ണം എല്ലാ കാലത്തും പ്രത്യേകതകള്‍ നിറഞ്ഞതാണ്. ബാല്യകാലത്തെ ആഘോഷങ്ങളിലേക്ക്, കൂട്ടായ്മകളിലേക്ക്, നാവില്‍ രുചിയൂുന്ന വിഭവങ്ങളിലേക്ക്... അങ്ങനെ ഓണത്തെക്കുറിച്ച് വാചാലയാവുകയാണ് ടെലിവിഷന്‍-സിനിമാ താരം രശ്മി ബോബന്‍.

ഓണമെന്ന കൂട്ടായ്മ

കണ്ണൂരിലായിലായിരുന്നു എന്റെ ബാല്യകാലം. ഓണം എന്ന് പറഞ്ഞാല്‍ ഒരു വലിയ ആഘോഷമായിരുന്നു. ഓണക്കാലത്ത് ബന്ധുക്കള്‍ എല്ലാവരും ഒത്തുചേരും. ഞങ്ങള്‍ കുട്ടികളെല്ലാം ചേര്‍ന്ന് പൂക്കളമിടാന്‍ പൂക്കള്‍ തേടിപോകും. എല്ലാവരും ഒത്തൊരുമിച്ച് പൂക്കളമിടും. അടുത്തത് ഓണസദ്യയാണ്. എല്ലാവരും ഒരുമിച്ച് കൂടി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനോടൊപ്പം സദ്യ ഒരുക്കും. നാക്കിലയിട്ട് വിളമ്പി സദ്യയുണ്ണും. അതെല്ലാം മധുരമായ ഓര്‍മകളാണ്.. 

പൈസകൊടുത്തു വാങ്ങുന്ന ഓണം

ഇന്ന്കാലം മാറി. പൂക്കളും, ഓണസദ്യയുമെല്ലാം പൈസകൊടുത്ത് വാങ്ങുന്ന സാഹചര്യമാണ്. അണുകുടുംബങ്ങള്‍ ആയതോടെ ഉണ്ടായ മാറ്റമാണിത്. അതാരുടെയും കുറ്റമല്ല. ജീവിത സാഹചര്യങ്ങള്‍ മാറുന്നതോടെ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ തന്നെയായിരിക്കും എല്ലായ്‌പ്പോഴും അടുക്കളയില്‍. ഓണത്തിന് അവധിയെടുക്കാം എന്ന് അവര്‍ തീരുമാനിച്ചാല്‍ തെറ്റുപറയാനാകില്ലല്ലോ. അടുക്കളയില്‍ സ്ത്രീയും പുരുഷനും തുല്യമായി ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടാല്‍ ഓണം പൈസ കൊടുത്തു വാങ്ങേണ്ടതില്ല.

ലൊക്കേഷനിലെ ഓണം

സീരിയല്‍-സിനിമാ ഫീല്‍ഡില്‍ വന്നതിന് ശേഷം ഒന്നിലേറെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. ലൊക്കേഷനില്‍ എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നത് വലിയ സന്തോഷമാണ്. ലൊക്കേഷനുകളില്‍ എല്ലാവരും കുടുംബാംഗങ്ങളെപ്പോലെ തന്നെയാണ്. അതുകൊണ്ടു ഓണം മാത്രമല്ല. ആഘോഷിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ വിട്ടുകളയാറില്ല.

മതമില്ലാത്ത വീട്ടിലെ ഓണം

ഞാനും ഭര്‍ത്താവ് (ബോബന്‍ സാമുവല്‍) വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം ഞങ്ങള്‍ ആഘോഷിക്കും. ഇരു കുടുബാംഗങ്ങളും അതില്‍ പങ്കുചേരും. മതം ഞങ്ങളുടെ വീട്ടിലെ വിഷയമല്ല. കുട്ടികളോട് പറയാറുള്ളത്, നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ല. 

Content Highlights: Resmi Boban actor shares Onam Memories with family