നോമ്പുതുറയ്ക്ക് ശേഷം ശീതളപാനീയക്കടകളിലും നാടന്‍ തട്ടുകടകളിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്. വീടുകളില്‍നിന്നും പള്ളികളില്‍നിന്നും നോമ്പുതുറക്കുന്നവര്‍ അതിനുശേഷം ഇത്തരം കടകളിലെത്തി വ്യത്യസ്തമായ വിഭവങ്ങളും കഴിക്കുന്നു. കുലുക്കി സര്‍ബത്ത്, ഐസ് ഒരതി, എഗ്ഗ് മസാല, ഗ്രീന്‍പീസ് തുടങ്ങിയ നിരവധി വിഭവങ്ങളാണ് റംസാനിലെ രാത്രികാലങ്ങളില്‍ രുചിമേളം തീര്‍ക്കുന്നത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ പുതിയൊരു അഡാര്‍ ഐറ്റമാണ് സര്‍ബത്ത് കടകളിലെ താരം- ഫുല്‍ജാര്‍ സോഡ. 

പേര് കേട്ട് അന്തംവിടേണ്ട, സംഭവം നമ്മുടെ കുലുക്കി സര്‍ബത്തിന്റെയെല്ലാം വേറൊരു വകഭേദമാണ്. പക്ഷേ, ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയും അല്പം വ്യത്യസ്തമാണെന്ന് മാത്രം. എന്തായാലും കേരളത്തിലാകെ ഇപ്പോള്‍ ഫുല്‍ജാര്‍ സോഡയ്ക്കാണ് ഡിമാന്‍ഡ്. പലയിടങ്ങളിലും ഫുല്‍ജാര്‍ സോഡ കുടിക്കാന്‍ മണിക്കൂറുകളോളമാണ് കാത്തുനില്‍ക്കേണ്ടത്. സംഭവം കിടുവായതോടെ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലും ഫുല്‍ജാര്‍ സോഡ വൈറലായി. ദിവസവും ഒട്ടേറേപേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. 

പുതിന ഇല, ഇഞ്ചി, കാന്താരിമുളക്, വേപ്പില, കസ്‌കസ്സ്, കറുവപ്പട്ട, ചെറുനാരങ്ങ നീര്, നറുനീണ്ടി, തേന്‍, ഉപ്പ്, പഞ്ചസാര ലായനി തുടങ്ങിയവയാണ് ഫുല്‍ജാര്‍ സോഡയിലെ പ്രധാന ചേരുവകള്‍. ഇവയെല്ലാം ഒരു ചെറിയ ഗ്ലാസില്‍ മിക്‌സ് ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇറക്കിവെക്കുന്നു. പിന്നെ ഒറ്റവലിക്ക് കുടിക്കുക. സംഭവം ഉഷാര്‍. 

Content Highlights: fuljar soda full jar soda kerala full jar soda ramadan, how to make full jar soda, ful jar soda