മാവേലി, പൂക്കളം, സദ്യ, പായസം, ഊഞ്ഞാൽ... ഓണക്കാലത്തെ നീണ്ടു പോകുന്ന ഓർമ്മകൾ. അതിരാവിലെകളിലെ പൂക്കുടുന്നകൾ നിറക്കാനുള്ള നെട്ടോട്ടം. കാടും മലകളും കയറിയിറങ്ങി, തോടും അരുവികളും ചാടിക്കടന്ന് പൂവിളികളുമായി കൂട്ടുകാരോടൊപ്പം ചേർന്നിറങ്ങുന്ന അതിരാവിലെകൾ. മൺതറയിൽ ചാണകം മെഴുകി പൂത്തറയൊരുക്കിയ ആ കാലമൊക്കെ മറഞ്ഞു തുടങ്ങിയിരിക്കുന്നു.

പൂക്കൾ ശേഖരിക്കാൻ വേണ്ടി കാടും മലയും കടന്നു പോയിരുന്നിടത്ത് നിന്ന് അതിരാവിലെ ചന്തകളിലേക്ക് ഓടിച്ചെന്ന് പൂക്കൾ വാങ്ങിച്ച് ഒരു ചടങ്ങ് തീർക്കൽ മാത്രമായി മാറിയിരിക്കുന്നു ഓണാഘോഷങ്ങൾ. മാർബിൾ തറകളിലേക്കും കാർപോർച്ചിലേക്കും പറിച്ചു നട്ട അന്യ സംസ്ഥാനത്ത് നിന്നെത്തുന്ന പൂക്കൾ.

പുതുവസ്ത്രമണിഞ്ഞ്, സദ്യ വിളമ്പി പായസമുണ്ട് ഓണ റിലീസ് ചിത്രങ്ങളും പിന്നെ കുറേ വീഡിയോകളും ഫോട്ടോസുകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ഓണാഘോഷം ഗംഭീരമാകുന്ന കാലത്താണ് നാം ഇപ്പോൾ. മാറുന്ന കാലത്ത് പലതും നഷ്ടപ്പെട്ടു കൊണ്ടിരിക്കകുയാണ് പുതുതലമുറയ്ക്ക്. 

എന്നാൽ പലപ്പോഴും പല ഓർമ്മകളെയും വീണ്ടെടുക്കാൻ സമൂഹ മാധ്യമങ്ങൾക്ക് സാധിക്കാറുണ്ട്. കോവിഡ് കാലത്ത് അകലങ്ങളിലിരുന്ന മനസ്സു കൊണ്ടടുത്ത് ഓണമുണ്ണാനും സ്നേഹം പങ്കുവെക്കാനും സമൂഹ മാധ്യമങ്ങൾ വളരെ ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.

ഓണ ഓർമ്മകളെക്കുറിച്ച് വൈറൽ താരം നവീൻ റസാഖ് പറയുന്നു.

"കഴിഞ്ഞ വർഷവും ഇത്തവണയും ഓണം ഓൺലൈനാണല്ലോ. 2019-ലാണ് ഗംഭീരമായി ഞാൻ ഓണം ആഘോഷിക്കുന്നത്. കോളേജിലുള്ള ഓണാഘോഷമായിരുന്നു അത്. അത് വലിയൊരു രീതിയിലുള്ള ആഘോഷം തന്നെയായിരുന്നു.

ബാച്ച് എൻട്രിയും ഡ്രസ് കോഡും പാട്ടും ഡാൻസുമൊക്കെയായുള്ള കോളേജ് ഓണാഘോഷം. ഇപ്പോൾ ഫൈനൽ ഇയറാണ്. അത് കൊണ്ട് തന്നെ ഇനി കുറച്ച് കാലം മാത്രമേ കോളേജ് ജീവിതം ഉള്ളൂ എന്നത് വിഷമകരമായ കാര്യം തന്നെയാണ്.

അടുത്തൊരു ഓണത്തിന് പാസ് ഔട്ടായിട്ടുണ്ടാകാം. അങ്ങനെയാകുമ്പോ കോളേജ് ലൈഫിലെ ഇനിയൊരു ഓണാഘോഷം ഇല്ല എന്നതാണ് വിഷമകരം. എന്നാൽ കഴിഞ്ഞ കാലത്തെ പല ഓർമ്മകളും കൂടെയുണ്ട് എന്നത് സന്തോഷം നൽകുന്ന കാര്യമാണ്."