പാടം പൂത്തകാലം...' എന്ന പാട്ട് നാവിലുണരും തൃശ്ശിലേരി ഓലിയാപ്പുറം ഒ.വി. ജോണ്‍സന്റെ പാടത്തെത്തിയാല്‍. പാടത്ത് പൂക്കളൊന്നുമില്ലെങ്കിലും അസലൊരു പൂക്കളമുണ്ടിവിടെ. പൂവിന്റെ മാതൃകയില്‍ ഞാറു കൊണ്ടൊരു പൂക്കളം.

ഇതളുകള്‍ക്ക് പച്ചയും ബ്രൗണും നിറം. പാഡി ആര്‍ട്ടിലൂടെ ശ്രദ്ധേയനായ ജോണ്‍സണ്‍ ഓണക്കാലമായതോടെയാണ് പാടത്ത് പൂക്കളമൊരുക്കാന്‍ തീരുമാനിച്ചത്. ഇതിനായി മൂന്നു സെന്റ് സ്ഥലം ഉഴുതു ശരിയാക്കി. പൂവിന്റെ മാതൃകയില്‍ വിത്തു വിതച്ചു. വിത്തു മുളയ്ക്കുന്നതിനനുസരിച്ച് പാടത്ത് പൂക്കളം തെളിഞ്ഞുവന്നു. ദിവസങ്ങള്‍ക്കൊണ്ട് പാടം തളിരഞ്ഞിഞ്ഞു, പൂക്കളവും. നാസര്‍ബാത്, കാഗിശാല, കാലാബാത്ത് എന്നീ ഇനം നെല്‍വില്‍ത്താണ് പൂക്കളത്തിന്റെ മാതൃകയില്‍ വിതച്ചത്. കാഗിശാലയാണ് പച്ചനിറമുള്ള ഞാറ്. 

നാസര്‍ബാതിന്റെയും കാലാബാത്തിന്റെയും ഞാറിനാണ് ബ്രൗണ്‍ നിറം. പൂക്കളത്തിന്റെ നടുവിലായി കലപ്പയേന്തി പോകുന്ന കര്‍ഷകന്റെയും തലയില്‍ കുട്ടയുമായി പോകുന്ന കര്‍ഷസ്ത്രീയുടെയും രൂപവുമുണ്ട്. സിങ്ക് ഷീറ്റ് മുറിച്ചാണ് ഈ രൂപം ഉണ്ടാക്കിയത്. ഉപജീവനത്തിനായാണ് കൃഷിയെങ്കിലും പ്രതീക്ഷകള്‍ പൂക്കുന്നതാണ് ജോണ്‍സന്റെ പാടങ്ങള്‍. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍മാറി നല്ലകാലം വരുമെന്ന ഓര്‍മപ്പെടുത്തലുമായി ജോണ്‍സണ്‍ 15 സെന്റ് വയലില്‍ കഴിഞ്ഞവര്‍ഷം ഒരുക്കിയ ദീപം ശ്രദ്ധേയമായിരുന്നു. 

ഇപ്പോള്‍ പൂക്കളമൊരുക്കിയ ഞാറ് പത്തുദിവസം കൂടി കഴിഞ്ഞാല്‍ പറിച്ചു നടാന്‍ പ്രായമാവും. ഇവ പറിച്ചു നടുമ്പോള്‍ എല്ലാ വര്‍ഷത്തെയുംപോലെ വലിയൊരു പാഡി ആര്‍ട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജോണ്‍സണ്‍. 18 വര്‍ഷത്തെ അധ്യാപന ജോലി ഉപേക്ഷിച്ചാണ് ജോണ്‍സണ്‍ കൃഷിയിലേക്കിറങ്ങിയത്. ഇപ്പോള്‍ 48 ഇനം നെല്‍വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി. 2020-ലെ മികച്ച ജൈവകര്‍ഷനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ജോണ്‍സനെ തേടിയെത്തിയിരുന്നു.

Content Highlight: Pookkalam in pady Onam 2021