ചേരുവകള്‍

കുനാഫ മാവ് (കാതായിഫ്) - 250 ഗ്രാം 
പാല്‍- രണ്ട് കപ്പ് 
കോണ്‍ഫ്ലവര്‍ -രണ്ട് ടീസ്പൂണ്‍ 
വനില എസന്‍സ്-രണ്ട് തുള്ളി 
ക്രീം- ഒരു കപ്പ് 
(പഞ്ചസാര മിശ്രിതത്തിന് വെള്ളം അരകപ്പ്, പഞ്ചസാര ഒരു കപ്പ്) 

പാകം ചെയ്യുന്നവിധം: 

ആദ്യം വെള്ളവും പഞ്ചസാരയും മിശ്രിതമാക്കി 'ഷുഗര്‍ സിറപ്പ്' തയ്യാറാക്കുക.ഒരു വലിയ പാത്രത്തില്‍ 'കുനാഫ മാവ്' (കാതായിഫ് എന്നപേരില്‍ എല്ലാ സൂപ്പര്‍മാര്‍ക്കാറ്റുകളിലും ലഭ്യമാണ്) നന്നായി കൈകൊണ്ട് പൊടിച്ചിടുക. ശേഷം ഉരുക്കിയ നെയ്യ് ചേര്‍ത്ത് നന്നായി മിശ്രിതമാക്കി വെക്കുക. പിന്നീട് അതിനാവശ്യമായ ക്രീം തയ്യാറാക്കുക.

പാല്‍, കോണ്‍ ഫ്ലവര്‍, വനില എസന്‍സ് എന്നിവയില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി മിശ്രിതമാക്കുക. തുടര്‍ന്ന് കട്ടി ആവുന്നതുവരെ കുറുക്കി എടുക്കുക. തീ കെടുത്തിയതിന് ശേഷം ഫ്രഷ് ക്രീം, ചീസ് എന്നിവയിട്ട് നല്ലപോലെ ഇളക്കുക. ക്രീം തയ്യാര്‍, തുടര്‍ന്നൊരു പാനില്‍ അധികം നെയ്യ് തടവി കുനാഫ മാവ് നന്നായി അമര്‍ത്തി പരത്തി കൊടുക്കുക.

അതിനുമുകളില്‍ ക്രീം നിറച്ചുകൊടുക്കുക. വീണ്ടും മുകളില്‍ കുനാഫ മാവ് മിശ്രിതമിട്ട് മൂടുക. പിന്നീട് ചൂടായ ഓവനില്‍ 180 ഡിഗ്രിയില്‍ സ്വര്‍ണനിറമാകുന്നതുവരെ ചുട്ടെടുക്കുക. ക്രീം നിറയ്ക്കുന്നതിന് പകരം മൊസറല്ല ചീസ് ഉപയോഗിച്ചും തയ്യാറാക്കാം. പഞ്ചസാര മിശ്രിതം ചേര്‍ത്ത് ചൂടോടെ കഴിക്കാം.