rishiraj singh
ഫോട്ടോ:സുഗീത് എസ് | മാതൃഭൂമി

രാജസ്ഥാന്‍ ബിഗാനീറിലെ പുഗല്‍  എന്ന ഗ്രാമത്തില്‍ ജനിച്ച പയ്യന്‍ കേരളത്തിലെ ചുണ്ടന്‍വള്ളങ്ങളെ കുറിച്ച് അറിയുന്നത് ക്ലാസ് മുറികളിലൂടെയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കേരളത്തില്‍ തന്നെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ചിലവഴിക്കാനായത് നിയോഗവും. ഇന്ന് അദ്ദേഹം ജൂലൈ 31ന് സംസ്ഥാന ജയില്‍ ഡി.ജി.പിയായി വിരമിച്ചു. രാജസ്ഥാനില്‍ നിന്നെത്തി മലയാളികളുടെ മനം കവര്‍ന്ന മല്ലു സിങ്ങായി: ഋഷിരാജ്  സിങ് 

ട്രെയിനിങ്ങിന്റെ സമയത്തു ഏത് കേഡര്‍ കിട്ടിയാലും പോകാന്‍ തയ്യാറായിരുന്ന  ഋഷിരാജ് സിങ്, തനിക്കു ലഭിച്ച കേരള കേഡര്‍ വളരെ സന്തോഷത്തോടെയാണ്  സ്വീകരിച്ചത്.  കേരള കേഡര്‍ അദ്ദേഹത്തിന് ഒരു ഭാരമേയായിരുന്നില്ല.  ചങ്കൂറ്റത്തോടെ  കേരളത്തിലേക്ക് ട്രെയിന്‍  കയറി ഋഷിരാജ് സിംഗ്.  ഏറെ താമസിയാതെ മലയാളികളുടെ മനം കവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഓര്‍മ്മയിലെ ആദ്യ ഓണം, വെളളിത്തിരയിലെ അധ്യാപകര്‍

1988-ല്‍ അയല്‍ക്കാരന്റെ ക്ഷണം സ്വീകരിച്ച് അതിഥിയായി പോയതാണ് ഋഷിരാജ് സിങ്ങിന്റെ ഓര്‍മ്മയിലെ  ആദ്യ  ഓണം. ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടത്തില്‍ നെടുമങ്ങാട് എ.എസ്.പി ആയിരുന്ന സമയത്താണ് ഇത്.  റോഡുകള്‍ വര്‍ണ്ണാഭമായി അലങ്കരിച്ചും മറ്റും ആരവമായി മാറിയ അന്നത്തെ ഓണാഘോഷത്തിന്റെ  പൊലിമ ഇന്നത്തെ ഓണത്തിനുണ്ടോ എന്ന് അദ്ദേഹത്തിന് സംശയമാണ്.

rishiraj singh
ഫോട്ടോ: ലത്തീഷ് പൂവ്വത്തൂര്‍ | മാതൃഭൂമി

മലയാളത്തില്‍ ഒരു അക്ഷരം പോലും പിടിയില്ലാതിരുന്ന ഋഷിരാജ് സിംഗിന് അധ്യാപകരായി മാറിയത് വെളളിത്തിരയിലെ താരങ്ങളാണ്. പ്രൊബേഷന്‍ പീരിയഡില്‍ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിനെ കൂട്ടി പോയി മലയാള ചിത്രങ്ങള്‍ കണ്ട് മലയാളം പതിയെ പഠിച്ചെടുത്തു.സത്യന്‍  മുതല്‍ ഇന്ന് പൃഥ്വിരാജ് വരെയുള്ളവര്‍ പ്രിയ താരങ്ങളാണ്. ഒരു നടനോടും ഇഷ്ടക്കൂടുതലില്ല. മലയാളത്തില്‍ എല്ലാവരും മികച്ച അഭിനയം കാഴ്ച വെക്കുന്നവര്‍ എന്ന് തന്നെയാണ് അഭിപ്രായം.

സാക്ഷരതയും ഹരിതാഭയും

സാക്ഷരതയും,സ്ത്രീകള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിലും കേരളത്തോട് ഇഷ്ടമുണ്ട്. കേരളത്തിന്റെ ഹരിതാഭയും മറ്റും ഏറെ ഇഷ്ടപെടുന്ന ഋഷിരാജ് സിംഗിന് ജനിച്ചുവളര്‍ന്ന നാടും കേരളവും ഒരേപോലെയാണ്. അതിലൊരു താരതമ്യത്തിനും ഒരുക്കമല്ല അദ്ദേഹം.  

കോവിഡിന് മുന്‍പും ശേഷവും കേരളത്തില്‍ ഓണാഘോഷത്തിന് കാതലായ മാറ്റങ്ങളുണ്ടായി. പണ്ട് ഓണക്കാലത്ത് 15 ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ക്കറ്റിലേക്ക് പോയാല്‍ കാല്‍ കുത്താനിടമുണ്ടാകില്ല. ഇന്ന് സ്ഥിതി മാറി,തിരക്കുകള്‍ ഇല്ലാതായി. കോവിഡ് കാലത്ത് ആഘോഷങ്ങള്‍ വീടുകളിലേക്ക് മാത്രമായി  ചുരുങ്ങി പോയി. 

rishiraj singh
ഫോട്ടോ:ശിവപ്രസാദ് ജി | | മാതൃഭൂമി

പി.ടി ഉഷ, അഞ്ജു ബോബി....ദി ഗോള്‍ഡന്‍ ഏജ്

സ്പോര്‍ട്സ് കമ്പക്കാരനായ ഋഷിരാജ് സിങ്ങിന്  പക്ഷെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ച് പരിഭവമുണ്ട്. രാജ്യത്തിന് മെഡലുകളില്‍ കുറവുണ്ടായി.  130 കോടി ജനങ്ങള്‍ രാജ്യത്തുണ്ട്. ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് കായിക വിനോദങ്ങളെ പഠനത്തോടൊപ്പം പിന്തുണയ്ക്കുന്നത്. പലപ്പോഴും ചെറിയ സംസ്ഥാനങ്ങളോ രാജ്യങ്ങളോ കൂടുതല്‍ മെഡല്‍ നേടുന്നു. കേരളത്തിന് അഭിമാനമായിരുന്ന പി.ടി.ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ കാലത്തേ പൊലിമ ഇന്നത്തെ മെഡല്‍ നേട്ടത്തിനില്ല.

മലയാളികളുടെ പ്രിയങ്കരനായി മാറിയ ഋഷി രാജ് സിംഗ്  വിശ്രമജീവിതം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതും കേരളത്തിലാണ്. വിശ്രമജീവിതത്തില്‍ രണ്ട് പുസ്തകങ്ങള്‍ എഴുതും.  എന്നാല്‍ സര്‍വീസുമായി ബന്ധപ്പെട്ടതാവില്ല.

 

 

 

 

Content Highlights: rishiraj singh about his onam memories