മലയാളിയെ മലയാളിയായിത്തന്നെ നിലനിര്‍ത്തുന്ന വളരെ ചുരുക്കം ചില ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. ജാതിയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ലാത്ത ഒരു ആഘോഷം. രാജകീയമായ ആഘോഷങ്ങള്‍ക്ക് പേരുകേട്ട നഗരമാണ് തിരുവനന്തപുരം. ഓണം വരുന്നതോടെ തിരുവനന്തപുരത്തെ ആഘോഷങ്ങളുടെയും മാറ്റു കൂടും. പ്രൗഢഗംഭീരമായി ഓണമാഘോഷിക്കുന്നതില്‍ കേരളത്തില്‍ എന്നും മുന്നിലായിരുന്നു തിരുവനന്തപുരം. എഴ് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാത്ത തിരുവനന്തപുരത്തുകാര്‍ വളരെ വിരളമാണ്. 

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളിയെ വിട്ടൊഴിയാതെ ഒന്നിന് പുറകെ ഒന്നായി വന്നെത്തുന്ന ദുരന്തങ്ങള്‍ അതിന്റെ മാറ്റ് കുറച്ചിരിക്കുകയാണ്. വര്‍ണ്ണാഭമായ ഓണാഘോഷങ്ങളും കമ്പോളങ്ങളിലെ തിരക്കുകളും മറ്റും ഓര്‍മ്മയില്‍ നിന്നും മാഞ്ഞുതുടങ്ങിയിരിക്കുന്നു. 2018ലും 19ലും ഓണം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ 2020ല്‍ കോവിഡിന്റെ വരവാണ് മലയാളികളെ ഓണം ആഘോഷിക്കുന്നതില്‍ നിന്നും പിന്നോട്ടുവലിച്ചത്. ഇക്കൊല്ലവും സ്ഥിതി മറ്റൊന്നല്ല. കോവിഡ് അതിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന സമയമാണിത്. കോവിഡ് കാരണം ഇപ്പോള്‍ പൊതു ഇടങ്ങളിലെ ആഘോഷങ്ങളെല്ലാം നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.

ഓണത്തോടനുബന്ധിച്ചുള്ള സര്‍ക്കാരിന്റെ ടൂറിസം വാരാഘോഷങ്ങള്‍ ഉള്‍പ്പടെ ഉത്സവത്തിന്റെ നാളുകളായിരുന്നു ഓണമെന്നാല്‍ തിരുവനന്തപുരത്തുകാര്‍ക്ക്. പ്രകൃതിരമണീയതയില്‍ മുന്നിട്ടുനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇവിടെ ഓണാഘോഷപരിപാടികള്‍ നടന്നുവന്നിരുന്നത്. തലസ്ഥാനത്ത് നഗരത്തിനത്തും പുറത്തുമായി മുപ്പതിലധികം വേദികളിലാണ് പരിപാടികള്‍ നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ പല കോണുകളില്‍ ഉള്ള കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ക്കായി നഗരത്തില്‍ എത്തിയിരുന്നു. 

കേരളത്തിലെ വാസ്തുശില്പകലയുടെ ചാരുത വിളിച്ചറിയിക്കുന്ന കൊട്ടാരമാണ് കനകക്കുന്ന് കൊട്ടാരം. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് കനകക്കുന്ന് കൊട്ടാരത്തിലെ 'നിശാഗന്ധി' ഓഡിറ്റോറിയം. ഓണത്തോടനുബന്ധിച്ച് പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാര്‍ക്കിലാണ്. ഇവിടെ ഓണകാഴ്ചകള്‍ കാണാന്‍ തടിച്ചുകൂടുന്നവര്‍ക്ക് കണക്കുണ്ടായിരുന്നില്ല. ഒരാഴ്ച മുന്‍പ് തന്നെ നഗരത്തിലെ വിവിധ കെട്ടിടങ്ങളിലും റോഡിനിരുവശമുള്ള മരങ്ങളിലും തെളിയുന്ന വൈദ്യുത അലങ്കാരങ്ങള്‍ ഓണക്കാലത്ത് തലസ്ഥാന നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. തലസ്ഥാനത്ത് ഒരാഴ്ച നീണ്ട ആഘോഷപരിപാടികള്‍ക്ക് വര്‍ണശബളമായ ഘോഷയാത്രയോടെയാണ് കൊടിയിറങ്ങുന്നത്. വിവിധ വകുപ്പുകളുടെ ഫ്ളോട്ടുകള്‍ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് റോഡിനിരുവശവും തടിച്ചുകൂടുന്നത്. ഇതൊക്കെയാകും ഒരു തിരുവനന്തപുരത്തുകാരന്‍ ഈ ഓണം നാളുകളില്‍ അനുഭവിക്കാന്‍ പോകുന്ന എറ്റവും വലിയ നഷ്ടങ്ങള്‍. 

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കടുത്ത ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. വരും വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം മുക്തി നേടി ഇനിയും പൊതു ഇടങ്ങളിലെ ഇത്തരം പ്രൗഢഗംഭീരമായ ആഘോഷങ്ങള്‍ നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതിനൊപ്പം കൂടുതല്‍ കരുതലും ജാഗ്രതയും പുലര്‍ത്തി ഈ ഓണക്കാലവും സന്തോഷം നിറഞ്ഞതാക്കാം.