ഴിഞ്ഞ വര്‍ഷത്തെപ്പോലെയല്ല, കൊറോണയ്‌ക്കൊപ്പം ഓണമാഘോഷിക്കാന്‍ നമ്മള്‍ പഠിച്ചെന്നു തോന്നുന്നു. വിഷാദകാലങ്ങളായിരുന്നു കഴിഞ്ഞ ഓണക്കാലങ്ങളൊക്കെയും. പ്രളയമായും കോവിഡ് ആയുമൊക്കെ ചില മനുഷ്യരെ മാത്രമല്ല കാലം ഇല്ലാതാക്കിയത്. ഒരുപാട് പേരുടെ ജീവിതവും സ്വപ്നങ്ങളും കൂടിയാണല്ലോ. ശ്വാസകോശത്തില്‍ മാത്രമല്ല മനസ്സിലേക്കും അത് പടര്‍ന്നു . ഓണത്തിന്റെ അര്‍ത്ഥമെന്നാല്‍ ഒരുമിച്ചിരിക്കുക എന്നും കൂടിയാണ്. പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും ജീവിക്കുക എന്നതുമാണ്, അങ്ങനെ നോക്കുമ്പോള്‍  ഇതില്‍ ഏതു കാര്യമാണ് ഇത്തവണയും നടപ്പിലാക്കേണ്ടത്? മരണപ്പെട്ടാല്‍പ്പോലും അന്ത്യചുംബനം നല്‍കാനാകാതെ, ഒന്ന് കാണാന്‍ പോലുമാകാതെ യാത്ര പറയേണ്ടി വരുന്ന ശരീരങ്ങള്‍ മാത്രമായിപ്പോകുമ്പോള്‍ ഓണം എന്നത് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷത്തെയും കണക്കു പുസ്തകത്തില്‍ നിന്ന് മാഞ്ഞു പോയിരിക്കുന്നു. 

ആര്‍ക്കും വരാം, ഇപ്പോഴും വരാം എന്നത് കൊണ്ട് പരമാവധി പ്രിയപ്പെട്ടവരേ ആരെയും കാണാനാകാതെ, അടുത്തിരിക്കാനാകാതെ ഇരിക്കുമ്പോള്‍ മനസ്സില്‍ പോലും ഓണമില്ല. സന്തോഷമോ സമാധാനമോ ഇല്ല.

ഓണമാഘോഷിക്കണമെങ്കില്‍പ്പോലും എങ്ങനെയാണ് വേണ്ടത്? റേഷന്‍ കടകളില്‍ നിന്നും അടിയന്തിര ഘട്ടങ്ങളില്‍ ലഭിക്കുന്ന കിറ്റുകള്‍ മാത്രമാണ് എല്ലാ മാസത്തിലെയും പോലെ ഓണമാഘോഷിക്കാനുള്ള ഈ മാസത്തിലുമുള്ളത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയങ്ങളില്‍ ജോലി നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് ഇപ്പോഴും അത് തിരികെ കിട്ടിയിട്ടില്ല.  അതുകൊണ്ട് തന്നെ, ഈ വര്‍ഷവും ഓണത്തിന്റെ നൊസ്റ്റാള്‍ജിയ ഓര്‍മ്മകളിലൊന്നും ഉണ്ടായതേയില്ല. ഓണമാണ് എന്നത് പോലും മറന്നു പോയിട്ടുണ്ട്.

അച്ഛനും അമ്മയും വീടിന്റെ അടുത്ത് തന്നെ സുരക്ഷിതമായുണ്ട്. അതൊരു ആശ്വാസം. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട അച്ഛന്റെ ഒന്നര വര്‍ഷത്തെ പറമ്പില്‍ പണികളുടെ ആദായം പോലും നിലയ്ക്കാത്ത മഴ കൊണ്ട് പോയി. കാലം ഇതെന്തു ഭാവിച്ചാണോ ആവോ, കഴിഞ്ഞ ആറേഴ് മാസങ്ങളായി കുറഞ്ഞ ഇടവേളകളില്‍ പെയ്തുകൊണ്ടിരിക്കുന്ന മഴ ചുറ്റുമുള്ള എല്ലാത്തിനെയും ചീയിച്ചു കളയുന്നു. കാലം തെറ്റിയ ഭ്രാന്തമായ മഴ!

ടിവിയില്‍ സിനിമയുണ്ടെന്ന് തോന്നുന്നു. പക്ഷെ ഓ ടി ടി പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ സിനിമകളായത് കൊണ്ട് പുതിയ റിലീസുകളെല്ലാം കണ്ടിട്ടുണ്ട്. ആ സാധ്യതയും ഇല്ലാതാകുന്നു. അമ്മാവന്‍ ഒരു ചെമ്പ് നിറയെ കായുപ്പേരി ഉണ്ടാക്കി വച്ചിട്ടുണ്ട്, ഓണക്കാലമാണല്ലോ അങ്ങനെയൊരു കച്ചവട സാധ്യതയുള്ളത്! കാറ്ററിങ് സര്‍വീസില്‍ മറ്റെന്താണ് ഇപ്പോഴുള്ളത്? കല്യാണങ്ങളും വീട് കൂടലുമെല്ലാം ചുരുങ്ങിപ്പോയിരിക്കുന്നു.  അമ്മാവന്റെ കയ്യില്‍ നിന്ന് രണ്ട് പാക്കറ്റ് കായുപ്പേരി വാങ്ങണം, ഒരു കിലോ നെല്ലിക്കയും. മാങ്ങയും,നാരങ്ങയും വാങ്ങിയിട്ടുണ്ട് അത് അച്ചാറിടണം. പറമ്പില്‍ വാഴയിലയുള്ളതുകൊണ്ട് സദ്യയ്ക്ക് വാഴയിലയില്‍ ഊണ് വിളമ്പാം. സദ്യയൊന്നുമില്ല. സ്ഥിരമുള്ള കറികളാണെങ്കിലും ഇലയിലുണ്ടാല്‍ പിന്നെ സദ്യയായി. എത്ര മനുഷ്യര്‍ക്ക് പാത്രങ്ങളിലെങ്കിലും സാധാരണ ഊണെങ്കിലും ഉണ്ണാനാകും എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നുണ്ട്.

ഓണങ്ങളില്ലെങ്കിലും സാരമില്ല, ഈ കുടുക്കുകളില്‍ നിന്ന് എങ്ങനെയെങ്കിലും ഒന്ന് പുറത്ത് കടന്നാല്‍ മതി!

Content Highlight: Sreeparvathy Onam Memories 2021