‘‘മഹാബലിയുടെ വേഷത്തിൽ നാട്ടിലിറങ്ങിയാൽ ശ്രദ്ധാകേന്ദ്രം ഞങ്ങളാണ്. കുടവയറും കൊമ്പൻമീശയുമൊക്കെ എല്ലാവരും നന്നായി ആസ്വദിക്കും. തിരക്കുള്ള നഗരത്തിലൂടെ നടന്നുനീങ്ങുമ്പോൾ രാജാവിന്റെ പ്രൗഢിയാണ്’’. മുമ്പുള്ള ഓണവിശേഷങ്ങൾ പറയുകയാണ് രതീഷും സന്ദീപും. മാവേലിയുടെ വേഷത്തിൽ ജീവിതം കരുപ്പിടിപ്പിച്ച ഇരുവർക്കും ഇക്കുറി ഓണം അത്ര കളർഫുളല്ല. ഓണത്തപ്പനെ കണ്ടാൽ ഓടിയെത്താറുള്ള പ്രജകളെല്ലാം അകലംപാലിച്ച് നിൽക്കുകയാണ്. സ്നേഹംകൊണ്ടാരെങ്കിലും അടുത്തുവന്നാൽ മാസ്കിടണം. ഓലക്കുടയുമായി പുറത്തിറങ്ങിയാൽ പോലീസുപൊക്കും. പഴയ രാജാവാണെന്നൊന്നും പറഞ്ഞാൽ ഏശില്ല. പ്രോട്ടോകോൾ ലംഘനത്തിന് പിഴയടക്കേണ്ടിവരും. അതുകൊണ്ടതിനു തുനിഞ്ഞില്ല. രണ്ടുവർഷമായി പെട്ടിയിലിരുന്ന വേഷമൊക്കെ പൊടിതട്ടിയെടുത്തു. ഓണക്കാലത്ത് കാണാൻകിട്ടുന്നില്ലെന്ന് പരാതിപറഞ്ഞ മക്കൾക്കും വീട്ടുകാർക്കും കാണാൻ മാവേലിയായി. രതീഷിനും സന്ദീപിനും ഇത്തവണത്തെ ഓണം വേറിട്ട ആഘോഷമായി.

പത്തുവർഷത്തോളമായി മാവേലിയുടെ വേഷത്തിൽ തിളങ്ങിനിന്നവരാണ് മഞ്ഞാടിയിലെ രതീഷും മീനങ്ങാടിയിലെ സന്ദീപും. നാട്ടുകൂട്ടം കലാസമിതിയിലെ കലാകാരന്മാരാണിവർ. തെയ്യവും കഥകളിയും മറ്റ് അനുഷ്ഠാന കലകളുമൊക്കെ അവതരിപ്പിച്ചാണ് ജീവിച്ചിരുന്നത്. ഓണക്കാലത്ത് ഒരുമാസത്തോളം മാവേലിയുടെ വേഷത്തിൽ നാടുചുറ്റും. രണ്ടുവർഷമായി വേഷങ്ങളൊന്നുമില്ല. പക്ഷേ, ജീവിതപ്രാരബ്ധങ്ങളെ മറികടക്കാൻ രണ്ടുപേരും ഓരോ വേഷം തിരഞ്ഞെടുത്തു. രതീഷ് മരംപിടിക്കാനിറങ്ങി. സന്ദീപ് പെയിന്റിങ് തൊഴിലാളിയായി. കൊറോണ എന്താണെന്നുപോലും പിടികിട്ടാതിരുന്ന കഴിഞ്ഞവർഷം മാവേലിവേഷം പുറത്തിറക്കാൻ തോന്നിയില്ല. എല്ലാവരും കോവിഡിനൊപ്പം നടന്നുതുടങ്ങിയതോടെ ഇക്കുറി എല്ലാം പൊടിതട്ടിയെടുത്തു. പുറത്തിറങ്ങിയാൽ ആളുകൂടും. പോലീസുവരും. ആകെ പൊല്ലാപ്പാകും. അതുകൊണ്ട് വേഷഭൂഷാദികളെല്ലാമണിഞ്ഞ് രതീഷും സന്ദീപും വീട്ടുപരിസരത്തിറങ്ങി. ഈ ഓണക്കാലത്ത് അയൽപക്കത്തുള്ളവർക്ക് കാണാൻവേണ്ടിമാത്രം ഓണത്തപ്പന്മാരായി.

എല്ലാത്തരം കലകൾക്കും ലോക്കുവീണതോടെയാണ് മരംകയറ്റിറക്കിന് ഇറങ്ങിയതെന്ന് രതീഷ് പറയുന്നു. കലയായിരുന്നു ജീവിതമാർഗം. അരങ്ങുണരുന്നത് നോക്കിയിരുന്നാൽ കുടുംബം പട്ടിണിയാകും. പിന്നെയൊന്നുമാലോചിച്ചില്ല. എന്തുജോലിയും ചെയ്യാമെന്ന തീരുമാനത്തിലെത്തി. ഒരുവർഷത്തോളമായി മരംവലിക്കുന്ന ജോലിയാണ്. മരം ചുമന്ന് കറുത്ത തോളിൽ ഓലക്കുട പതിയെവെച്ച് രതീഷ് ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. നാട്ടുകൂട്ടത്തിലെ മിക്ക കലാകാരന്മാരുടെയും സ്ഥിതിയിതാണ്. എല്ലാവരും പലമേഖലയിൽ തൊഴിൽതേടിപ്പോയി. പാട്ടുകാരും വാദ്യകലാകാരന്മാരുമെല്ലാം കിട്ടിയ ജോലിയിലേക്ക് തിരിഞ്ഞു.

‘‘ഇതുകണ്ടോ... കുടവയറൊക്കെ പോയി സിക്‌സ് പാക്ക് വന്നിരിക്കുന്നു’’- വേദികളിലേക്ക് വീണ്ടുമെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരന്മാരെല്ലാം.

Content Highlight:  Onathappan Onam 2021