കോഴിക്കോട്: ചെറിയ പെരുന്നാളിന് വസ്ത്രമെടുക്കാന്‍ കൊണ്ടുവന്ന പണം നഷ്ടമായപ്പോള്‍ മുസ്തഫയുടെ മനസ്സ് നിറയെ സങ്കടവും നിരാശയുമായിരുന്നു. പക്ഷേ, ആ സങ്കടം തൊട്ടടുത്ത ദിവസം സന്തോഷമായി മാറിയതിന് മൂഴിക്കല്‍ സ്വദേശിയായ പ്രവീണിന് നന്ദിപറയുകയാണ് നല്ലളം പത്തായക്കണ്ടി മുഹമ്മദ് മുസ്തഫയും ഉമ്മ റംലയും.

ഉമ്മയുടെ കൈയില്‍നിന്ന് എ.ടി.എം. കാര്‍ഡ് വാങ്ങി അതില്‍നിന്ന് രണ്ടായിരം രൂപയുമെടുത്ത് വെള്ളിയാഴ്ച മിഠായിത്തെരുവില്‍ എത്തിയതായിരുന്നു മുസ്തഫ. പക്ഷേ, പോക്കറ്റില്‍നിന്ന് ഫോണ്‍ എടുക്കുന്നതിനിടെ എ.ടി.എം. കാര്‍ഡും പുതുവസ്ത്രം വാങ്ങാന്‍ കരുതിവെച്ച പണവും നഷ്ടപ്പെട്ടു. തുണിക്കടയില്‍ കയറിയപ്പോഴാണ് കൈയില്‍ പണമില്ലെന്ന് മനസ്സിലാവുന്നത്. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ പെരുന്നാള്‍ കോടിയെടുക്കാതെ മുസ്തഫ വീട്ടിലേക്ക് മടങ്ങി.

പിന്നീട് ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ പൈക്കാട്ട് ഏജന്‍സിയിലെ ഡ്രൈവറായ മൂഴിക്കല്‍ കോരക്കുന്നുമ്മല്‍ പ്രവീണിന് മൊയ്തീന്‍ പള്ളിറോഡ് ജങ്ഷനുസമീപത്തുനിന്ന് രണ്ടായിരം രൂപയും എ.ടി.എം. കാര്‍ഡുംകിട്ടി. ഇത് ഫെയ്സ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തതോടെ വിവരം മുസ്തഫയുമറിഞ്ഞു. അങ്ങനെ ഒരിക്കലും കിട്ടില്ലെന്ന് കരുതിയ പണം ശനിയാഴ്ച വൈകീട്ട് ടൗണ്‍സ്റ്റേഷനിലെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ മുസ്തഫയും സുഹൃത്തും ഏറ്റുവാങ്ങി.

മൂവായിരം രൂപയാണ് ആകെ എ.ടി.എം. കാര്‍ഡിലുണ്ടായിരുന്നത്. കാര്‍ഡിനു പുറത്ത് റംല എന്ന പേരുമുണ്ടായിരുന്നു. ഫെയ്സ്ബുക്കില്‍ കണ്ട് അവകാശപ്പെട്ട് പലരും വിളിച്ചെങ്കിലും അവരൊന്നും യഥാര്‍ഥ അവകാശികളല്ലെന്ന് മനസ്സിലായതോടെ ഒഴിവാക്കി. ബാങ്കിലെ സുഹൃത്ത് വഴി നല്ലളത്തെ റംലയുടേതാണ് എ.ടി.എം. കാര്‍ഡെന്ന് പ്രവീണ്‍ ഉറപ്പുവരുത്തുകയും ചെയ്തു. ഒടുവില്‍ ശനിയാഴ്ച രാത്രി മുസ്തഫ നഗരത്തില്‍ തന്നെ വന്ന് പെരുന്നാള്‍ക്കോടിയെടുത്ത് നല്ലളത്തേക്ക് മടങ്ങി.

Content Highlights: A man helps to find out missing money for taking eid dress in kozhikode