കോട്ടയം: അന്നൊക്കെയായിരുന്നു ഓണം....നല്ലോണംകൂടിയ ഓണം; എല്ലാ തലമുറയിലും പെട്ടവര്‍ തങ്ങളുടെ ബാല്യത്തിലെ ഓര്‍മ പങ്കുവെയ്ക്കുന്നത് ഇങ്ങനെയായിരിക്കും. ഓര്‍ക്കുക, ഇപ്പോഴത്തെ തലമുറ നാളെ ഒരു നാളില്‍ ഇന്നത്തെ ഓണത്തെക്കുറിച്ചും പറയുന്നത് അതേ വാക്കുകള്‍ തന്നെയാവും.ഓരോരുത്തരുടെ മനസ്സില്‍ പൊലിമ അവരുടെ ബാല്യത്തിലെ ഓണത്തിന് തന്നെയാവും. കൂടിച്ചേരലും കളികളും നിറഞ്ഞ ഓണക്കാലമാകും മുന്‍തലമുറയ്ക്ക് ഓര്‍മിക്കാനുണ്ടാവുക. അത്തരം ചില ഓണക്കാഴ്ചകളിലേക്ക്....

ശൗര്യംവിടാതെ ഓണത്തല്ല്

ശാരീരികശേഷിയുള്ള ആണുങ്ങളുടെ വിനോദമായിരുന്നു ഓണത്തല്ല്. പൊതുഇടത്തില്‍ കാഴ്ചക്കാര്‍ക്കു മുന്‍പില്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടും. തല്ലിന് ചിട്ടവട്ടങ്ങളുണ്ടായിരുന്നു. തലയിലോ മുഖത്തോ അടിക്കരുത്. കൈ നിവര്‍ത്തിയുള്ള തല്ല് മര്‍മസ്ഥാനങ്ങള്‍ ഒഴിവാക്കിയുള്ളതായിരുന്നു.

എന്തേ, തുമ്പീ തുള്ളാത്തൂ....

പൂവ് പോരാഞ്ഞോ, പൂക്കുല പോരാഞ്ഞോ, എന്തേ തുമ്പീ തുള്ളാത്തൂ....ഈ പാട്ട് എല്ലാവരുടെയും ചുണ്ടിലുണ്ടാവും. ഓണക്കാലത്ത് പെണ്‍കുട്ടികളുടെ വിനോദമായിരുന്ന തുമ്പിതുള്ളല്‍ എന്ന കളിയിലെ പാട്ടുകളിലൊന്നാണിത്. വൃത്തത്തിന് നടുവില്‍ പൂക്കുലപിടിച്ച് തുള്ളുന്ന പെണ്‍കുട്ടിയെ തൊട്ടുകൊണ്ട് പാട്ടുപാടി ചുറ്റിനും മറ്റുള്ളവര്‍ ചുവടുവെയ്ക്കും.

സാറ്റുകളി

കുട്ടികളുടെ ഇഷ്ടവിനോദമായിരുന്ന സാറ്റുകളി. ഒളിച്ചുകളി, പാത്തുകളി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.സാറ്റുകളിയില്‍ ആദ്യം കണ്ടുപിടിക്കപ്പെട്ടയാള്‍ എണ്ണണം.

ഗോലികളി

വട്ടുകളിയില്‍(ഗോലികളി) തോറ്റതിന്റെ വേദന മറക്കാത്തവര്‍ എല്ലാ നാട്ടിലുമുണ്ട്. പരാജിതരുടെ മുഷ്ടി ലക്ഷ്യമാക്കി വിജയി വട്ട് തെറ്റിക്കും.

ഓണം... നല്ലോണം കൂടിയ ഓണം
ഗോലികളി

കൈകൊട്ടിക്കളി

തിരുവാതിരകളിയുടെ മറ്റൊരു രൂപമായ കൈകൊട്ടിക്കളിയും ഓണത്തിന് ചില ഗ്രാമങ്ങളില്‍ സ്ത്രീകളുടെ വിനോദമായിരുന്നു.

ശണ്ഠയേറ്

ക്രിക്കറ്റിന്റെയും അതിനോട് സാമ്യമുള്ള കുട്ടിയും കോലും കളിയോടും സാമ്യമുള്ള ശണ്ഠയേറ് ആണ്‍കുട്ടികളുടെ ഓണവിനോദമായിരുന്നു. രണ്ടുസംഘമായി തിരിഞ്ഞുള്ള ഈ കളിക്ക് ചില നാടുകളില്‍ കല്ലടുക്കിക്കളി, ഏറുപന്തുകളി എന്നിങ്ങനെ പേരുകളുണ്ട്.

ഉയരേ ഊഞ്ഞാല്‍മൈതാനത്തോ പറമ്പിലോ ഏറ്റവും ഉയരമുള്ള മരത്തിലെ ഏറ്റവും മുകളിലെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടുന്നതായിരുന്നു ചെറുപ്പക്കാരുടെ ഹരം.

വേലന്‍പാട്ടും നോക്കുപാവ വിദ്യയും

ചില പ്രദേശങ്ങളില്‍ വീടുകള്‍ തോറും ഓണദിനങ്ങളില്‍ അവതരിപ്പിച്ചിരുന്ന കലകളായിരുന്നു വേലന്‍പാട്ടും നോക്കുപാവ വിദ്യയും.