നിലാവുപോലെ ആര്‍ദ്രമായ നന്മയുടെ പൂക്കള്‍ മാത്രം വിരിയുന്ന സുന്ദരകാലം... റംസാന്‍. മനസ്സുനിറഞ്ഞ പ്രാര്‍ത്ഥനകളുടെ നൈര്‍മല്യത്തോടെയാണ് ഓരോ വിശ്വാസിയും റംസാനെ നെഞ്ചോടുചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ എന്നും എപ്പോഴും നന്മകളുടെ പൂക്കാലമായിരുന്നു റംസാന്‍... ഭക്തിയും ദാനശീലവും വിനയവും ആര്‍ദ്രതയുമെല്ലാം പൂവിടുന്ന കാലം.
നന്മയുടെ പൂക്കള്‍ വിടര്‍ത്തിയ സുഗന്ധം ശ്വസിച്ച് റംസാന്‍ എന്ന അനുഭവം അവസാന ഘട്ടത്തിലേക്കെത്തുന്ന നേരത്ത്, ഇത്ര പെട്ടെന്ന് ആ വിശുദ്ധകാലം തീര്‍ന്നുപോയല്ലോയെന്ന സങ്കടത്തിലാണ് വിശ്വാസികള്‍. കഴിഞ്ഞ കുറേ രാപകലുകളില്‍ റംസാന്‍ സമ്മാനിച്ച ഹൃദ്യമായ അനുഭവങ്ങളിലായിരുന്നു ഓരോ വിശ്വാസിയും ഒഴുകിനടന്നത്.
ആചാരങ്ങളിലും ആഘോഷങ്ങളിലും രുചിഭേദങ്ങളിലുമെല്ലാം വ്യത്യസ്തമായ കൊച്ചിക്കും റംസാന്‍ ഹൃദ്യമായ ഓര്‍മകളുടെ പൂക്കാലംതന്നെയാണ് സമ്മാനിച്ചത്.
വേനലിന്റെ കാഠിന്യത്തില്‍
വേനല്‍ച്ചൂടില്‍ പൊള്ളിയ കാലത്താണ് ഇക്കുറി റംസാന്‍, വിശ്വാസികള്‍ക്ക് മുന്നിലേക്ക് എത്തിയത്. വ്രതത്തിന്റെ കാഠിന്യത്തിനൊപ്പം വേനലിന്റെ കാഠിന്യവും ചേര്‍ന്നപ്പോള്‍ വിശ്വാസികള്‍ക്ക് ഈ റംസാന്‍ വലിയൊരു പരീക്ഷണമായിരുന്നു. 'റംസാനിലെ 'നോമ്പ്' വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട ഒരു കര്‍മമാണ്. ഇസ്ലാമിന്റെ 'പഞ്ചസ്തംഭ'ങ്ങളില്‍ ഒന്നായ നോമ്പിനെ ഓരോ വിശ്വാസിയും അത്രമേല്‍ ആവേശത്തോടെയാണ് കാത്തിരുന്നത്.
'ഇക്കുറി വേനലിന്റെ കാഠിന്യത്തിലാണ് നോമ്പ് നമുക്കുമുന്നിലേക്കെത്തിയത്. കടുത്ത വേനലായതിനാല്‍ നമുക്ക് ശാരീരികമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായി എന്നത് നേരാണ്. വേനലില്‍ ശരീരത്തില്‍ ജലത്തിന്റെ അംശം കുറയുന്നത് പലര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും മറികടന്ന് നോമ്പെടുക്കലാണ് ഒരു വിശ്വാസിയുടെ മനസ്സിനെ സന്തോഷപ്പെടുത്തുന്നത്. ഇത്തവണ നോമ്പുതുറന്ന ശേഷം പരമാവധി വെള്ളം കുടിക്കാന്‍ ശ്രമിച്ചിരുന്നു. പുലര്‍ച്ചെ അത്താഴത്തിന് എഴുന്നേല്‍ക്കുമ്പോഴും പരമാവധി വെള്ളം കുടിച്ചിരുന്നു. നോമ്പുതുറക്കുന്ന നേരത്ത് എണ്ണപ്പലഹാരങ്ങള്‍ അധികം കഴിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. പഴവര്‍ഗങ്ങളും വെള്ളവും അധികമായി ഉള്‍പ്പെടുത്തുന്നതാണ് വേനല്‍ക്കാലത്തെ നോമ്പില്‍ നല്ലതെന്ന് എല്ലാവരും മനസ്സിലാക്കിയായിരുന്നു. വേനലിന്റെ കാഠിന്യത്തെ മറികടന്ന് നോമ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്...' -ഇടപ്പള്ളി പള്ളിയുടെ മുറ്റത്തുനിന്ന് അഹമ്മദ് കബീര്‍ പറഞ്ഞ വാക്കുകളില്‍ ഇത്തവണത്തെ നോമ്പുകാലത്തിന്റെ കൃത്യമായ ചിത്രമുണ്ടായിരുന്നു.
പതിവുപോലെ തലനോമ്പ്
റംസാനിലെ ആദ്യ നോമ്പുകളെ 'തലനോമ്പ്' എന്നാണ് വിശ്വാസികള്‍ വിളിക്കുന്നത്. കൊച്ചിക്കാര്‍ പക്ഷേ, തലനോമ്പില്‍ കേരളത്തില്‍ മറ്റിടങ്ങളില്‍ ഇല്ലാത്ത ചില രീതികള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. ഇത്തവണയും അതിന് മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കൊച്ചിക്കാര്‍ പറഞ്ഞത്.
'പുതുവസ്ത്രങ്ങള്‍ അണിഞ്ഞാണ് ഞങ്ങള്‍ കൊച്ചിക്കാര്‍ ഇത്തവണയും തലനോമ്പിനെ വരവേറ്റത്. റംസാന്‍ എന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഒരുപാട് ലഭിക്കുന്ന കാലമാണ്. അല്ലാഹു തരുന്നതിനെ സ്വീകരിക്കാന്‍ മനസ്സ് പാകപ്പെടുന്നതുപോലെ ശരീരവും പാകപ്പെടണം. പുതുവസ്ത്രമണിയുന്നതോടെ ശരീരവും അങ്ങനെ പാകപ്പെടുന്നുവെന്നതിന്റെ സന്ദേശമാണിതിലൂടെ നല്‍കുന്നത്. കൊച്ചിയുടെ നാഗരിക സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് പുതുവസ്ത്രമെന്ന വാദം ഉയര്‍ത്തുന്നവരുമുണ്ട്. വാദങ്ങള്‍ എന്തൊക്കെയായാലും ശരി, ഞങ്ങള്‍ കൊച്ചിക്കാരില്‍ പലരും പുതുവസ്ത്രമണിഞ്ഞാണ് ഇത്തവണയും നോമ്പിനെ സ്വീകരിച്ചത്. കേരളത്തില്‍ മറ്റെവിടെയെങ്കിലും ഈ രീതി പിന്തുടരുന്നുണ്ടോയെന്ന് എനിക്കറിയില്ല. കൊച്ചിക്കാരുടെ പുതുവസ്ത്രങ്ങളണിഞ്ഞ തലനോമ്പ് ഇനിയും ഒരുപാടുകാലം തുടരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ കാരണവന്‍മാര്‍ ഞങ്ങളോട് പറഞ്ഞുതന്നതാണ് ഈ രീതി. ഞങ്ങളില്‍ നിന്ന് അത് കണ്ടുപഠിച്ച് പുതിയ തലമുറയും പുതുവസ്ത്രമെന്ന രീതി പിന്തുടരുന്നത് ശുഭസൂചനയാണ്...' -അബ്ദുല്‍ സമദിന്റെ വാക്കുകളില്‍ കൊച്ചിയുടെ നോമ്പുകാലം തെളിഞ്ഞു.
വിശുദ്ധിയുടെ പൂക്കാലം
പുതുവസ്ത്രമെന്ന സങ്കല്‍പ്പത്തിനൊപ്പം വീടുകളിലെ ശുദ്ധിയും റംസാനില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. റംസാന്‍ എത്തുന്നതിന് മുമ്പേ വീടും പരിസരവും ശുദ്ധിയാക്കിത്തുടങ്ങാന്‍ വിശ്വാസികള്‍ ശ്രമിക്കാറുണ്ട്. റംസാനില്‍ മുഴുവന്‍ ആ വിശുദ്ധി നിലനിര്‍ത്താനും അവര്‍ പരമാവധി ശ്രമിക്കാറുമുണ്ട്.
'നോമ്പുകാലം വിശുദ്ധിയുടെ കാലമായിട്ടാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാകേണ്ട കാലമാണ് റംസാന്‍. അതുകൊണ്ടുതന്നെ വ്രതശുദ്ധിയിലേക്ക് വരുമ്പോള്‍ നമ്മുടെ മനസ്സുപോലെ പരിസരങ്ങളും ശുദ്ധിയാകേണ്ടതുണ്ട്. പള്ളിയും വീടും പരിസരങ്ങളുമെല്ലാം ഒരുപോലെ ശുദ്ധിയാക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് ശ്രമിക്കുന്നത് അതിനുവേണ്ടിയാണ്. വീടുകള്‍ ശുദ്ധിയാക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രമിക്കുന്ന കാലമാണ് റംസാന്‍. ഇത്തവണയും അതിന് ഞങ്ങള്‍ ഒരു മുടക്കവും വരുത്തിയില്ല. റംസാന് മുമ്പുള്ള മുഹറം മുതല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ തുടങ്ങാറുണ്ട്. ആ വിശുദ്ധിയുടെ തുടര്‍ച്ചയാണ് റംസാനിലെ ദിനങ്ങളിലും ഞങ്ങള്‍ നിലനിര്‍ത്തുന്നത്. വിശുദ്ധിയോടെ റംസാനെ സ്വീകരിക്കാനും അത് നിലനിര്‍ത്താനും കഴിയണമേയെന്നാണ് ഓരോ നേരത്തെ നിസ്‌കാരത്തിലും ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുള്ളത്...' -ബുഷ്റ അബ്ദുവിന്റെ വാക്കുകളില്‍ റംസാന്‍, വിശ്വാസികളെ എങ്ങനെ മാറ്റുന്നുവെന്നതിന്റെ കൃത്യമായ അടയാളങ്ങളുണ്ടായിരുന്നു.
പള്ളികള്‍ നിറയുമ്പോള്‍
പ്രാര്‍ത്ഥനകളുടെ ആര്‍ദ്രതയില്‍ പള്ളികള്‍ നിറയുന്ന കാലം... റംസാന്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന് അതാണ്.
'അഞ്ചുനേരത്തെ നിസ്‌കാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എല്ലാ കാലത്തും നിസ്‌കാരം നിര്‍ബന്ധമാണെങ്കിലും റംസാനില്‍ നിസ്‌കാരത്തിന് വിശ്വാസികള്‍ കൂടുതല്‍ ശ്രമിക്കാറുണ്ട്. കൊച്ചിയിലെ പല പള്ളികളും ഈ റംസാന്‍കാലത്ത് വലിയ തിരക്കിലായിരുന്നു. വിശ്വാസികളുടെ തിരക്ക് കൂടിയതോടെ നിസ്‌കരിക്കാനും നോമ്പുതുറക്കാനുമൊക്കെയായി പള്ളികളിലെല്ലാം കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചത്തെ 'ജുമാ നമസ്‌കാര'ത്തിന് വിപുലമായ സൗകര്യങ്ങളാണ് പല പള്ളികളിലും ഏര്‍പ്പെടുത്തിയത്. രാത്രിയിലെ 'തറാവീഹ്' നമസ്‌കാരത്തിനും വിശ്വാസികളുടെ വലിയ ഒഴുക്ക് തന്നെയാണ് ഇത്തവണയും അനുഭവപ്പെട്ടത്. പള്ളികളിലെ നോമ്പുതുറക്കലിനായി എല്ലാവരും ചേര്‍ന്ന് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. എല്ലാവര്‍ക്കും കഴിക്കാന്‍ ആവശ്യമായ ഭക്ഷണസാധനങ്ങളെല്ലാം പലരും സ്‌പോണ്‍സര്‍ ചെയ്തിരുന്നു...' -നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിവന്ന മുഹമ്മദ് നിസാറിന്റെ വാക്കുകളില്‍ റംസാനിലെ പള്ളികളുടെ ചിത്രം തെളിഞ്ഞു.
രുചിയുടെ പൂക്കാലം
റംസാന്‍ വിരുന്നെത്തുമ്പോള്‍ ഒപ്പം രുചിയുടെ പൂക്കാലവും തെളിയും. കാരയ്ക്കയും വെള്ളവും കഴിച്ച് തുടങ്ങുന്ന ലളിതമായ നോമ്പുതുറ മുതല്‍ വ്യത്യസ്ത വിഭവങ്ങളുടെ രുചിക്കാലം തന്നെയായി റംസാന്‍ മാറാറുണ്ട്. റംസാനിലെ ദിനങ്ങള്‍ കൊച്ചിയില്‍ വ്യത്യസ്ത രുചികളുടെ പൂക്കാലമാണ്. പശ്ചിമ കൊച്ചിയില്‍ ഒട്ടേറെ അറേബ്യന്‍ വിഭവങ്ങള്‍ വിരുന്നെത്തുന്ന കാലമാണിത്.
നഗരമധ്യത്തിലേക്ക് വന്നാല്‍ കലൂര്‍ കറുകപ്പള്ളി ഭാഗമാണ് കൊച്ചിയിലെ റംസാന്‍ രുചിയുടെ കലവറ. തനി നാടന്‍ വിഭവങ്ങള്‍ക്കും മലബാറില്‍ നിന്നുള്ള വിഭവങ്ങള്‍ക്കും പുറമെ, ഒരുപാട് അറേബ്യന്‍ വിഭവങ്ങളും കറുകപ്പള്ളിയിലെ തെരുവുകളില്‍ വില്‍പ്പനയ്‌ക്കെത്താറുണ്ട്.
ഇത്തവണയും വളരെ ഉഷാറായാണ് റംസാന്‍ വിഭവങ്ങളുടെ കച്ചവടം നടന്നതെന്നാണ് കച്ചവടക്കാര്‍ പറഞ്ഞത്. വിശ്വാസികള്‍ക്കൊപ്പം മറ്റു മതസ്ഥരും ഈ വിഭവങ്ങള്‍ വാങ്ങാന്‍ കറുകപ്പള്ളിയില്‍ എത്താറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. കൊച്ചിയിലെ ഒരുപാട് സ്ത്രീകള്‍ വീടുകളില്‍ പാകം ചെയ്യുന്ന വിഭവങ്ങള്‍ കച്ചവടത്തിനായി കടകളില്‍ എത്തിക്കുന്ന കാലംകൂടിയാണ് റംസാന്‍. ശരീരത്തിന് തണുപ്പും ആരോഗ്യവും നല്‍കുന്ന 'തരിക്കഞ്ഞി' എന്ന വിഭവം ഇന്ന് നഗരത്തിലെ മിക്ക ബേക്കറികളിലും എത്തുമ്പോള്‍ അതിന്റെ അണിയറയിലുള്ളതും വീടുകള്‍ കേന്ദ്രീകരിച്ച സ്ത്രീകളുടെ പ്രവര്‍ത്തനം തന്നെയാണെന്നത് റംസാനിലെ സന്തോഷക്കാഴ്ചകളിലൊന്നാണ്.
ശവ്വാലമ്പിളി തെളിയുമ്പോള്‍
റംസാന്‍ വിടചൊല്ലുമ്പോള്‍ പടിഞ്ഞാറേ മാനത്ത് 'ശവ്വാലമ്പിളി' തെളിയും... ഇനി പെരുന്നാളിന്റെ സന്തോഷമാണ് വിശ്വാസികളുടെ മനസ്സുനിറയെ. കൊച്ചിയുടെ പെരുന്നാള്‍ എന്നു പറയുമ്പോള്‍ 'അമ്മായിമുക്കി'ലെ പെരുന്നാള്‍ രാവില്ലാതെ എന്താഘോഷമാണ് എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. മറ്റെവിടെയും പെരുന്നാള്‍ ആഘോഷത്തിന് ഇത്രയും നിറങ്ങള്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.
മട്ടാഞ്ചേരിയിലെ അമ്മായിമുക്കില്‍ രാവിനെ പകലാക്കി മാറ്റിയാണ് പെരുന്നാളിനെ വരവേല്‍ക്കുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളും മൈലാഞ്ചിയും സ്ത്രീകളുടെ സന്തോഷമാകുമ്പോള്‍ കളിപ്പാട്ടങ്ങളും പടക്കവും പൂത്തിരിയും കമ്പിത്തിരിയുമെല്ലാം കുട്ടികളുടെ ആഹ്ലാദക്കാഴ്ചകളായി അവിടെ തെളിയും. രുചിയൂറുന്ന ഒട്ടേറെ ഭക്ഷണവിഭവങ്ങളും അമ്മായിമുക്കില്‍ നിങ്ങളെ കാത്തിരിക്കുമ്പോള്‍ പെരുന്നാള്‍ തകര്‍പ്പനാകുമെന്നതില്‍ സംശയം വേണ്ട.
കൊച്ചിയുടെ മറ്റു ഭാഗങ്ങളിലും പെരുന്നാള്‍ ആഘോഷത്തിന് നിറങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ, എല്ലാ കണ്ണുകളും അവിടേക്കായിരുന്നു... അതാ, പടിഞ്ഞാറേ മാനത്ത് ആഹ്ലാദപ്പെരുന്നാളിന്റെ ശവ്വാലമ്പിളി തെളിയുന്നു.
Content Highlights: EidulFitr 2019,Eid Mubarak 2019,EidulFitr Kerala,Eid Celebrations Kochi,Eid