ലയാളക്കരയുടെ ദേശീയോത്സവമായ തിരുവോണവുമായി ബന്ധപ്പെട്ട് ഗ്രാമീണകേരളം വിവിധതരം ആചാരാനുഷ്ഠാനങ്ങള്‍ നടത്തിവന്നിരുന്നു. കര്‍ക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കല്‍ മുതല്‍ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു. പഴമതുളുമ്പുന്ന ചില ആചാരങ്ങള്‍ ഇതാ..

കലിയനുവെക്കല്‍

ഉണ്ടക്കണ്ണും പുറത്തേക്കുതള്ളിയ ചുവന്നനാക്കും ദംഷ്ട്രയുമുള്ള ഉഗ്രമൂര്‍ത്തിയാണ് കലിയന്‍. കര്‍ക്കടകത്തിന്റെ അധിപനാണിത്. കലിയന്‍ കോപിച്ചാല്‍ കര്‍ക്കടകം കലങ്ങും. കലിയനെ പ്രീതിപ്പെടുത്തിയാല്‍ സകലൈശ്വര്യങ്ങളും താനേവരും. ഓരോ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടതെന്നുതോന്നുന്ന ആഹാരം സംക്രമദിനത്തില്‍ ഉണ്ടാക്കി ഒരു പങ്ക് ചിരട്ടയില്‍ എടുത്ത് കലിയനെ സ്മരിച്ച് മാറ്റിവെക്കുന്നു. പ്‌ളാവില, കൂവയില, പച്ചയീര്‍ക്കില്‍, വാഴത്തട എന്നിവകൊണ്ട് കാള,  നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയില്‍ കലിയനു സമര്‍പ്പിക്കുമ്പോള്‍ ആര്‍പ്പും കുരവയും വാദ്യാഘോഷങ്ങളും മുഴങ്ങും.  'കലിയനോ കലിയന്‍... കനിയണേ ഭഗവന്‍' എന്നിങ്ങനെ ഉച്ചത്തില്‍ വിളിച്ച് കൈപ്പന്തങ്ങള്‍ കറക്കി ദോഷമകറ്റി കര്‍ക്കടകത്തെ പൊന്നിന്‍ചിങ്ങത്തിന്റെ 'പൈലറ്റാ'ക്കുന്നു.

പിള്ളേരോണം

ഇത് കര്‍ക്കടകമാസത്തിലെ തിരുവോണമാണ്. പിള്ളേരോണം, കുഞ്ഞോണം എന്നൊക്കെ വിളിപ്പേരുള്ള, ഈ ദിനംതൊട്ട് ഇരുപത്തെട്ടാം നാളാണ് ചിങ്ങത്തിരുവോണമെത്തുക. ഈ ദിവസം ഗൃഹഭരണം കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് മുതിര്‍ന്നവര്‍ മാറിനില്‍ക്കും.

ഉത്രക്കുമ്പളം

വിഷുവിന് വെള്ളരിയാണ് താരമെങ്കില്‍ തിരുവോണത്തിന് മത്തനും കുമ്പളങ്ങയുമാണ് പ്രധാനികള്‍. ഉത്രംനാളില്‍ തിരുമുറ്റത്ത് ഒരു പീഠത്തില്‍ തെക്കുവടക്കായി കുമ്പളങ്ങവെച്ചിട്ട് കാരണവര്‍ നീളന്‍ കത്തികൊണ്ട് കണ്ണടച്ചൊരുവെട്ട്! ഒത്ത നടുക്കുനിന്നു രണ്ടായിമുറിഞ്ഞാല്‍ സദ്ഫലങ്ങള്‍! ഇടത്തേ മുറി ചെറുതായാല്‍ സമ്പത്ത്; വലുതായാല്‍ മൃത്യു! കുമ്പളങ്ങ ചതഞ്ഞാല്‍ അപകടം എന്നിങ്ങനെയാണ് കൂശ്മാണ്ഡഫലം. കുമ്പളങ്ങ മുറിച്ച സ്ഥലം മെഴുകിയാണ് പിറ്റേന്ന് അത്തപ്പൂക്കളമൊരുക്കേണ്ടത്.
 
അത്തമത്തന്‍

അത്തംനാളിലിടുന്ന പൂക്കളത്തില്‍ ഇളം മഞ്ഞനിറമാര്‍ന്ന വലിയ പൂവായ മത്തപ്പൂ ഒരു പ്രധാന ഇനമാണ്. കുടങ്ങളിലാക്കി വളര്‍ത്തിയ മത്തങ്ങ (കുടമത്തന്‍) പിള്ളേരോണം കഴിഞ്ഞാല്‍ പിന്നെ പൊട്ടിക്കുന്നത് അത്തംനാളിലാണ്. ശര്‍ക്കരയും തേങ്ങയുമൊക്കെച്ചേര്‍ത്ത് വിളഞ്ഞുപഴുത്ത മത്തങ്ങകൊണ്ടുള്ള പായസം അത്തത്തിന് വിളമ്പും. പായസം കുറുകിയാല്‍ മഴമാറും, അയഞ്ഞാല്‍ മഴപെയ്യും (അത്തം കറുത്താല്‍ ഓണം വെളുത്തു എന്നൊരു ചൊല്ലുണ്ടല്ലോ).

തൃക്കേട്ടക്കളം കൈനീട്ടും

ഓരോ ദിവസവും രാവിലെ തലേന്നത്തെ പൂ മാറ്റി ചാണകം, ചാരമണ്ണ് ഇവചേര്‍ത്ത് പൂക്കളം 'ഫ്രഷ്' ആക്കണം. തൃക്കേട്ടനാളില്‍ നാലുദിക്കിലേക്കും കൈനീട്ടുന്ന മട്ടിലാണ് കളം മെഴുകുക. കീഴക്ക്  ചൈതന്യം, പടിഞ്ഞാറ് ശാന്തി, വടക്ക് സമ്പദ്സമൃദ്ധി, തെക്ക് ആയുരാരോഗ്യം എന്നിങ്ങനെയാണ് ഫലങ്ങള്‍.

മൂലക്കളം മൂലതിരിച്ച്

മൂലംനാളിലെ പൂക്കളം വട്ടത്തില്‍ മെഴുകിയശേഷം മൂലതിരിച്ചാണ് തയ്യാറാക്കുക. മൊത്തത്തില്‍ എട്ടുമൂലകള്‍ ഉണ്ടാവും. ആദിത്യന്‍, ഈശാനന്‍, കുബേരന്‍, വായു, വരുണന്‍, നൃതി, യമന്‍, അഗ്‌നി എന്നിങ്ങനെയാണ് എട്ടു മൂലകള്‍. അഷ്ടദിക്പാലകര്‍ക്കായിട്ടാണ് ഈ ദിവസത്തെ കളം.

കാക്കപ്പൂരാടം

തിരുവോണത്തിന് ഒരുനാള്‍ മുമ്പുള്ള പൂരാടത്തെ കരിംപൂരാടമെന്നാണ് വിളിക്കുക. അത്ര ആകര്‍ഷകമല്ലാത്ത കാക്കപ്പൂവാണ് ഈ ദിവസം പൂക്കളത്തിലെ അതിഥി. ഒപ്പം കറുകയും കാട്ടുതുളസിയും കാണും. കാക്കപ്പൂവിന്റെ സമൃദ്ധിയില്‍ വിളങ്ങുന്ന പൂക്കളങ്ങള്‍കൊണ്ട് പൂരാടം അലങ്കരിക്കപ്പെടുന്നതിനാല്‍ ഈ ദിവസത്തെ കാക്കപ്പൂരാടമെന്നു പറയുന്നു.

ഉത്രാടക്കാഴ്ച

ഉത്രാടനാള്‍ ഗുരുവായുരമ്പലത്തില്‍ കൊടിമരച്ചുവട്ടില്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ആദ്യത്തെ കുല മേല്‍ശാന്തിക്ക്. തുടര്‍ന്നുള്ളവ ഓണസദ്യയ്ക്കും ആനയൂട്ടിനും ഉപയോഗിക്കുന്നു. ഉദ്ദിഷ്ടകാര്യം നേടിയതിനുള്ള ഉപകാരസ്മരണയായിട്ടാണത്രേ ഭക്തര്‍ ഉത്രാടക്കാഴ്ച സമര്‍പ്പിക്കുന്നത്.

ഓണം വരുത്തല്‍

ഉത്രാടനാളില്‍ പൂക്കളത്തിനുമുമ്പിലായി മൂന്നു നാക്കിലകള്‍വെച്ച് അവയില്‍ നാഴി, പറ, ചങ്ങഴി എന്നിവ പ്രതിഷ്ഠിക്കുന്നു. ഇവയിലേക്ക് ഭക്ത്യാദരപൂര്‍വം നെല്ലുനിറയ്ക്കുന്നു. ആര്‍പ്പും കുരവയും ശംഖനാദവും ഒപ്പമുണ്ടാവും. ഈ നെല്ലുനിറയ്ക്കാനുള്ള അവകാശം. 'ഊരാളി'മാര്‍ക്കാണ്.

ഓണംകൊള്ളല്‍

തിരുവോണനാള്‍ രാവിലെ കളംമെഴുക്കുകഴിഞ്ഞ് നിലവിളക്കുകൊളുത്തി തൃക്കാക്കരയപ്പനെ പൂജിക്കുന്ന ചടങ്ങാണിത്. കദളിപ്പഴം, തേന്‍,  ശര്‍ക്കര ഇവകൊണ്ടുള്ള പ്രസാദം തൃക്കാക്കരയപ്പനു നിവേദിച്ച് വീട്ടുകാര്‍ക്കു വിളമ്പുന്നതോടെ ഓണംകൊള്ളല്‍ ചടങ്ങ് പൂര്‍ത്തിയായി.

ഓണവില്ല് സമര്‍പ്പണം

തിരുവോണനാള്‍ രാവിലെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ മഞ്ഞക്കടമ്പു വൃക്ഷത്തില്‍ നിര്‍മിച്ച് പഞ്ചവര്‍ണങ്ങള്‍ ചാലിച്ചുപൂശിയ എട്ടു വില്ലുകള്‍ സമര്‍പ്പിക്കുന്നു. നാലരയടി, നാലടി, മൂന്നടി നീളമുള്ള വില്ലുകളില്‍ ദേവീദേവന്മാരുടെ രൂപങ്ങള്‍ കൊത്തിയിരിക്കും (മഹാഗണിയിലും വില്ലുകള്‍ തീര്‍ക്കാറുണ്ട്).

അത്തപ്പത്ത്

തിരുവോണദിനമാണിത്. അത്തത്തിന്റെ പത്താംനാള്‍ വലിയോലക്കുടവട്ടം വലുപ്പത്തില്‍ പൂക്കളമിടുന്നു. മുമ്പിലായി നിരത്തിയ നാക്കിലയില്‍ പത്തിന്റെ പൂരമാണ്! പത്തു പൂക്കള്‍ അഥവാ ദശപുഷ്പങ്ങള്‍ (മുക്കുറ്റി, തിരുതാളി, വള്ളിയുഴിഞ്ഞ വിഷ്ണുക്രാന്തി, ചെറൂള, കയ്യൂന്നി, നിലപ്പന, കറുക, മുയല്‍ച്ചെവിയന്‍, പൂവാങ്കുറുന്നല്‍), പത്തിലകള്‍ (തഴുതാമ, ചക്രത്തകര, മണിത്തക്കാളി, പയറില, മത്തനില, അഞ്ചിലച്ചി, ഉപ്പൂഞ്ഞല്‍, ചേമ്പില, മുള്ളന്‍ചീരയില, കുടങ്ങല്‍), പത്തുനെന്‍മണി, പത്തു തേങ്ങ, പത്ത് വാഴപ്പഴം, പത്തെള്ള് ,  പത്ത് അരിമണി, പത്തുപ്പേരി, പത്തുപണം, പത്തുനൂല് എന്നിവ നിരത്തുന്നു. ആയുരാരോഗ്യസമ്പദ്സമൃദ്ധിയാണിവ സൂചിപ്പിക്കുന്നത്.

അവിട്ടക്കട്ട

തിരുവോണനാളിലെ സദ്യയില്‍ മിച്ചംവന്നവ അവിട്ടംനാള്‍ രാവിലെ ഭക്ഷണമാകുന്നു. വെള്ളത്തിലിട്ട ചോര്‍ (പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ് അവിട്ടക്കട്ട! സാമ്പാര്‍, അവിയല്‍, മറ്റു കറികള്‍ ഇവ ചെറുപാത്രങ്ങളിലാക്കി വെള്ളത്തിലിറക്കിവെക്കുന്നതിനാല്‍ ചീത്തയാവില്ല. പണ്ട് ഫ്രഡ്ജ് എന്ന സംവിധാനമില്ലല്ലോ. എല്ലാ കറികളും തൈരും മേമ്പൊടിയായി ചമ്മന്തിയും ചേര്‍ത്ത് അവിട്ടക്കട്ട പൊട്ടിക്കുന്നു (അകത്താക്കുന്നു)!

അമ്മായിയോണം

ഓണ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് തറവാട്ടില്‍ വിലസിയ അമ്മായിയെ സ്‌നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവിട്ടം നാളിലാണ്. അന്നുച്ചയ്ക്ക് അവിടെ നടക്കുന്ന ആഘോഷമാണ് അമ്മായിയോണം.

ആയില്യം, മകം

ഓണത്തിന്റെ പതിനാറാം നാളാണിത്. ഓണച്ചടങ്ങുകളുടെ പരിസമാപ്തികുറിക്കുന്നത് അന്നാണ്. 'പതിനാറാം മകം', 'ഓണത്തിന്റെ വാല്‍' എന്നൊക്കെ പേരുള്ള ഈ ദിനം നെല്‍ച്ചെടിയുടെ ജന്മദിനം കൂടിയാണ്.

ഇരുപത്തെട്ടാമോണം

തിരുവോണത്തിന്റെ ഇരുപത്തെട്ടാം നാളില്‍ വരുന്ന കണിയോണം ആണത്രേ വാലോണം, കര്‍ക്കടക ഓണം തലയോണവും. ഇരുപത്തെട്ടുകൂട്ടം വിഭവങ്ങളോടുകൂടിയ സദ്യ അന്നു നിര്‍ബന്ധമാണ്.