വള്യാട്: പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തത ഇന്നൊരു വാര്‍ത്തയല്ല, ഇപ്പോഴിതാ റംസാന്‍ ഇഫ്താറുകള്‍ക്ക് വിളമ്പേണ്ട പഴവര്‍ഗങ്ങളും സ്വന്തമായി കൃഷിചെയ്ത് കൂട്ടായ്മ. വള്ള്യാട് അടുവാട്ടില്‍ അഹമ്മദ് മസ്ജിദ് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് മസ്ജിദ് പറമ്പിലും സമീപത്തെ വീടുകളിലും പഴവര്‍ഗങ്ങളും കൃഷിചെയ്യുന്നത്.

തണ്ണിമത്തന്‍, പപ്പായ, വാഴപ്പഴം, പാഷന്‍ഫ്രൂട്ട്, സപ്പോട്ട എന്നിവയെല്ലാം കായ്ച്ചുനില്‍ക്കുന്നു. തണ്ണിമത്തന്റെ വിളവെടുപ്പ് തുടങ്ങി. മസ്ജിദ് അങ്കണത്തില്‍ നടക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് ഇവിടെ വിളയിച്ച പഴവര്‍ഗങ്ങള്‍ മാത്രം മതിയെന്ന തീരുമാനത്തിലാണ് കമ്മിറ്റി. പരമ്പരാഗത കര്‍ഷകനും പ്രകൃതിസ്‌നേഹിയുമായ മലയില്‍ അമ്മദും പ്രവാസിയായ വടക്കയില്‍ പോക്കര്‍ ഹാജിയും സെക്രട്ടറി ബഷീര്‍ അടുവാട്ടിലുമാണ് കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്. പ്രദേശത്തെ യുവജനകൂട്ടായ്മയായ ജബല്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ പിന്തുണയുമുണ്ട്.

ലോക്ഡൗണ്‍ സമയത്ത് ജബലിന്റെ നേതൃത്വത്തില്‍ വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പാക്കിയിരുന്നു. മിക്ക വീടുകളിലും ഇതിന്റെ ഭാഗമായി പച്ചക്കറിക്കൃഷി ചെയ്തു. പപ്പായയും പാഷന്‍ ഫ്രൂട്ടും വാഴക്കൃഷിയുമെല്ലാം ആ സമയത്ത് തുടങ്ങിയതാണ്. വിവിധ വീടുകളിലായി നാനൂറോളം വാഴകളുണ്ട്. ഇതില്‍ നേന്ത്രനും കദളിയും മൈസൂര്‍പ്പഴവുമെല്ലാമുണ്ട്. റെഡ് ലേഡി ഇനം പപ്പായയാണ് കൃഷിചെയ്തത്.

തണ്ണിമത്തന്‍ കൃഷി തുടങ്ങിയത് രണ്ടുമാസം മുമ്പാണ്. നല്ല വിളവാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇഫ്താറിന് വേണ്ട തണ്ണിമത്തനെല്ലാം ഇവിടെനിന്ന് കിട്ടുമെന്നാണ് പ്രതീക്ഷ. പൂര്‍ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. ഇതിനകം മൂന്നുതവണ വിളവെടുത്തു.

തണ്ണിമത്തന്‍ വിളവെടുപ്പില്‍ കൃഷി കൂട്ടായ്മയിലെ അംഗങ്ങളായ അമ്മദ് ഹാജി വടക്കയില്‍, ഫാറൂഖ് മുസ്ല്യാര്‍, ഇബ്രാഹിം ആയടുത്തും പൊയില്‍, ഹമീദ് ചെമ്മാണീമ്മല്‍, ഇബ്രാഹിം പൂവുള്ളതില്‍, ഫൈസല്‍ അരൂറ, എ. ഷമീം, അന്‍ഷിഫ്, ഷൗക്കത്ത് അടുവാട്ടില്‍, നസീര്‍ ഉറു മാണ്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.