ലയാളികള്‍ക്ക്  ഓണപ്പാട്ടുകള്‍ ഇല്ലാത്ത ഓണത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഓണം എന്ന വാക്കിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ് ഓണപ്പാട്ടുകള്‍. ഈ ഓണക്കാലത്ത് 20ല്‍ അധികം പാട്ടുകള്‍ പാടിയതും, സംഗീത സംവിധാനത്തിലേക്ക് കടക്കുന്നതിന്റേയും വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവയ്ക്കുകയാണ് ഗായകന്‍ മധു ബാലകൃഷ്ണന്‍. ഭാര്യ ദിവ്യ എഴുതിയ ഗാനം അദ്ദേഹം പ്രേക്ഷകര്‍ക്കായി ആലപിക്കുകയും ചെയ്തു.

ഇത്തവണത്തെ ഓണാഘോഷം എങ്ങനെയാണ്

ഓണാഘോഷം എന്ന് പറയാന്‍ കഴിയില്ല കാരണം കൊറോണ മഹാമാരി ഇവിടുന്ന് പോകാതെ നമുക്ക് പഴയതുപോലെ ആഘോഷിക്കാന്‍ കഴിയില്ലല്ലോ. മനസമാധാനത്തോടെയും പൂര്‍ണമായും ഒരു ഓണാഘോഷം നമുക്കാര്‍ക്കും തല്‍ക്കാലം പറ്റില്ലല്ലോ. ഇത്തവണത്തെ ഒരു പ്രത്യേകതയെന്താണെന്ന് വെച്ചാല്‍ 20ഓളം ഓണപ്പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു, ഒപ്പം ഭാര്യ എഴുതിയ ഒരു ഓണപ്പാട്ട് പാടി ഒരുമിച്ച് അഭിനയിച്ചു. 'ഐശ്വര്യ പൊന്നോണം' എന്നാണ് ആ ആല്‍ബത്തിന്റെ പേര്. അതോടൊപ്പം സഹോദരന്‍ ആരംഭിച്ച ഗുരു പ്രൊഡക്ഷന്‍സിന്റെ ഒന്ന് രണ്ട് പാട്ടുകള്‍ പാടാനായി. കൂടാതെ മറ്റ് നിരവധി ആളുകളുടെ പാട്ടുകള്‍ എന്ന നിലയില്‍ 20-ല്‍പ്പരം ഗാനങ്ങള്‍ ഈ സീസണില്‍ പാടാന്‍ കഴിഞ്ഞു.

കോവിഡ് കാലത്തിന് മുന്‍പും ശേഷവും കലാകാരന്‍മാരുടെ ഓണം

സാധാരണ ഓണം സമയങ്ങളിലും മറ്റ് ആഘോഷങ്ങളിലും ഒക്കെ നാട്ടിലുണ്ടാകാറില്ല. കലാകാരന്‍മാരെയും പ്രത്യേകിച്ച് ഗായകരേയും സംബന്ധിച്ച് വിദേശരാജ്യങ്ങളില്‍ വിവിധ പ്രോഗ്രാമുകളായിരിക്കും ഓണത്തിന്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് കാരണം വിദേശത്ത് ആയാലും നാട്ടിലായാലും ഓണാഘോഷങ്ങളുടെ ഭാഗമായുള്ള പ്രോഗ്രാമുകള്‍ നിന്നുപോയ അവസ്ഥയാണ്. ടി.വി ചാനലുകളുടെ ഓണം സ്പെഷ്യല്‍ പ്രോഗ്രാമുകളും സമൂഹമാധ്യമങ്ങളില്‍ വെര്‍ച്വലായും പരിപാടികള്‍ നടക്കുന്നുണ്ട്. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള റെക്കോര്‍ഡിങ്ങുകളെക്കുറിച്ച്

കോവിഡ് പ്രോട്ടോക്കാള്‍ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ അതുമായി സഹകരിക്കുക എന്നതാണ് പ്രധാനം. പ്രോട്ടോക്കോള്‍ ഉണ്ടാക്കിയിരിക്കുന്നത് നമ്മുടെയൊക്കെ നല്ലതിന് വേണ്ടിയാണ്, സുരക്ഷയ്ക്ക് വേണ്ടിയാണ്. പാട്ടുകള്‍ പാടാന്‍ സ്റ്റുഡിയോയില്‍ പോകുമ്പോഴുള്ള കോവിഡ് പരിശോധനകളോ പ്രോട്ടോക്കോള്‍ പാലിക്കുന്നതോ അതുകൊണ്ട് തന്നെ ബുദ്ധിമുട്ടായി തോന്നാറില്ല.

സംഗീത സംവിധാനത്തിലേക്ക്

ഏതാനം പ്രണയ ഗാനങ്ങളും ഭക്തിഗാനങ്ങളും സംഗീതം ചെയ്തു. ഒരു സിനിമയിലെ ഗാനങ്ങള്‍ക്കും ഈണം നല്‍കാന്‍ കഴിഞ്ഞു. മൈ ഡിയര്‍ മച്ചാന്‍സ് എന്ന സിനിമയ്ക്കായി എച്ച് രമേശന്‍ നായര്‍ എഴുതിയ വരികള്‍ക്കാണ് സംഗീതം നല്‍കിയത്. അദ്ദേഹം അവസാനമായി എഴുതിയ വരികള്‍ എന്ന പ്രത്യേകതയുണ്ട്. അദ്ദേഹം തന്നെ എഴുതിയ ഒരു ഗുരുവായൂരപ്പന്‍ ഭക്തിഗാനത്തിനും സംഗീതം നല്‍കാന്‍ കഴിഞ്ഞു. അതും ഉടനെ പുറത്തിറങ്ങുന്നുണ്ട്.

വിദ്യാസാഗറിനായി തമിഴിലും മലയാളത്തിലും പാടിയിട്ടുണ്ടല്ലോ, അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച്

വളരെ നല്ല സൗഹൃദമുള്ള ഒരു സംഗീതജ്ഞനാണ് വിദ്യാസാഗര്‍ജി. അദ്ദേഹം നമ്മളെക്കൊണ്ട് പാട്ടുകള്‍ പാടിക്കുന്നത് പോലും വളരെ രസകരമായിട്ടാണ്. സിങ്ങര്‍ ഫ്രണ്ട്ലി മ്യൂസിക് ഡയറക്ടറാണ് അദ്ദേഹം എന്നതാണ് പ്രത്യേകത. വളരെ ഫ്രീ ആയി പാടാന്‍ കഴിയും. കുറച്ച് വര്‍ഷങ്ങളായുള്ള പരിചയമുണ്ട് അദ്ദേഹവുമായി. ഞങ്ങള്‍ ഒരുമിച്ച് ആദ്യമായി പാടിയത് കനാ കണ്ടേനെടി തോഴീ...എന്ന ഗാനമാണ്. അത് വലിയ ഒരു ഹിറ്റായിരുന്നു.

ഏറ്റവും ചാലഞ്ചിങ് ആയി തോന്നിയ സംഗീത സംവിധായകന്‍

പാടാന്‍ ബുദ്ധിമുട്ട് തോന്നിയത് എന്ന് പറയാന്‍ കഴിയില്ല. ചില മ്യൂസിക് ഡയറക്ടര്‍മാര്‍ നമ്മളോട് വളരെ സ്ട്രിക്റ്റ് ആയിരിക്കും. അത് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ് പ്രധാനം. വെള്ളം പോലെയായിരിക്കണം ഒരു കലാകാരന്‍ പ്രത്യേകിച്ച് ഗായകര്‍. ആ രീതിയില്‍ സംഗീത സംവിധായകര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പാടുക എന്നതാണ് ചെയ്യാറുള്ളത്. ഇളയരാജ സര്‍ ഒക്കെ അക്കാര്യത്തില്‍ വളരെ കണിശക്കാരനാണ്. അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നതില്‍ നിന്ന് അണുവിട വ്യത്യാസം വരാന്‍ അനുവദിക്കില്ല. നമ്മുടേതായ ഒരു ഇമ്പ്രൊവൈസേഷന്‍ അനുവദിക്കില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് നമ്മള്‍ അത്തരത്തിലൊന്നും ചെയ്യേണ്ടതായി വരില്ല. എല്ലാം അതിലുണ്ടാകും എന്നതാണ് പ്രത്യേകത

ഭാര്യ എഴുതിയ ഗാനം ആലപിച്ച് മധു ബാലകൃഷ്ണന്‍

ഐശ്വര്യപൊന്നോണം എന്ന പേരിലിറങ്ങിയ ഓണം ആല്‍ബത്തിലാണ് ഭാര്യ ദിവ്യ എഴുതിയ ഗാനം പാടിയിരിക്കുന്നത്. ഈ ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു..

Content Highlights: Singer Madhu Balakrishnan Interview Onam