പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുണര്‍ത്തി ഇസ്ലാം മതവിശ്വാസികള്‍ വ്യാഴാഴ്ച ബദര്‍ദിനമാചരിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ എല്ലാ ചടങ്ങുകളും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ചായിരിക്കും നടക്കുക. പരമാവധി വീടുകളില്‍ മൗലീദ് കഴിച്ചും കുടുംബസമേതം പ്രാര്‍ഥന നടത്തിയും ബദര്‍ദിനത്തിന്റെ പുണ്യം നേടാനാണ് മഹല്ല് കമ്മിറ്റികളും വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.

പള്ളികളിലും ഇത്തവണ കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും മൗലീദ് ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്തുക. ഇതിന്റെ ഭാഗമായി വീടുകളില്‍നിന്ന് പള്ളികളിലേക്കും തിരിച്ചുമുള്ള മധുരപലഹാര വിതരണവും നേര്‍ച്ചച്ചോറ് വിതരണവും ഉണ്ടായിരിക്കില്ല. യൗമുല്‍ ഫുര്‍ഖാന്‍ (സത്യവും അസത്യവും തമ്മില്‍ വേര്‍പിരിഞ്ഞ ദിനം) എന്നാണ് ഈ ദിവസത്തെ വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 14-ാം നൂറ്റാണ്ട് മുന്‍പ് വിശുദ്ധ റംസാനിലെ പതിനേഴാം നാളിലാണ് അറേബ്യന്‍ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ബദര്‍യുദ്ധം നടന്നത്.

ഹിജ്റ രണ്ടാം വര്‍ഷത്തിലെ റംസാനിലാണ് ഇപ്പോഴത്തെ സൗദി അറേബ്യയിലെ മദീനക്കടുത്ത ബദര്‍ താഴ്വരയിലാണ് അനീതിക്കും അധര്‍മത്തിനുമെതിരേ ഒരുപറ്റം വിശ്വാസികള്‍ രക്തസാക്ഷിത്വം വരിക്കാനായി ഇറങ്ങിത്തിരിച്ചത്. 313 പേരടങ്ങുന്ന മുസ്ലിങ്ങളുടെ സൈന്യമാണ് ആയിരത്തോളം വരുന്ന ഖുറൈശി സൈന്യത്തോട് ഏറ്റുമുട്ടി വിജയം നേടിയത്. ഈ വിജയത്തിന്റെ സ്മരണ പുതുക്കല്‍കൂടിയാണ് വിശ്വാസികള്‍ക്ക് ബദര്‍ദിനം. ഈ ധര്‍മയുദ്ധത്തില്‍ പങ്കെടുത്തവരെ 'ബദ്രീങ്ങള്‍' എന്ന പേരിലാണ് വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 

ബദര്‍ദിനത്തില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാറുമുണ്ട്. പക്ഷേ, കോവിഡിന്റെ രണ്ടാം തരംഗം ബദര്‍ദിനാചരണത്തെ നിയന്ത്രിതമാക്കിയിട്ടുണ്ട്. പള്ളികളില്‍ ചെറിയ രൂപത്തിലുള്ള പ്രാര്‍ഥന മാത്രം സംഘടിപ്പിച്ച് ജനക്കൂട്ടം ഒഴിവാക്കാന്‍ മതനേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.