിര്‍ത്തും. നോമ്പ് തുറയ്ക്ക് ആളുകള്‍ അധികവും ആവശ്യപ്പെട്ട് എത്തുന്നത് അല്‍ഫാമിനും കുഴിമന്തിക്കും വേണ്ടിയാണ്. പലഹാരങ്ങളും ആവശ്യപ്പെടാറുണ്ട്. ആദ്യമൊക്കെ വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നെങ്കിലും ഇപ്പോള്‍ ആളുകള്‍ വന്നുവാങ്ങുകയാണ് ചെയ്യുന്നത്. 

പടിഞ്ഞാറത്തറയിലെ തറവാട്ടിലെ വലിയ അടുക്കളയില്‍ ഇരുപതോളം അംഗങ്ങള്‍ക്ക് ദിവസവും ഭക്ഷണമുണ്ടാക്കുന്നത് കണ്ടാണ് ബുഷ്‌റ പാചകം പഠിക്കുന്നത്. അതുകൊണ്ട് എത്ര ആളുകൂടിയാലും 'ബേജാറില്ലാതെ' ഭക്ഷണമുണ്ടാക്കുമെന്ന് ബുഷ്‌റ പറയുന്നു. പാചകപരീക്ഷണങ്ങള്‍ എല്ലാവരിലുമെത്തിക്കാന്‍ സ്‌കിന്നി ഫ്‌ലെയിംസ് എന്ന് പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങി. 27 തരം കേക്കുകളും 22 തരം പുഡ്ഡിങ്ങുകളും ഉണ്ടാക്കാനറിയുന്ന ബുഷ്‌റ പാചകം പഠിപ്പിക്കുന്നുമുണ്ട്. വടക്കന്‍ രീതിയിലുള്ള പലഹാരങ്ങളുണ്ടാക്കാനും പഠിപ്പിക്കും.കൊറോണ വന്നതോടെ ഇതെല്ലാം നിര്‍ത്തിയിരിക്കുകയാണ്. അടുത്ത പെരുന്നാളിന് മുമ്പ് പ്രതിസന്ധികള്‍ അവസാനിക്കുമെന്ന വിശ്വാസത്തിലാണ് ബുഷ്‌റ.