രുചിയുടെ പൂക്കാലമായാണ് ഓരോ റംസാനും വിരുന്നെത്തുന്നത്. പ്രിയപ്പെട്ടവര്‍ക്കായി തീന്‍മേശയില്‍ രുചിയൂറും വിഭവങ്ങളൊരുക്കിവെക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്ന കാലം. ഇഫ്താര്‍ വിരുന്നുകള്‍ സന്തോഷത്തിന്റെ കൂടാകുന്നതില്‍ വലിയൊരു പങ്കു വഹിക്കുന്നത് വിഭവങ്ങളുടെ സ്വാദ് തന്നെയാണ്. മലബാറും ഗള്‍ഫുമൊക്കെ സമ്മാനിച്ച വിഭവങ്ങളുടെ സ്വാദ് നമ്മുടെ തീന്‍മേശകളിലെത്തുന്ന കാലം. റംസാന്‍ കാലത്ത് പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കാവുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് കതൃക്കടവ് സ്‌കൈലൈന്‍ ടോപ്പസ് ഫ്‌ളാറ്റിലെ കെ.എസ്. ഷമീമ.

ഇറച്ചിപ്പത്തിരി 

ആവശ്യമായ ചേരുവകള്‍

1. മൈദ - ഒന്നര കപ്പ്

2. നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍

3. എല്ലില്ലാത്ത ചിക്കന്‍ എണ്ണയില്‍ വറുത്തെടുത്തത് - 250 ഗ്രാം

4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍ വീതം

5. പച്ചമുളക് - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്

6 സവാള - രണ്ടെണ്ണം

7. ഗരം മസാല- ഒരു ടീസ്പൂണ്‍

8. മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍

9. മുളകുപൊടി- ഒരു ടീസ്പൂണ്‍

10. കുരുമുളകു പൊടി - ഒരു ടീസ്പൂണ്‍

11. മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍

12. കറിവേപ്പില, മല്ലിയില, ഉപ്പ് - ആവശ്യത്തിന്

13. ഓയില്‍ - രണ്ട് ടേബിള്‍ സ്പൂണ്‍

ഫ്രൈ ചെയ്യുന്നതിനും കോട്ടു ചെയ്യുന്നതിനും ആവശ്യമുള്ള സാധനങ്ങള്‍

കോഴിമുട്ട - രണ്ടെണ്ണം

പഞ്ചസാര - ഒരു സ്പൂണ്‍

പൊരിച്ചെടുക്കാന്‍ വേണ്ട ഓയില്‍

ഉണ്ടാക്കേണ്ട വിധം

ചൂടാക്കിയ പാത്രത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ഉപ്പു ചേര്‍ത്ത് വഴറ്റിയെടുക്കുക. സവാള മൂത്തുവരുമ്പോള്‍ വറുത്തെടുത്ത ചിക്കന്‍ അതില്‍ ചേര്‍ക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന മസാലകള്‍ അതില്‍ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുമ്പോള്‍ അടുപ്പ് ഓഫ് ചെയ്യുക. മൈദ മാവ് കുഴച്ചെടുത്ത് ത്രികോണാകൃതിയില്‍ പരത്തിയെടുക്കുക. ശേഷം തയ്യാറാക്കി െവച്ചിരിക്കുന്ന ചിക്കന്‍ അതില്‍ നിറയ്ക്കുക. ശേഷം മുട്ട, പഞ്ചസാര, ഒരനുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക. അതിലേക്ക് ഫില്‍ ചെയ്തു െവച്ചിരിക്കുന്ന പത്തിരി മുക്കിയെടുത്ത് ഫ്രൈ ചെയ്‌തെടുക്കുക

മില്‍ക്ക് പുഡ്ഡിങ്

ആവശ്യമായ ചേരുവകള്‍

പഞ്ചസാര - മൂന്ന് ടേബിള്‍ സ്പൂണ്‍

വെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍

പാല്‍ - അര ലിറ്റര്‍

റവ - മൂന്ന് ടേബിള്‍ സ്പൂണ്‍

പഞ്ചസാര - അഞ്ച് ടേബിള്‍ സ്പൂണ്‍

മുട്ട - രണ്ടെണ്ണം

വാനില എസ്സെന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ വെണ്ണ ഒഴിച്ച് ചെറിയ ചൂടില്‍ മൂന്നു മിനിറ്റ് ചൂടാക്കുമ്പോള്‍ സ്വര്‍ണനിറം വരും. അപ്പോള്‍ തന്നെ പുഡ്ഡിങ്‌ േട്രയില്‍ ഒഴിച്ച് മാറ്റിവയ്ക്കുക. ഒരു പാത്രം അടുപ്പില്‍ െവച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നെയ്യ് ചൂടായതിനു ശേഷം അര ലിറ്റര്‍ പാല്‍ ഒഴിച്ച് ഇളക്കുക. ശേഷം പഞ്ചസാരയും റവയും ചേര്‍ത്ത് വേവിക്കുക. റവ വെന്തതിനു ശേഷം അടുപ്പില്‍ നിന്ന് ഇറക്കി തണുപ്പിക്കുക.

വേറൊരു ബൗളില്‍ മുട്ടയും വാനില എസ്സെന്‍സും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അതിലേക്ക് വേവിച്ചെടുത്ത പാലും റവയും കുറേശ്ശെ ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കുക. ശേഷം പുഡ്ഡിങ്‌ േട്രയില്‍ സൈഡില്‍ ബട്ടര്‍ പുരട്ടിയ ശേഷം മിക്‌സ് ചെയ്‌തെടുത്ത ഐറ്റം േട്രയില്‍ ഒഴിച്ച് 25 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക. എന്നിട്ട് ഫ്രിഡ്ജില്‍ െവച്ച് തണുപ്പിക്കുക. തണുപ്പിച്ച മില്‍ക്ക് പുഡ്ഡിങ് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി മുറിച്ച് പീസ് ആക്കി കഴിക്കാം.

സാബുധനാ ഫ്രൂട്സ് കസ്റ്റാഡ് (ചൗഅരി)

ആവശ്യമായ ചേരുവകള്‍

1. ചൗവ്വരി മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത് - അര കപ്പ്

2. പാല്‍ - അര ലിറ്റര്‍

3. പഞ്ചസാര - അഞ്ച് ടേബിള്‍ സ്പൂണ്‍

4. കസ്റ്റാഡ് പൗഡര്‍ - രണ്ട് ടേബിള്‍ സ്പൂണ്‍

5. നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍

6. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - ഒരുപിടി വീതം

7. പഴുത്ത മാങ്ങ, റോബസ്റ്റ, മാതള നാരങ്ങ

പാചകം ചെയ്യേണ്ട വിധം

ഒരു പാത്രത്തില്‍ അഞ്ചു കപ്പ് വെള്ളത്തില്‍ ചൗവ്വരി ഇട്ട് 15 മിനിറ്റ് മീഡിയം ചൂടില്‍ വേവിക്കുക. ശേഷം അര ലിറ്റര്‍ പാലില്‍ നിന്ന് ഒരു കപ്പ് മാറ്റിവച്ചതിനു ശേഷം ബാക്കി മൊത്തമായി ചൗവ്വരിയില്‍ ചേര്‍ക്കുക. മാറ്റിവച്ച പാലില്‍ കസ്റ്റാഡ് പൗഡര്‍ കലക്കി തിളച്ച പാലിലും ചൗവ്വരിയിലും ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കുക. ചൗവ്വരി നന്നായി തിളച്ചതിനു ശേഷം തണുപ്പിക്കുക. ശേഷം നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും നെയ്യോടെ ഇതില്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ നിന്ന് എടുത്ത് മുകളില്‍ പറഞ്ഞ പഴങ്ങള്‍ ചെറുതായി അരിഞ്ഞ് ഇതില്‍ ചേര്‍ത്ത് കഴിക്കുക.